Breaking News

Trending right now:
Description
 
Oct 24, 2016

മാലിന്യമേറുകാരെ പിടികൂടാനായി പോലീസ് ഡോഗ് സ്‌ക്വാഡിനു രൂപം നല്കണം: കോള്‍ഫ്

image ആലപ്പുഴ: മാലിന്യമേറുകാരെ പിടികൂടാനായി നായ്ക്കള്‍ക്കു പരിശീലനം നല്കി പ്രത്യേക പോലീസ് ഡോഗ് സ്‌ക്വാഡിനു രൂപം നല്കണമെന്നു സംസ്ഥാന പോലീസ് മേധാവിയോട് സിറ്റിസണ്‍സ് ഓപ്പണ്‍ ലീഗല്‍ ഫോറം (കോള്‍ഫ്) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അഭ്യര്‍ഥിച്ചു.

കേരളത്തില്‍ ഉടനീളം റോഡുകള്‍ ഉള്‍പ്പടെയുള്ള പൊതുയിടങ്ങളിലേക്ക് മാലിന്യങ്ങളും ചപ്പുചവറുകളും വലിച്ചെറിയുന്നത് വ്യാപകമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ മാലിന്യ ശേഖരണ, സംഭരണ, സംസ്‌ക്കരണ സംവിധാനങ്ങള്‍ ഒരുക്കാത്തതാണ് ഇതിനു കാരണമെങ്കിലും ജനങ്ങളുടെ ആരോഗ്യം നിലനിര്‍ത്താനും വ്യാധികള്‍ പടരാതിരിക്കാനും തെരുവുനായ്ശല്യം അവസാനിപ്പിക്കാനും വഴിവക്കിലേക്കുള്ള മാലിന്യമേറ് അവസാനിപ്പിക്കേണ്ടതുണ്ട്.

നിയമവിരുദ്ധമായി ജൈവ, അജൈവ മാലിന്യങ്ങളെറിയുന്ന കുറ്റവാളികളെ പിടികൂടാനോ തടയാനോ ഫലപ്രദമായ നടപടികള്‍ നിലവിലില്ല. പോലീസ് നായ്ക്കളെ ഉപയോഗിച്ച് മറ്റു ക്രിമിനല്‍ കുറ്റവാളികളെ മണത്തു കണ്ടെത്തി പിടികൂടുന്നതു പോലെ മാലിന്യമേറുകാരെയും പിടിക്കാനാകുമോ എന്നു മുന്‍പു പല പ്രാവശ്യം ആരാഞ്ഞിട്ടുണ്ടെങ്കിലും മറുപടി ലഭ്യമായിട്ടില്ല. പ്രത്യേക ആവശ്യങ്ങള്‍ക്കു വേണ്ടി ട്രാക്കര്‍, സ്‌നിഫര്‍ തുടങ്ങിയ രീതികളില്‍ നായ്ക്കള്‍ക്കു പരിശീലനം നല്കുന്നതിനാല്‍ മറ്റു കാര്യങ്ങള്‍ക്കു ഉപയോഗിക്കാനാകില്ലെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

എന്നാല്‍ മാറിയ പരിസ്ഥിതിയില്‍ തെരുവുനായ്ക്കളെ പുനഃരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി കേരള പോലീസ് നായ്ക്കള്‍ക്കു പരിശീലനം നല്കി കേസ് അന്വേഷണത്തില്‍ പോലീസിനെ സഹായിക്കാനും പോലീസ് സ്‌റ്റേഷന്‍ കാവലിനായും നിയോഗിക്കുമെന്നുള്ള വാര്‍ത്തകള്‍ സ്വാഗതാര്‍ഹമാണ്. സെക്രട്ടറിയേറ്റ് സുരക്ഷയ്ക്കായി തെരുവു നായ്ക്കളെ ഉപയോഗപ്പെടുത്തണമെന്നു ശിപാര്‍ശ നല്കിയതായുള്ള (പിന്നീടത് അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കിയെങ്കിലും) വാര്‍ത്തയ്ക്കും സാധ്യതകള്‍ കാണുന്നുണ്ട്. തെരുവുനായ്ക്കളെ കൊല്ലാന്‍ അനുവദിക്കാത്തതിനാലും കൊല്ലുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതിനാലും ഇത്തരം പുനഃരധിവാസ നടപടികള്‍ക്കു അവസരമുണ്ട്.: കോള്‍ഫ് എടുത്തുകാട്ടി.