Breaking News

Trending right now:
Description
 
Oct 24, 2016

മുനിസിപ്പല്‍ മുദ്രയിലെ 'ആലപ്പി' മാറ്റാന്‍ ഉടന്‍ നടപടിയെടുക്കും: ചെയര്‍മാന്‍

image ആലപ്പുഴ: നഗരസഭയുടെ ഔദ്യോഗിക മുദ്രയിലും മറ്റ് എല്ലാ രേഖകളിലും ഇംഗ്ലീഷില്‍ ആലപ്പി എന്നുള്ളതു മാറ്റി ആലപ്പുഴ എന്നു തന്നെ സ്ഥലപ്പേരാക്കണമെന്ന തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടതില്‍ എത്രയും വേഗം നടപടിയെടുക്കുമെന്നു മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് അറിയിച്ചു. ഈ വിഷയം ഉടനെ കൗണ്‍സിലിന്റെ പരിഗണനയ്ക്കു വയ്ക്കും.

ആലപ്പുഴയുടെ ഇംഗ്ലീഷിലുള്ള പേര് ആലപ്പി എന്നതില്‍ നിന്നു ആലപ്പുഴയാക്കിയിട്ട് വര്‍ഷങ്ങള്‍ ഏറെയായിട്ടും ഇപ്പോഴും ഔദ്യോഗിക മുദ്രയില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ആലപ്പി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തെങ്ങും ലൈറ്റ്ഹൗസുമാണ് മുദ്രയിലുള്ള ചിത്രങ്ങള്‍. ഈ ആവശ്യം ഉന്നയിച്ചുള്ള കത്ത് ചെയര്‍മാനു നേരത്തേ കൈമാറിയിരുന്നു. സ്ഥലപ്പേരു രണ്ടായി വ്യത്യാസപ്പെട്ടിരിക്കുന്നതു മൂലം രാജ്യാന്തര സഞ്ചാരികള്‍ക്ക് ഇപ്പോഴും ആശയക്കുഴപ്പമുണ്ടാകുന്നുണ്ട്. ഇംഗ്ലീഷില്‍ നിലവില്‍ ആലപ്പുഴ എന്നെഴുതുന്ന സ്‌പെല്ലിംഗില്‍ തുടക്കത്തില്‍ ഒരു 'എ' മാത്രം ഉപയോഗിക്കുന്നതിനാല്‍ 'അലപ്പുഴ'യെന്നാണ് മിക്ക അന്യഭാഷാ വിനോദസഞ്ചാരികളും ദീര്‍ഘം കൂടാതെ ഉച്ചരിക്കുന്നത്. ഒരേ സ്ഥലപ്പേര് വിവിധ ഭാഷകളില്‍ വ്യത്യസ്ഥമായി ഉച്ചരിക്കുന്നതു ഒഴിവാക്കാന്‍ കേരളത്തിലെ സ്ഥലനാമങ്ങളില്‍ അങ്ങനെയുള്ളവ മലയാളത്തിലേക്കാക്കി ഏകീകരിച്ചിരുന്നു.

ഇതേ ആവശ്യം അഞ്ചു വര്‍ഷം മുന്‍പ് മുന്‍ ഭരണസമിതിയുടെ കാലത്ത് ഉന്നയിച്ചിരുന്നുവെങ്കിലും പരിഗണിച്ചിരുന്നില്ല. കേരളത്തിലെ ഭരണഭാഷ മലയാളമാക്കിയ സ്ഥിതിക്ക് ഇക്കാര്യത്തിനു പ്രത്യേക പ്രാധാന്യമുണ്ടെന്നു ടി.ആര്‍.എ ചൂണ്ടിക്കാട്ടി.