Breaking News

Trending right now:
Description
 
Nov 03, 2016

ടിപ്പര്‍ലോറി ഇടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരിയായ അധ്യാപിക മരിച്ചു

image കോട്ടയത്ത്‌ അതിരമ്പുഴ എംജി സര്‍വകലാശാലയ്‌ക്കു മുമ്പില്‍ ടിപ്പര്‍ലോറിയിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരിയായ അധ്യാപിക മരിച്ചു. മാന്നാനം കല്ലുവെട്ടാംകുഴി (മൂത്തേടത്ത്‌) മാത്യു ജോര്‍ജിന്റെ ഭാര്യ ലീന ചാക്കോ (42) ആണ്‌ മരിച്ചത്‌. ബുധനാഴ്‌ച രാവിലെ എട്ടുമണിയോടെയാണ്‌ അപകടം. ഭര്‍ത്താവ്‌ മാത്യു ജോര്‍ജിനൊപ്പം കട്ടച്ചിറ മേരിമൗണ്ട്‌ പബ്ലിക്‌ സ്‌കൂളിലേക്ക്‌ പോവുകയായിരുന്നു ലീന. സര്‍വകലാശാലയ്‌ക്കു സമീപം വേഗ നിയന്ത്രണത്തിനായി സ്ഥാപിച്ചിട്ടുള്ള ഹംപില്‍ കയറും മുമ്പ്‌ സ്‌കൂട്ടറിന്റെ വേഗം മാത്യു ജോര്‍ജ്‌ കുറച്ചിരുന്നു. പിന്നാലെയുണ്ടായിരുന്ന ലോറി വന്ന വേഗത്തില്‍ ഹംപില്‍കയറുന്നതിനിടെയാണ്‌ സ്‌കൂട്ടറില്‍ ഇടിച്ചത്‌. ഇരുവരും സ്‌കൂട്ടറിന്റെ രണ്ടുവശങ്ങളിലേക്ക്‌ വീണു. ലീന ലോറിക്കടിയിലേക്കാണ്‌ വീണത്‌. ലോറി വയറിന്റെ ഭാഗത്തുകൂടി കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ചു ലീന മരിച്ചു. വീഴ്‌ചയില്‍ മാത്യു ജോര്‍ജിന്‌ നിസാര പരുക്കേറ്റു. ലോറി ഡ്രൈവര്‍ പാലാ കുടുക്കച്ചിറ സ്വദേശി റെനിയെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. അപകടകരമായ ഡ്രൈവിങ്ങിനും മനപൂര്‍വമല്ലാത്ത നരഹത്യയ്‌ക്കുമാണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌.