Breaking News

Trending right now:
Description
 
Oct 24, 2016

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗാധാര ഫീസ് വര്‍ധനവ് പൂര്‍വസ്ഥിതിയിലാക്കണം: ടി.ആര്‍.എ

image ആലപ്പുഴ: കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗാധാരങ്ങള്‍ക്കു മുദ്രപത്ര വില, രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങിയവ വന്‍തോതില്‍ അന്യായമായി വര്‍ധിപ്പിച്ചതു മൂലം വ്യാപകമായി ഉയര്‍ന്നു വന്നിട്ടുള്ള ആക്ഷേപത്തിന്റ അടിസ്ഥാനത്തില്‍ വര്‍ധനവ് പിന്‍വലിച്ചു പൂര്‍വസ്ഥിതിയിലാക്കാന്‍ കേരള നിയമസഭയുടെ ഇപ്പോള്‍ നടന്നു വരുന്ന രണ്ടാം സമ്മേളനത്തില്‍ തന്നെ നടപടി സ്വീകരിക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു. വിഷയം അനിശ്ചിതത്വത്തിലാക്കിയിടരുത്. ഭാഗപത്രം ഉള്‍പ്പടെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള പണമിടപാട് ഇല്ലാത്ത വസ്തു കൈമാറ്റത്തിനു വരെയാണ് അമിതമായി തുക വര്‍ധിപ്പിച്ചത്.

വില, ഫീസ് വര്‍ധനവ് പിന്‍വലിക്കുവാന്‍ അടിന്തര നടപടി സ്വീകരിക്കുമോ എന്നുള്ള എം.എല്‍.എമാരായ പി.ടി.തോമസ്, റോജി എം. ജോണ്‍, എ.പി.അനില്‍കുമാര്‍, എം വിന്‍സെന്റ് എന്നിവര്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തില്‍ നിന്നു രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി.സുധാകരന്‍ കൈയൊഴിഞ്ഞിരിക്കുകയാണ്. നിയമസഭയിലാണ് വര്‍ധനവ് വരുത്തിയതെന്നും അതിനാല്‍ നിയമസഭയിലേ പുനഃപരിശോധിക്കാന്‍ കഴിയൂ എന്നു ധനകാര്യ വകുപ്പു മന്ത്രി ഡോ.ടി.എം.തോമസ് ഐസക് പ്രഖ്യാപിച്ചിട്ടുണ്ടെന്നുമാണ് രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രിയുടെ നിലപാട്. ബജറ്റില്‍ പ്രഖ്യാപിച്ച വന്‍തോതിലുള്ള വര്‍ധനവ് 2016 ജൂലൈ 18 മുതലാണ് നടപ്പിലാക്കിയിട്ടുള്ളത്.

സാമ്പത്തിക നീതിദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ നിരക്കു വര്‍ധന ന്യായീകരിക്കാമെന്ന തൊടുന്യായം ചൂണ്ടിക്കാട്ടി കേരള സര്‍ക്കാര്‍ പുതുക്കിയ ബജറ്റ് പ്രസംഗം 2016-17-ല്‍ ധനകാര്യ വകുപ്പു മന്ത്രി ഭൂമി കൈമാറ്റത്തിനുള്ള മുദ്രവില, രജിസ്‌ട്രേഷന്‍ ഫീ നിരക്കുകള്‍ അയുക്തമായി കുത്തനെ വര്‍ധിപ്പിച്ചപ്പോള്‍ തന്നെ ടി.ആര്‍.എ എതിര്‍ത്തിരുന്നു. 

ചെലവു വളരെ ഏറുന്നതിനാല്‍ വസ്തു ഇടപാടുകളില്‍ സാധാരണ ജനങ്ങളെ പ്രതികൂലമായി വന്‍തോതില്‍ ബാധിക്കുന്നതിനാലാണിത്. ജീവിതകാലം മുഴുവന്‍ അധ്വാനിച്ചു അതിന്റെ പ്രതിഫലം സ്വരുക്കൂട്ടി അല്പം ഭൂമി വാങ്ങുന്നവര്‍ക്കും മറ്റും വലിയ തിരിച്ചടിയാണ് ബജറ്റ് നല്കുന്നതെന്നും എടുത്തുകാട്ടിയിരുന്നു. നികുതി പിരിക്കുന്നത് സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാകരുത്. ഇതേസമയം, വന്‍കിട വ്യവസായികളുടെ എല്ലാവിധ നികുതി കുടിശികകളും പിരിച്ചു ഖജനാവിനു മുതല്‍ക്കൂട്ടാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 

ബജറ്റിനെത്തുടര്‍ന്നു കേരളമെമ്പാടും പ്രതിഷേധം അലയടിച്ചപ്പോള്‍ ഭാഗപത്ര നിരക്കു കുറയ്ക്കുമെന്നു ധനകാര്യ വകുപ്പു മന്ത്രി പ്രഖ്യാപിച്ചുവെങ്കിലും വര്‍ധനവു നടപ്പാക്കി പിരിവു തുടങ്ങുകയായിരുന്നു. വാഗ്ദാനലംഘനമായിരുന്നു അത്. ഓഗസ്റ്റ് 31 വരെ 98,76,308 രൂപയാണ് അധികമായി പിരിച്ചെടുത്തിട്ടുള്ള തുക.