ഹൃദയസംബന്ധമായ അസുഖങ്ങള്‍, ഞരമ്പുകള്‍ക്ക് നാശം സംഭവിച്ചുള്ള ന്യൂറോപ്പതി, കാലിലേക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തുന്ന ഇസ്കീമിയ, ഉണങ്ങാത്ത മുറിവുകള്‍, അണുബാധ എന്നിവയ്ക്കുള്ള സാധ്യതകളും കൂട്ടുന്നു. അന്ധത, ഹൃദയസംബന്ധമായ അസുഖങ്ങള്‍, വൃക്കകളുടെ സ്തംഭനം, കാലുകള്‍ മുറിച്ചുകളയുക എന്നിവയ്ക്കും കാരണമാകുന്നു. മൂന്നിലൊന്ന് പ്രമേഹരോഗികളിലും ഡയബറ്റിക് ന്യൂറോപ്പതി എന്ന പ്രമേഹത്തിന്റെ സങ്കീര്ണ്ണതകളിലൊന്നായ കാഴ്ചക്കുള്ള തടസവും അന്ധതയും ഉണ്ടാകുന്നു.
ഈ വര്‍ഷത്തെ പ്രമേഹദിനത്തിന്റെ സന്ദേശം 'ഐസ് ഓണ്‍ ഡയബറ്റിസ്' ആണ്. രണ്ടിലൊരാള്‍ ടൈപ്പ് 2 പ്രമേഹമെന്ന് തിരിച്ചറിയപ്പെടാതെ ദീര്‍ഘകാലം കഴിച്ചുകൂട്ടുന്നു. ഇത് സങ്കീര്‍ണ്ണതകള്‍ രൂപപ്പെടുന്നതിനും പ്രമേഹം തിരിച്ചറിയപ്പെടാതെ ഗണ്യമായ രീതിയില്‍ വൈകല്യങ്ങള്‍ക്കും നേരത്തെയുള്ള മരണത്തിനും കാരണമാകുന്നു. താമസിച്ച് രോഗം നിര്‍ണ്ണയിക്കപ്പെട്ട ധാരാളം ആളുകളില്‍ ടൈപ്പ് 2 പ്രമേഹത്തിന്റെ സങ്കീര്‍ണ്ണതകള്‍ ഏതെങ്കിലുമൊന്ന് കണ്ടെത്തിയിട്ടുണ്ടാകും. കൃത്യമായ രോഗപരിശോധനയിലൂടെ രോഗനിര്‍ണ്ണയം നേരത്തെയാക്കുന്നതിനും ചികിത്സ തുടങ്ങുന്നതിനും ഗുരുതരമായ സങ്കീര്‍ണ്ണതകളുടെ അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
പ്രമേഹത്തിന് മുമ്പുള്ള അവസ്ഥയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്ന നിലയിലായിരിക്കുന്നത് ഒരു സൂചനയാണ്. ഇത് സാധാരണനിലയിലും ഉയര്‍ന്നതാണെങ്കിലും പ്രമേഹരോഗികളില്‍ കാണുന്ന അത്രയും ഉയര്‍ന്നതായിരിക്കില്ല. യഥാസമയം കണ്ടെത്തുന്നതും നിയന്ത്രണവും പ്രമേഹത്തിന്റെ നിലയിലേയ്ക്ക് എത്താതിരിക്കാന്‍ സഹായിക്കും. കൃത്യമായ ആരോഗ്യപരിശോധനകള്‍ ഈ അവസ്ഥ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.
ചെറിയ ചില രക്തപരിശോധനകളിലൂടെ പ്രമേഹം ഉണ്ടോ എന്ന് കണ്ടെത്താം. ഇത് രാവിലെ വെറുംവയറ്റിലുള്ളതും ഇടയ്ക്കിടെയുള്ളതും ഭക്ഷണത്തിനുശേഷമുള്ളതുമായ രക്തപരിശോധന, എച്ച്ബിഎ1സി പരിശോധന എന്നിവ ഇതിലുള്‍പ്പെടുന്നു. ഇതില്‍ രാവിലെ വെറുംവയറ്റിലുള്ളതും ഇടയ്ക്കിടെയുളളതും ഭക്ഷണത്തിനുശേഷമുള്ളതുമായ പരിശോധനകള്‍ രക്തത്തിലെ നിലവിലുള്ള പഞ്ചസാരയുടെ അളവ് അറിയാന്‍ സഹായിക്കും. എച്ച്ബിഎ1സി മൂന്നുമാസത്തെ കാലയളവിലുള്ള രക്തത്തിലെ പ്ലാസ്മ ഗ്ലൂക്കോസിന്റെ അളവ് കാണിക്കുന്നു.
ഏതുതരം പ്രമേഹം ആണെന്നതും രക്തത്തിലെ ഗ്ലൂക്കോസിന്റെ നിലയും അനുസരിച്ചാണ് പ്രമേഹത്തിന്റെ ചികിത്സ തീരുമാനിക്കുന്നത്. കൃത്യമായ ചികിത്സയോടൊപ്പം വ്യായാമവും അനുയോജ്യമായ ഭക്ഷണക്രമവും ഉള്‍പ്പെടുന്ന ആരോഗ്യകരമായ ജീവിതശൈലിയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും അങ്ങനെ പ്രമേഹത്തിന്റെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാനും സഹായിക്കും. ആരോഗ്യകരമായ ജീവിതശൈലി അനുവര്‍ത്തിച്ചാല്‍ 50 ശതമാനത്തോളം ടൈപ്പ് 2 പ്രമേഹരോഗികളിലും രോഗം വരുന്നത് ഒഴിവാക്കുകയോ താമസിപ്പിക്കുകയോ ചെയ്യാവുന്നതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നോക്കുകയും ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യേണ്ടതാണ്. ഡയബറ്റിക് റെറ്റിനോപ്പതി നേരത്തെ തിരിച്ചറിയുന്നതും സമയത്തുതന്നെ ചികിത്സിക്കുകയും ചെയ്യുന്നത് കാഴ്ച നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. പ്രമേഹം കൃത്യമായി കൈകാര്യം ചെയ്യുന്നതിലൂടെയും പ്രമേഹസംബന്ധമായ കണ്ണുപരിശോധനകളിലൂടെയും കാഴ്ചക്ക് തടസമുണ്ടാകുന്നതും അന്ധത ഉണ്ടാകുന്നതും തടയാനാകും.
അതിനാല്‍ പ്രമേഹത്തിനുള്ള പരിശോധനകള്‍ നടത്തുമെന്ന് തീരുമാനമെടുക്കുകയും പ്രമേഹം നമ്മളെ തകര്‍ക്കുന്നതിനുമുമ്പ് ഈ നിശബ്ദകൊലയാളിയ്ക്കെതിരെ നമുക്ക് സമരം നടത്തുകയും ചെയ്യാം.