Nov 12, 2016
നോട്ടുമാറല്‍: ഒരാള്‍ കുഴഞ്ഞുവീണും വീട്ടമ്മ ലോറിയിടിച്ചും മരിച്ചു; മറ്റൊരാളെ മരിച്ചനിലയില്‍ കണ്ടെത്തി
ഹരിപ്പാട് ഭാഗത്ത് നോട്ടുമാറിമാങ്ങാന് ബാങ്കിലെ ക്യൂവില്‍നിന്ന വൃദ്ധന്
കുഴഞ്ഞുവീണു മരിച്ചു. ഹരിപ്പാട് കുമാരപുരം തകിടിയില്‍ തെക്കേതില്‍
കാര്ത്തികേയന് (72) ആണ് മരിച്ചത്. എസ്ബിടി ഡാണാപ്പടി ശാഖയ്ക്കു
മുമ്പിലായിരുന്നു സംഭവം. ഇന്നലെ രാവിലെ മുതല്‍ ബാങ്കിനു മുമ്പില്‍ വന്‍
തിരക്കായിരുന്നു. ക്യൂവില്‍നിന്ന കാര്ത്തികേയന് കുഴഞ്ഞുവീണതോടെ സമീപത്തെ
സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തലശേരിയില്‍ ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ വന്ന കണ്ണൂര്‍ പിലാത്തിയില്
കുഞ്ഞിപ്പറമ്പത്ത് കെ.കെ.ഉണ്ണിയെ (48) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കെഎസ്ഇബി പിണറായി സെക്ഷന്‍ ഓഫിസിലെ ജീവനക്കാരനാണ്. ഒരാഴ്ച മുമ്പ്
ഉണ്ണി അഞ്ചരലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഈ പണം ബാങ്കില്‍
നിക്ഷേപിക്കാന്‍ പോയതാണെന്നു പറയുന്നു. ബാങ്കിന്റെ തലശേരിശാഖ
പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാംനിലയില്നിന്നാണ് ഉണ്ണി
വീണത്. കൈവശമുണ്ടായിരുന്ന ബാഗില്‍ ഉണ്ടായിരുന്ന രൂപ നഷ്ടപ്പെട്ടില്ല.
ആയിരം രൂപയുടെ നോട്ട് ബാങ്കില്‍ മാറിയെടുക്കാനുള്ള യാത്രക്കിടെ വീട്ടമ്മ
ലോറി ഇടിച്ചു മരിച്ച സംഭവവും ഉണ്ടായി. അങ്കമാലി പീച്ചാനിക്കാട്
ചാക്കരപ്പറമ്പ് തുരുത്ത് കൊരട്ടിക്കുന്നേല്‍ ജോഷിയുടെ ഭാര്യ സുജ (40)
ആണ് മരിച്ചത്. ബാങ്കിലേക്കുള്ള യാത്രക്കിടെ റോഡ്
മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിവാഹ വാര്‍ഷികത്തിനു
ഭര്‍ത്താവിനു സമ്മാനംവാങ്ങുന്നതിന് എത്തിയതായിരുന്നു സുജ.