Breaking News

Trending right now:
Description
 
Oct 24, 2016

ഒളിമ്പിക്‌സ്: പദ്ധതിയില്‍ ടേബിള്‍ ടെന്നിസ് ഉള്‍പ്പെടുത്തണമെന്നു ടി.ആര്‍.എ.ടി.ടി ക്ലബ്

image ആലപ്പുഴ: ഒളിമ്പിക്‌സ് മെഡല്‍ നേടുന്നതിനു താരങ്ങളെ പ്രാപ്തരാക്കുന്നതിനുള്ള കേരള സര്‍ക്കാര്‍ പദ്ധതിയില്‍ ടേബിള്‍ ടെന്നിസ് ഉള്‍പ്പെടുത്തണമെന്നു സ്‌പോര്‍ട്‌സ് വകുപ്പു മന്ത്രി ഇ.പി.ജയരാജനോട് ടി.ആര്‍.എ.ടി.ടി ക്ലബ് പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അഭ്യര്‍ഥിച്ചു.

പതിനാലാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ 2016 ഒക്ടോബര്‍ നാലിനു ഒരു ചോദ്യത്തിനു നല്കിയ മറുപടിയില്‍ ഒളിമ്പിക്‌സ് മെഡല്‍ നേടുന്നതിനു താരങ്ങളെ പ്രാപ്തരാക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചു വിശദീകരിച്ചിരുന്നു. സ്‌കൂള്‍ തലത്തില്‍ തന്നെ കായികപ്രതിഭകളെ കണ്ടെത്തി ആവശ്യമായ പരിശീലനവും പ്രോത്സാഹനവും നല്കി ഒളിമ്പിക്‌സില്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ പാകത്തില്‍ മികച്ച കായിക താരങ്ങളാക്കി മാറ്റുന്നതിന് പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണ് എന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്.

2020, 2024 വര്‍ഷങ്ങളില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ കേരളീയ താരങ്ങളെ മെഡല്‍ നേടുന്നതിനു പര്യാപ്തമാക്കുന്നത് ലക്ഷ്യമിട്ടുള്ള എലൈറ്റ് ട്രെയിനിംഗ് പദ്ധതികള്‍ ആരംഭിച്ചതായി മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി തയാറാക്കിയതില്‍ നിലവില്‍ ടേബിള്‍ ടെന്നിസിനെ ഉള്‍പ്പെടുത്തിയിട്ടില്ല, അത്‌ലറ്റിക്‌സ്, വോളിബോള്‍, സ്വിമ്മിംഗ്, ഫെന്‍സിംഗ് എന്നീ കായികയിനങ്ങളിലാണ് ട്രെയിനിംഗ് പദ്ധതികള്‍.

നിയമസഭയില്‍ നല്കിയ സൂചന പ്രകാരം കേരളത്തിലെ മികച്ച കായിക പ്രതിഭകളെ കണ്ടെത്തി അവരെ ഏഷ്യന്‍, കോമണ്‍വെല്‍ത്ത്, ഒളിമ്പിക്‌സ് എന്നീ രാജ്യാന്തര കായിക മത്സരങ്ങളില്‍ മെഡല്‍സാധ്യത ഉറപ്പാക്കുന്ന രീതിയില്‍ വാര്‍ത്തെടുക്കുക എന്നതാണ് ഐലൈറ്റ് സ്‌കീമിലിലൂടെ ലക്ഷ്യമിടുന്നത്. വിദേശ പരിശീലകന്റെ കീഴില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള കായിക സൗകര്യങ്ങളും പരിശീലനവും താമസവും ഭക്ഷണവും മറ്റ് ഉന്നത നിലവാരത്തിലുള്ള അനുബന്ധ സൗകര്യങ്ങളും പദ്ധതിയില്‍ കായിക താരങ്ങള്‍ക്കു ലഭ്യമാക്കി വരുന്നതിനാല്‍ അതില്‍ ടേബിള്‍ ടെന്നിസിനെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് അഭ്യര്‍ഥിച്ചിട്ടുള്ളത്.