Breaking News

Trending right now:
Description
 
Oct 24, 2016

പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ തയാറാകണം: ടി.ആര്‍.എ

image ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കരിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങള്‍ വേഗത്തിലും ഫലപ്രദമായും നടപ്പിലാക്കാന്‍ മുനിസിപ്പാലിറ്റി തയാറാകണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.

പ്ലാസ്റ്റിക് ചവറുകള്‍ വലിച്ചെറിഞ്ഞു വഴിയില്‍ വിതറാതെയിരിക്കാന്‍ മുനിസിപ്പാലിറ്റിയാണ് നടപടി സ്വീകരിക്കേണ്ടത്. മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ ഖരമാലിന്യ നിര്‍മാര്‍ജന ചട്ടങ്ങള്‍ പ്രകാരം വേര്‍തിരിക്കുകയും അവ ശേഖരിച്ചു സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ അവര്‍ ഏര്‍പ്പെടുത്തിയ ഏജന്‍സികള്‍ക്കോ കൈമാറുകയും ചെയ്യേണ്ടതുണ്ട്. വര്‍ഷം തോറും വിശദമായ റിപ്പോര്‍ട്ട് ചട്ടപ്രകാരമുള്ള ഫോമില്‍ മുനിസിപ്പാലിറ്റി നല്‌കേണ്ടതുമാണ്.

ഇതിനുള്ള ആവശ്യവും കൃത്യവുമായ നടപടികള്‍ സ്വീകരിക്കാതെ ചട്ടങ്ങളെക്കുറിച്ചു പരസ്യം ചെയ്ത ശേഷം കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവാദിത്വത്തില്‍ നിന്നു ഒളിച്ചോടുകയാണ്. 2016 മാര്‍ച്ച് 18-നാണ് പരിഷ്‌കരിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങള്‍ നിലവില്‍ വന്നത്. ഇതേസമയം, റോഡുവക്കുകളില്‍ കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യത്തിനു കുറവില്ലതാനും. മാസങ്ങള്‍ കഴിയുന്തോറും മാലിന്യപ്രശ്‌നങ്ങള്‍ ആരോഗ്യത്തിനു കൂടുതല്‍ ഭീഷണിയാകുന്നതു തടയാന്‍ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങള്‍ വേഗത്തിലും ഫലപ്രദമായും നടപ്പിലാക്കാന്‍ തീര്‍ച്ചയായും മുനിസിപ്പാലിറ്റിക്കു ബാധ്യതയുണ്ടെന്നു ടി.ആര്‍.എ ചൂണ്ടിക്കാട്ടി.