Breaking News

Trending right now:
Description
 
Nov 03, 2016

ജിഷ വധക്കേസ്‌: സാക്ഷിവിസ്‌താരം മാറ്റിവച്ചു; മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി

image പെരുമ്പാവൂര്‍ ജിഷ വധക്കേസിന്റെ സാക്ഷിവിസ്‌താരം ഡിസംബര്‍ അഞ്ചിലേക്ക്‌ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി മാറ്റി. കേസില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലെ വിവരങ്ങള്‍ ലഭ്യമല്ലെന്നും അതു മനസിലാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ടു പ്രതിഭാഗം സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ്‌ സാക്ഷിവിസ്‌താരം മാറ്റിയത്‌. സാക്ഷിവിസ്‌താരം തുടങ്ങുംമുമ്പ്‌ ജിഷയുടെ പിതാവും പ്രതി അമീറുള്‍ ഇസ്ലാമും സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി പരിഗണിച്ചു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടാണ്‌ ജിഷയുടെ പിതാവ്‌ പാപ്പുവിന്റെ ഹര്‍ജി. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ വസ്‌തുതാപരമല്ലെന്നും ശാസ്‌ത്രീയ തെളിവുകള്‍ അപൂര്‍വമാണെന്നുമാണ്‌ ഹര്‍ജിയില്‍ പറയുന്നത്‌. പാപ്പുവിന്റെ ഹര്‍ജിയില്‍ 10നു കോടതി വിധിപറയും. അതേസമയം, കേസിന്റെ വിചാരണ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ സ്‌ത്രീകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കോടതിയില്‍നിന്നു ഇറക്കിവിട്ടു. മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ കയറ്റില്ലെന്നും റിപ്പോര്‍ട്ട്‌ ചെയ്യാന്‍ സമ്മതിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കുകയും ചെയ്‌തു. ജഡ്‌ജി ആവശ്യപ്പെട്ടാല്‍ ഇറങ്ങിപ്പോകാമെന്നു മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞത്‌ അഭിഭാഷകരെ ചൊടിപ്പിച്ചു. ഇവിടെ ജഡ്‌ജിയല്ല, ഞങ്ങളാണ്‌ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നു പറഞ്ഞു അഭിഭാഷകര്‍ കയര്‍ത്തു സംസാരിച്ചു. കോടതിവരാന്തയില്‍പോലും നില്‍ക്കാന്‍ അനുവദിക്കില്ലെന്നവാശിയിലായിരുന്നു അഭിഭാഷകര്‍. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തെ തുടര്‍ന്ന്‌ കോടതി നടപടികള്‍ മുക്കാല്‍ മണിക്കൂറോളം തടസപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ മുഴുവന്‍ പുറത്തുപോയശേഷമാണ്‌ കോടതി നടപടികള്‍ പുനരാരംഭിച്ചത്‌.