Breaking News

Trending right now:
Description
 
Oct 24, 2016

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അടിസ്ഥാനരഹിതമായ നോട്ടീസ് റദ്ദാക്കണമെന്നു ഹൈക്കോടതിയില്‍ ഹര്‍ജി

image
ആലപ്പുഴ യംഗ് മെന്‍സ് ക്രിസ്ത്യന്‍ അസോസിയേഷന്‍ (വൈ.എം.സിഎ) സെക്രട്ടറി ജോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് ഷാജി പി. ചാലി പരിഗണിച്ചത്.

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2010 ഒക്ടോബര്‍ ആറിലെ സര്‍ക്കുലര്‍ പ്രകാരം ആലപ്പുഴ വൈ.എം.സി.എ നടത്തുന്ന ടേബിള്‍ ടെന്നിസ് അക്കാഡമിക്കു ഗ്രാന്റ് അനുമതി നല്കിയിരുന്നു. ആ സര്‍ക്കുലര്‍ അനുസരിച്ചാണ് ആനുകൂല്യങ്ങളും നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുള്ളത്. 'ഡേ ബോര്‍ഡിംഗ് സ്‌കീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കു പരിശീലന ദിനങ്ങളില്‍ 15 രൂപ അനുവദിച്ചു നല്കുന്നതാണ്' എന്നുമാത്രമാണ് ആനുകൂല്യങ്ങളില്‍ സൂചന. തുക ഏതു രീതിയില്‍ കുട്ടികള്‍ക്കു കൈമാറണമെന്നു നിബന്ധനയില്ലായിരുന്നു. സ്‌കീം അനുവദിച്ചിട്ടുള്ള സെന്ററുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനു ഒരു മോണിറ്ററിംഗ് കമ്മിറ്റിയേയും ചുമതലപ്പെടുത്തിയിരുന്നു.

എന്നാല്‍ 2010 ഡിസംബര്‍ മുതല്‍ അനുവദിച്ച ഗ്രാന്റ് തുക കായിക താരങ്ങള്‍ക്കായി ചെലവഴിക്കാതെ തിരിമറി നടത്തി എന്ന സൂചനയുള്ള ആരോപണത്തിന്മേലാണ് ഗ്രാന്റ് നിര്‍ത്തലാക്കുന്നതിനു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് വൈ.എം.സി.എയുടെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായി തീരുമാനം കൈക്കൊണ്ടതെന്നു ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

അക്കാഡമിക്കു നല്കാത്ത തുകയും കൈമാറിയതായി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കത്തിലുണ്ട്. ചെക്ക് നല്കിയ തീയതികളിലും പിശകു കാണുന്നുണ്ട്. 2010 ഡിസംബര്‍ മുതല്‍ 2014 ഡിസംബര്‍ വരെയുള്ള കാലയളവില്‍ 3,75,850 രൂപ മാത്രമാണ് യഥാര്‍ഥത്തില്‍ ലഭിച്ചിട്ടുള്ളത് എന്നിരിക്കെ 2015 ഓഗസ്റ്റ് വരെ 4,57,325 രൂപ നല്കിയിട്ടുണ്ടെന്നാണ് തെറ്റായ കണക്കു നല്കിയിട്ടുള്ളത്. ഇത് തികച്ചും തെറ്റാണെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. വ്യത്യാസം 81,475 രൂപയുണ്ട്.

ഗ്രാന്റ് വിനിയോഗം സംബന്ധിച്ച് വിവരങ്ങള്‍ നല്കണമെന്ന കൗണ്‍സില്‍ ജില്ലാ സെക്രട്ടറിയുടെ 2016 ഫെബ്രുവരി രണ്ടിലെ കത്തു പ്രകാരം വിശദവിവരങ്ങള്‍ 17-നു വൈ.എം.സി.എ നല്കിയിരുന്നു. 2011-15-ലെ ഡേ ബോര്‍ഡിംഗ് സ്‌കീം പ്രവര്‍ത്തന റിപ്പോര്‍ട്ട്, ഗ്രാന്റ് വിനിയോഗ റിപ്പോര്‍ട്ട്, ധനവിനിയോഗ സര്‍ട്ടിഫിക്കറ്റ്, ഗ്രാന്റ് ചെക്ക് കളക്ഷന്‍ റിപ്പോര്‍ട്ട് എന്നിവ വിശദ വിവരങ്ങളോടെയാണ് സമര്‍പ്പിച്ചത്.

കൗണ്‍സില്‍ നിയോഗിച്ചിട്ടുള്ള മോണിറ്ററിംഗ് കമ്മിറ്റി സ്ഥിരമായി 2010 മുതല്‍ സെന്ററിന്റെ പ്രവര്‍ത്തനം അഞ്ചു വര്‍ഷം തുടര്‍ച്ചയായും കര്‍ശനമായും അവലോകനം നടത്തി വിലയിരുത്തുന്നുണ്ടായിരുന്നു. കൂടാതെ കൗണ്‍സില്‍ നിയോഗിച്ച കോച്ചും അക്കാഡമിയില്‍ മേല്‍നോട്ടം നടത്തിയിരുന്നു. എന്നാല്‍ ജില്ലാ സെക്രട്ടറി 2016 ജനുവരിയില്‍ മാത്രമാണ് പ്രവര്‍ത്തനം ശരിയല്ലെന്നു ആരോപിച്ചു റിപ്പോര്‍ട്ട് നല്കിയത്. തുക വകമാറ്റിയാണ് മാസം തോറും ചെലവഴിച്ചിരുന്നതെങ്കില്‍ അഞ്ചു വര്‍ഷം മുന്‍പ് തുടക്കത്തില്‍ തന്നെ കൗണ്‍സിലിനു കണ്ടെത്താമായിരുന്നു.

ഗ്രാന്റ് തുകയടക്കമുള്ള പണം കുട്ടികളുടെ കോച്ചിംഗിനായും കളിയുടെ ഉന്നമനത്തിനായും ചെലവഴിച്ചു കഴിഞ്ഞ കാര്യം വൈ.എം.സി.എ വിശദീകരിച്ചു. എന്നിരുന്നാലും പരാതി ഒഴിവാക്കാനും ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനും തുക പൂര്‍ണമായി വൈ.എം.സി.എ വിദ്യാര്‍ഥികള്‍ക്കു പണമായി നല്കിയിരുന്നു. ഗ്രാന്റായി ലഭിച്ച പണമടക്കമുള്ള തുക ശമ്പള രൂപത്തിലും മറ്റും കോച്ചുമാര്‍ക്കു നല്കിക്കഴിഞ്ഞിരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കു തിരിച്ചുകൊടുക്കാന്‍ ചെലവായ തുക ഇരട്ടിപ്പാണെങ്കിലും അതു വൈ.എം.സി.എ ഫണ്ടില്‍ നിന്നു ലഭ്യമാക്കുകയായിരുന്നു.

യഥാര്‍ഥത്തില്‍ ഫീസ് വരവിനേക്കാള്‍ മൂന്നിരട്ടിയിലേറെയാണ് ടേബിള്‍ ടെന്നീസ് അക്കാഡമിയുടെ ചെലവുകള്‍. മൂന്നു കോച്ചുമാര്‍ക്കു തന്നെ മൊത്തം 60,000 രൂപയായിരുന്നു മാസശമ്പളം. കൂടുതല്‍ വരുന്ന തുക വൈ.എം.സി.എ സംഭാവനകളിലൂടെയും മറ്റുമാണ് കണ്ടെത്തുന്നത്. മികവോടെ കായികരംഗത്തെ അന്താരാഷ്ട്ര നിലവാരത്തില്‍ നിലനിര്‍ത്താനാണ് വൈ.എം.സി.എയുടെ പ്രതിജ്ഞാബദ്ധമായ ഈ നിലപാട്. സ്വന്തമായി ശേഖരിക്കുന്ന പണം ഉപയോഗിച്ച് ആലപ്പുഴയില്‍ വേറെ ഒരു അക്കാഡമിയും ഇങ്ങനെ കായിക വികസനത്തിനായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്നും ഹര്‍ജിയില്‍ എടുത്തുകാട്ടുന്നു.

കായിക താരങ്ങള്‍ക്കു ഭക്ഷണം നല്കിയിട്ടില്ല എന്ന ആരോപണത്തിലും വൈ.എം.സി.എ വിശദീകരണം നല്കിയിട്ടുണ്ട്. അഞ്ചു വയസു തൊട്ടുള്ള നൂറിലേറെ കുട്ടികള്‍ ഒരുമിച്ചു പരിശീലിക്കുന്നയിടത്ത്, അതില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌കീമിലുള്ള ചെറിയവിഭാഗം കുട്ടികള്‍ക്കു മാത്രം ദിവസവും എന്തെങ്കിലും ഭക്ഷണം പരിശീലനത്തോടനുബന്ധിച്ചു വേര്‍തിരിച്ചു നല്കുന്നത്് എന്തിന്റെ പേരിലായാലും അനുചിതവും അസൗകര്യവുമാണെന്നു മാതാപിതാക്കളുടെ പൊതു അഭിപ്രായം മാനിച്ചാണ് അവരുടെ സമ്മതത്തോടെ കോച്ചിംഗിനായി ഗ്രാന്റ് തുക വിനിയോഗിച്ചത്.

ഹര്‍ജിക്കാരനു വേണ്ടി അഡ്വ. ബെന്നി പി. തോമസ് ഹാജരായി. കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ആലപ്പുഴ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ചീഫ് സെക്രട്ടറി എന്നിവരാണ് എതിര്‍കക്ഷികള്‍.