Breaking News

Trending right now:
Description
 
Jan 11, 2013

താരാട്ട്‌ പാട്ടിനെ അംഗീകരിച്ചതില്‍ ആഹ്ലാദമുണ്ടെന്ന്‌ ബോംബെ ജയശ്രീ

image താരാട്ടുപാട്ടിനെ ഓസ്‌കര്‍ പുരസ്‌കാരത്തിന്‌ പരിഗണിച്ചതില്‍ ഏറെ ആഹ്ലാദമുണ്ടെന്നു കര്‍ണാടക സംഗീതജ്ഞ ബോം ബെ ജയശ്രീ പറഞ്ഞു. ഇത്തവണ ഓസ്‌കര്‍ പുരസ്‌കാരത്തിന്‌ നാമനിര്‍ദേശം ലഭിച്ചിരിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഏക വ്യക്തിയാണ്‌ ബോംബെ ജയശ്രീ. ലൈഫ്‌ ഓഫ്‌ പൈ എന്ന ചിത്രത്തിലെ തമിഴ്‌ താരാട്ടു പാട്ടിലൂടെയാണ്‌ ജയശ്രീ അക്കാദമി പുരസ്‌കാരത്തിന്റെ തൊട്ടടുത്തെത്തിയിരിക്കുന്നത്‌. ആങ്‌ ലി സംവിധാനം ചെയ്‌ത ചിത്രത്തിലാണ്‌ ജയശ്രീ ആലപിച്ച താരാട്ടുപാട്ട്‌. ഈ തമിഴ്‌ഗാനം രചിച്ചതും ജയശ്രീ തന്നെയാണ്‌. സംഗീതസംവിധാനം നിര്‍വഹിച്ച മൈക്കള്‍ ഡാനെയും ഓസ്‌കര്‍ നാമനിര്‍ദേശപട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്‌ട്‌. സുഹൃത്തുക്കളില്‍ ചിലരുടെ സന്ദേശം ലഭിച്ചപ്പോഴാണ്‌ ഓസ്‌കര്‍ നോമിനേഷനെക്കുറിച്ച്‌ അറിയുന്നതെന്ന്‌ ഗായിക വിശദീകരിച്ചു. ഇത്തരമൊരു ബഹുമതി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഇന്ത്യന്‍ സംഗീതത്തിനു സന്തോഷ നിമിഷങ്ങളാണ്‌ ഈ അംഗീകാരം സമ്മാനിക്കുന്നതെന്നും അവര്‍ പറഞ്ഞു. കര്‍ണാടകസംഗീതത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ബോംബെ ജയശ്രീ ചലച്ചിത്ര പിന്നണിഗാനരംഗത്തും ശ്രദ്ധേയയാണ്‌. എം.എസ്‌. വിശ്വനാഥന്‍, ഇളയരാജ, എ.ആര്‍. റഹ്‌മാന്‍, ഹാരിസ്‌ ജയ്‌രാജ്‌, ശങ്കര്‍ എഹ്‌സാന്‍ ലോയ്‌ എന്നിവര്‍ക്കൊപ്പം നിരവധി ചിത്രങ്ങള്‍ അവര്‍ സഹകരിച്ചു. സംഗീതമേഖലയില്‍ സജീവമായി തുടരുമെന്നും ബോംബെ ജയശ്രീ പറഞ്ഞു.