Breaking News

Trending right now:
Description
 
Nov 06, 2016

ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ മദര്‍ മേരി ലിറ്റി അന്തരിച്ചു

image ദൈവപരിപാലനയുടെ ചെറിയ ദാസികളള്‍ (എല്‍എസ്‌ഡിപി) സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും മുന്‍ മദര്‍ ജനറാളുമായ ഡോ.മേരി ലിറ്റി (81) അന്തരിച്ചു. ശനിയാഴ്‌ച പുലര്‍ച്ചെ തിരുവല്ല കുന്നന്താനം ദൈവപരിപാലന ഭവനം മഠത്തിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്‌ച രാവിലെ 9.30ന്‌ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്കുശേഷം ജനറലേറ്റ്‌ ഹൗസിനോടു ചേര്‍ന്നുള്ള സെമിത്തേരിയില്‍. ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിക്കും. രോഗബാധിതയായി ചികിത്സയിലായിരുന്നു ഡോ.മേരി ലിറ്റി. കാരുണ്യ പ്രവര്‍ത്തക, വചനപ്രഘോഷക എന്നീ നിലകളില്‍ പ്രശസ്‌തയായിരുന്നു. 1978 ജനുവരി 17നു കുന്നന്താനത്തു ഓലമേഞ്ഞ ചെറിയ വാടകവീട്ടില്‍ ആരംഭിച്ച സേവനയാത്രയാണു ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ സമൂഹമായി വളര്‍ന്നത്‌. വഴിയോരത്തും ആശുപത്രികളിലുമായി രോഗത്തോടു മല്ലടിച്ചു നിരാലംബരായി കഴിയുന്നവര്‍ക്കും വൈകല്യങ്ങളോടെ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ക്കും സിസ്‌റ്റര്‍ മേരി ലിറ്റി അഭയമായി തീര്‍ന്നു. ഇപ്പോള്‍ 16 കേന്ദ്രങ്ങളിലും തമിഴ്‌നാട്ടിലെ തക്കലയിലും ഉത്തരാഖണ്ഡിലെ ബിജിനോറിലും ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ദൈവപരിപാലനയുടെ ചെറിയദാസികള്‍ സേവനം നടക്കുന്നുണ്ട്‌. കോതമംഗലം രാമല്ലൂരില്‍ ഓലിയപ്പുറം വീട്ടില്‍ ഒ.പി.ജോസഫിന്റെയും ബ്രിജീത്തയുടെയും ഇളയമകളായിട്ടാണ്‌ മേരി ലിറ്റിയുടെ ജനനം. കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ശിശുക്ഷേമ അവാര്‍ഡ്‌, അമേരിക്കന്‍ മലയാളിസംഘടനയുടെ അമലാ അവാര്‍ഡ്‌ ഉള്‍പ്പെടെ വിവിധ പുരസ്‌കാരങ്ങള്‍ മദറിനു ലഭിച്ചിട്ടുണ്ട്‌.