Breaking News

Trending right now:
Description
 
Nov 14, 2016

നാളത്തെ കടയടപ്പ്‌ സമരം പിന്‍വലിച്ചു

image സംസ്ഥാനത്ത്‌ നോട്ട്‌ പ്രതിസന്ധിയെ തുടര്‍ന്ന്‌ ചൊവ്വാഴ്‌ച മുതല്‍ നടത്താനിരുന്ന കടയടപ്പ്‌ സമരം പിന്‍വലിച്ചതായി വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന ധനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ പുതിയ തീരുമാനം. നോട്ട്‌ പ്രതിസന്ധി പരിഹരിക്കുമെന്നു ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കി. 500, 1000 രൂപ റദ്ദാക്കിയപ്പോള്‍ പകരമായി പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെറിയ തുകയുടെ നോട്ടുകള്‍ ലഭ്യമാക്കുകയോ ചെയ്യാതിരുന്നത്‌ വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈമാസം 15ന്‌ അടയ്‌ക്കേണ്ട പല ലൈസന്‍സ്‌ ഫീസുകളും കച്ചവടമാന്ദ്യം തുടരുന്നതിനാല്‍ അടയ്‌ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ചര്‍ച്ചയില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഈമാസം അഡ്വാന്‍സ്‌ ടാക്‌സ്‌ അടച്ചു സാധനങ്ങള്‍ കൊണ്ടുവരാനും സാധിക്കില്ല. വിപണിയില്‍നിന്നു പിന്‍വലിച്ച നോട്ടുകള്‍ കണ്ടെത്താനെന്ന പേരില്‍ കടകളില്‍ നികുതി വകുപ്പു നടത്തുന്ന റെയ്‌ഡും വ്യാപാരി വ്യവസായി ഏകോപന സമിതിയെ പ്രകോപിപ്പിച്ചിരുന്നു. ഇപ്പോഴത്തെ സ്ഥിതി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഭാരവാഹികള്‍ കത്തുകള്‍ അയച്ചിട്ടുണ്ട്‌.