Breaking News

Trending right now:
Description
 
Oct 24, 2016

ഇടറോഡുകള്‍ക്കു ആവശ്യമായ മാറ്റങ്ങള്‍ ഉറപ്പാക്കുമെന്നു മുനിസിപ്പല്‍ ചെയര്‍മാന്‍

image ആലപ്പുഴ: പട്ടണത്തിലെ ഇടറോഡുകള്‍ പുനഃനിര്‍മ്മിക്കുമ്പോഴും ടാര്‍ ചെയ്യുമ്പോഴും അതാതു പ്രദേശത്തെ റസിഡന്റ്‌സ് അസോസിയേഷനുകളെ മുന്‍കൂട്ടി വിവരം അറിയിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ആവശ്യമായ മാറ്റങ്ങള്‍ ഉറപ്പാക്കുമെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് വ്യക്തമാക്കി. നിലവില്‍ കരാര്‍ നല്കി പണി തുടങ്ങുമ്പോള്‍ മാത്രമേ നാട്ടുകാര്‍ വിവരം അറിയാറുളളു. അപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഇടപെടാനോ ഭേദഗതികള്‍ വരുത്താനോ സാധ്യമാകില്ല.

തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍, ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ഉറപ്പു നല്കിയത്. ഇതു സംബന്ധിച്ച വിശദമായ നിവേദനം നേരത്തേ സമര്‍പ്പിച്ചിരുന്നു. 

റോഡു പുതുക്കുമ്പോഴും അറ്റകുറ്റപ്പണികള്‍ നടത്തുമ്പോഴും ആ വിവരം കരാര്‍ നല്കുന്നതിനുള്ള ദര്‍ഘാസ് പരസ്യം നല്കുന്നതിനു മുന്‍പു തന്നെ റസിഡന്റ്‌സ് അസോസിയേഷനുകളുമായി കൂടിയാലോചിക്കണമെന്നു ടി.ആര്‍.എ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന കാര്യമാണ്. റോഡു കുത്തിപ്പൊളിച്ചു ചെയ്യേണ്ട അത്യാവശ്യം ഭൂഗര്‍ഭ കേബിള്‍, പെപ്പ് സ്ഥാപിക്കല്‍ റോഡുപണിക്കു മുന്നോടിയായി പൂര്‍ത്തിയാക്കുക, ചെറിയ റോഡുകളുടെ ഇരുവശവുമുള്ള മതിലുകള്‍ ചേര്‍ത്തു ടാറിട്ട് പുല്ലു വളരുന്നതും മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടുന്നതുമായ അല്പസ്ഥലവും അവസ്ഥയും ഒഴിവാക്കുക, വെള്ളമൊഴുകി പോകുന്നതിനു വാഹനങ്ങള്‍ക്കു കയറിയിറങ്ങാന്‍ ബുദ്ധിമുട്ടില്ലാത്ത ചെറുപാത്തികളും (ഐറിഷ് ഡ്രെയിന്‍) കാണകളിലേക്കുള്ള ബന്ധവും ഉറപ്പാക്കുക, ഗതാഗതം സുഗമമാക്കാന്‍ റോഡിനു കുറുകെയുള്ള എല്ലാ മുഴകളും ചാലുകളും നീക്കം ചെയ്ത് ആവശ്യമായ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുക, റോഡുകളുടെ വശങ്ങളില്‍ പൊങ്ങിയും താഴ്ന്നും കിടക്കുന്നയിടങ്ങള്‍ സമനിരപ്പാക്കുക, റോഡിലെ പൊക്ക-താഴ്ചകള്‍ വെള്ളമൊഴുകിപ്പോകും വിധം ക്രമീകരിക്കുക, മഴക്കാലത്ത് സദാ വെള്ളം കെട്ടിക്കിടക്കുകയും തകരുകയും ചെയ്യുന്ന റോഡുകള്‍ മുന്‍കൂട്ടി മാര്‍ക്ക് ചെയ്ത് നന്നാക്കുക, റോഡുവശങ്ങളിലെ സ്ഥിര ചരക്ക് സംഭരണം നിരോധിക്കുക, മണ്ണിടവഴികളില്‍ ടൈല്‍ പാകുക തുടങ്ങിയ ആവശ്യങ്ങളാണ് വര്‍ഷങ്ങളായി മുന്നോട്ടുവച്ചുകൊണ്ടിരിക്കുന്നത്.

ചര്‍ച്ചയില്‍ ടി.ആര്‍.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.ജെ.ജോര്‍ജ്, ബെന്‍സി പോള്‍ എന്നിവരും പങ്കെടുത്തു.