Breaking News

Trending right now:
Description
 
Oct 24, 2016

ആവശ്യമായ വിവരങ്ങളും രേഖകളും നല്കാതെ വിവരാവകാശ നിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു

image ആലപ്പുഴ: ആവശ്യമായ വിവരങ്ങളും രേഖകളും നല്കാതെ വിവരാവകാശ നിയമം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ശ്രമിക്കുന്നതു തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നു അധികൃതരോട് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) ആവശ്യപ്പെട്ടു.

വിവരാവകാശ അപേക്ഷയ്ക്കു വിവരങ്ങള്‍ ഒന്നും നല്കാതെ 'ഉന്നയിച്ച ചോദ്യാവലിയിലെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും വ്യാഖ്യാനങ്ങള്‍ നല്കുന്നതിനും വിവരാവകാശ നിയമത്തില്‍ വ്യവസ്ഥയില്ല എന്ന വിവരം അറിയിക്കുന്നു' എന്നു മറുപടി നല്കി ഒഴിയുകയാണ് പല പബഌക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരും. എന്നാല്‍ അടുത്ത വരിയില്‍ 'ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള വിവരങ്ങളും രേഖകളും ഈ ഓഫീസില്‍ നേരിട്ട് ഹാജരായി ലഭ്യമായ രേഖകള്‍ പരിശോധിച്ച് ഫോട്ടോകോപ്പി ഫീസടച്ച് കൈപ്പറ്റാവുന്നതാണ്' എന്നും കാണാം. ഇതു തികച്ചും വിരോധാഭാസവും അപേക്ഷകരെ അകറ്റാനുള്ള ഏര്‍പ്പാടുമാണ്. അകലെയുള്ള ഓഫീസുകളില്‍ പോയി ആവശ്യമായ രേഖകള്‍ സ്വയം കണ്ടെത്തുന്നതു അപ്രായോഗികമാണ്. കൂടാതെ, ഓഫീസിലുള്ളവര്‍ എടുത്തു നല്കുന്ന രേഖകള്‍ മാത്രമേ പരിശോധിക്കാന്‍ അവസരം ലഭിക്കുകയുമുള്ളു. ആവശ്യക്കാര്‍ പിന്നെ അപ്പലേറ്റ് അഥോറിറ്റിക്കും സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷനും മറ്റും അപ്പീല്‍ നല്കി സമയവും പണവും പാഴാക്കണം. 

നിയമം പ്രാബല്യത്തിലായ കാലത്ത് അപേക്ഷകളില്‍ എല്ലാം പത്തു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ചാല്‍ മതിയായിരുന്നു. അതു പൊതുജനങ്ങള്‍ക്കു സൗകര്യപ്രദവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓരോ സ്ഥാപനങ്ങള്‍ക്കും ഓരോ രീതിയിലാണ് ഈ ഫീസ് നല്‌കേണ്ടത്. ഡിമാന്‍ഡ് ഡ്രാഫ്റ്റും പോസ്റ്റല്‍ ഓര്‍ഡറും ചെല്ലാനും മറ്റുമാണ് ആവശ്യപ്പെടുന്നത്. പത്തു രൂപയുടെ ഡ്രാഫ്റ്റ് എടുക്കാന്‍ അതിന്റെ അഞ്ചിരട്ടി കമ്മീഷന്‍ കൊടുക്കണം. സാധാരണക്കാര്‍ക്കു തുക അടയ്‌ക്കേണ്ട വ്യത്യസ്ഥരീതികളെക്കുറിച്ചു വ്യക്തതയില്ല. തുക നല്കുന്ന രീതി മാറിപ്പോയാല്‍ അപേക്ഷ പരിഗണിക്കാതെ തിരിച്ചയക്കും. അതു അപേക്ഷകനെ അറിയിക്കുന്നതിനു പോസ്റ്റല്‍ ചാര്‍ജ് അടക്കം നല്ല തുകയും സമയവും സര്‍ക്കാര്‍ ചെലവഴിക്കേണ്ടിവരും.

വിവരാവകാശ നിയമ നടപടികള്‍ ഏറ്റവും ലളിതമാക്കി പ്രായോഗിക തലത്തില്‍ എത്തിക്കണമെന്നു ടി.ആര്‍.എ കൂട്ടിച്ചേര്‍ത്തു.