Breaking News

Trending right now:
Description
 
Oct 24, 2016

അനധികൃത നിര്‍മ്മിതികള്‍ നീക്കം ചെയ്യുന്നതിനു മോഡറേറ്ററെ നിയമിക്കണം: ടി.ആര്‍.എ

image ആലപ്പുഴ: കേരളത്തിലെ റോഡിലെ അനധികൃത നിര്‍മ്മിതികള്‍ നീക്കം ചെയ്യുന്നതിനു നേതൃത്വം നല്കുന്നതിനായി മോഡറേറ്ററെ നിയമിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ വിശദമായ നിവേദനം നല്കി.

കേരളത്തിലെ ഗതാഗതക്കുരുക്കുകളുടെയും വാഹനാപകടങ്ങളുടെയും മുഖ്യകാരണങ്ങളിലൊന്ന് റോഡിലെയും നടപ്പാതയിലെയും അനധികൃത നിര്‍മ്മിതികളാണ്. സ്വതേ വീതി കുറഞ്ഞ റോഡുകളുടെ പാര്‍ശ്വങ്ങളില്‍ ഇത്തരത്തിലുള്ള പ്രതിബന്ധങ്ങള്‍ കുറച്ചൊന്നുമല്ല തലവേദനയുണ്ടാക്കുന്നത്.

കേരള സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന വാഹനങ്ങളുടെ എണ്ണത്തിന് അനുസൃതമായി വീതി കൂട്ടി റോഡുകള്‍ വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ അതിനു തടസ്സമാകുന്ന വിധത്തില്‍ വഴിവക്കിലും റോഡുപുറമ്പോക്കിലും പാതകള്‍ക്ക് കുറുകേയുമുള്ള അനധികൃത നിര്‍മിതികള്‍ നീക്കം ചെയ്യാന്‍ ഫലപ്രദവും ശക്തവും നിലനില്ക്കുന്നതുമായ സംവിധാനങ്ങള്‍ പൊതുതാത്പര്യത്തെ കണക്കിലെടുത്ത് ഏര്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് അഭ്യര്‍ഥിച്ചിരിക്കുന്നത്.

ഭൂമി കൈയേറി സ്തൂപങ്ങള്‍, സ്തംഭങ്ങള്‍, കമാനങ്ങള്‍, ബോര്‍ഡുകള്‍, കൊടിമരങ്ങള്‍, തൂണുകള്‍, കാണിക്കവഞ്ചികള്‍, നേര്‍ച്ചപ്പെട്ടികള്‍, ശിലകള്‍, ആല്‍ത്തറകള്‍, കുരിശടികള്‍, സ്മാരകങ്ങള്‍, ശില്പങ്ങള്‍, പ്രതിമകള്‍, കബറുകള്‍ തുടങ്ങിയവ അനധികൃതമായി നിര്‍മ്മിക്കുകയും അഥവാ സ്ഥാപിക്കുകയും അനുമതിയില്ലാതെ അവ നിലനിര്‍ത്തുകയും ചെയ്യുന്നത് സംസ്ഥാനത്ത് വ്യാപകമാണ്. വിവിധ സംഘടനകളും മതവിഭാഗങ്ങളുമാണ് മുഖ്യമായും ഇവയ്ക്കു പിന്നിലുള്ളത്. അക്കൂട്ടര്‍ സംഘടിതരായതിനാല്‍ നിയമവിരുദ്ധവും അപകടകാരണങ്ങളുമായ അവ ഒരിക്കലും നീക്കം ചെയ്യപ്പെടുന്നില്ല. ഇതോടൊപ്പം വന്‍തോതിലുള്ള ഒരു നിയന്ത്രണവുമില്ലാതെയുള്ള അനധികൃത വഴിവാണിഭവും പ്രശ്‌നം ഗുരുതരമാക്കുന്നു.

ഈ വിഷയം സംബന്ധിച്ച് 2005 മുതല്‍ കേരള മുഖ്യമന്ത്രിയ്ക്കും മറ്റും അയച്ച കത്തുകള്‍ക്കും ഓര്‍മ്മപ്പെടുത്തല്‍ കുറിപ്പുകള്‍ക്കും മറുപടി ലഭിച്ചിട്ടില്ല. 

ഇതേസമയം, ഒരു കേസിലെ രാജ്യത്താകമാനം ബാധകമായ സുപ്രീം കോടതി ഉത്തരവു പ്രകാരം റോഡുവക്കില്‍ തടസ്സമായി നില്ക്കുന്ന ക്ഷേത്രങ്ങള്‍ ഉള്‍പ്പടെയുള്ള നിര്‍മിതികള്‍ പല സംസ്ഥാനങ്ങളിലും പൊളിച്ചുനീക്കപ്പെട്ടുകഴിഞ്ഞു. 2010 മുതല്‍ വ്യാപകമായി ഈ നടപടി സ്വീകരിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലാകട്ടെ ഇതിനായുള്ള നടപടികള്‍ ഗൗരവപൂര്‍വം സ്വീകരിച്ചിട്ടില്ല. ഗതാഗതത്തിനു തടസ്സമുണ്ടാക്കി ആര്‍ക്കും എവിടേയും കൈയേറി എന്തും ചെയ്തു നിലനില്ക്കാമെന്ന സന്ദേശമാണ് അത് നല്കുക. 

നാടിന്റെ ധമനികളായ റോഡുകളില്‍ തടസ്സമായുള്ള എല്ലാം നീക്കം ചെയ്തു വാഹനഗതാഗതവും കാല്‍നടയാത്രയും സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ്് ആവശ്യം. വാഹന, കാല്‍നട യാത്രക്കാരുടെ അവകാശമാണ് ഇങ്ങനെ സംരക്ഷിക്കപ്പെടേണ്ടത്. പ്രത്യേകിച്ച് അംഗപരിമിതരുടെയും അന്ധരുടെയും സൈ്വര്യമായ സഞ്ചാരത്തിനും ഇത്തരത്തില്‍ തടസ്സമില്ലാത്ത മാര്‍ഗം ഒരുക്കേണ്ടിയിരിക്കുന്നു.