Breaking News

Trending right now:
Description
 
Oct 29, 2016

ടോം ജോസ്‌ 1.91 കോടിയുടെ അധിക സ്വത്തു സമ്പാദിച്ചതായി വിജിലന്‍സ്‌

image തൊഴില്‍ അഡീഷനല്‍ ചീഫ്‌ സെക്രട്ടറി ടോം ജോസിന്റെ വീടുകളിലും സെക്രട്ടറിയേറ്റ്‌ ഓഫിസിലും വിജിലന്‍സ്‌ നടത്തിയ റെയ്‌ഡില്‍ അനധികൃത സ്വത്തു സമ്പാദിച്ചുവെന്നു വിജിലന്‍സ്‌ കണ്ടെത്തി. 2010 ജനുവരി മുതല്‍ 2016 സെപ്‌റ്റംബര്‍വരെയുള്ള കാലയളവില്‍ കണക്കില്‍പ്പെടാത്ത 1.91 കോടി രൂപ വിലമതിക്കുന്ന അധികസ്വത്തു സമ്പാദിച്ചെന്നാണ്‌ വിജിലന്‍സ്‌ കണ്ടെത്തിയിട്ടുള്ളത്‌. യഥാര്‍ഥ വരുമാനത്തെക്കാള്‍ 62.35 ശതമാനം കൂടുതല്‍ തുക ഈ കാലയളവില്‍ സമ്പാദിച്ചുവെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്‌. 2010 മുതല്‍ 2016 സെപ്‌റ്റംബര്‍വരെയുള്ള കാലയളവില്‍ 2.39 കോടി രൂപ ടോം ജോസ്‌ സമ്പാദിച്ചിരുന്നു. 72.20 ലക്ഷം രൂപ ചെലവഴിച്ചു. ശേഷിക്കുന്ന 1.91 കോടിരൂപ വരുമാനത്തില്‍ കവിഞ്ഞ സ്വത്താണെന്നാണ്‌ മൂവാറ്റുപുഴ വിജിലന്‍സ്‌ ജഡ്‌ജി പി.രാമചന്ദ്രന്‍ മുമ്പാകെ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്‌. ടോം ജോസിന്റെ സുഹൃത്തും പ്രവാസിയുമായ പാലാ രാമപുരം വെള്ളിലാപ്പള്ളി സ്വദേശി അനിറ്റ ജോസുമായുള്ള സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍നിന്നു വിജിലന്‍സ്‌ പിടിച്ചെടുത്തിട്ടുണ്ട്‌. തിരുവനന്തപുരത്തെ ഫ്‌ളാറ്റ്‌ കൂടാതെ കൊച്ചിയിലെ വീട്ടിലും സെക്രട്ടറിയേറ്റ്‌ ഓഫിസിലും പാലായില്‍ സുഹൃത്തിന്റെ വീട്ടിലും വിജിലന്‍സ്‌ മണിക്കൂറുകളോളം നീണ്ട റെയ്‌ഡ്‌ നടത്തിയിരുന്നു. തനിക്കെതിരായ വിജിലന്‍സ്‌ നടപടി ഗൂഢാലോചനയുടെ ഭാഗമാണെന്നു ടോം ജോസ്‌ ആരോപിച്ചു. ഒന്നിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതി നല്‍കിയ പരാതിയാണ്‌ ഇപ്പോഴത്തെ അ്‌ന്വേഷണമെന്നു ടോം ജോസ്‌ വ്യക്തമാക്കി.