Breaking News

Trending right now:
Description
 
Oct 23, 2016

അഞ്ചുകോടി രൂപ സംഭാവന; പാക്‌ നടന്റെ ഹിന്ദി ചിത്രം റിലീസ്‌ തടസം നീങ്ങി

image പാക്‌ താരം ഫവാദ്‌ ഖാന്‍ അഭിനയിച്ച ഹിന്ദി സിനിമ- യെ ദില്‍ ഹെ മുശ്‌കില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെങ്കില്‍ സൈനിക ക്ഷേമനിധിയിലേക്ക്‌ അഞ്ചുകോടി രൂപ നല്‍കണമെന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്‌) നേതാവ്‌ രാജ്‌ താക്കറെയുടെ വ്യവസ്ഥ നിര്‍മാതാക്കള്‍ അംഗീകരിച്ചു. ചിത്രത്തിനെതിരെ വ്യാപകമായ പ്രക്ഷോഭം ആരംഭിച്ചതിനെ തുടര്‍ന്ന്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ്‌ ഒത്തുതീര്‍പ്പ്‌. 28നാണ്‌ റിലീസ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. സിനിമയ്‌ക്കു മുമ്പ്‌, ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികര്‍ക്ക്‌ ആദരാഞ്‌ജലി അര്‍പ്പിക്കുന്ന വിഡിയോയും പ്രദര്‍ശിപ്പിക്കണമെന്നും ഭാവിയില്‍ പാക്‌ താരങ്ങളെ പൂര്‍ണമായും ഒഴിവാക്കണമെന്നും വ്യവസ്ഥയിലുണ്ട്‌. ഇക്കാര്യങ്ങളൊക്കെ സംവിധായകന്‍ കരണ്‍ ജോഹര്‍ സമ്മതിക്കുകയായിരുന്നു. ചിത്രത്തിന്റെ ലാഭവിഹിതം ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്കു നല്‍കുമെന്ന്‌ സംവിധായകന്‍ അറിയിച്ചിട്ടുണ്ട്‌. രണ്‍ബീര്‍ കപൂര്‍, ഐശ്വര്യ റായ്‌, അനുഷ്‌ക ശര്‍മ എന്നിവരാണ്‌ ചിത്രത്തിലെ പ്രധാന താരങ്ങള്‍. പാക്‌ താരങ്ങള്‍ അഭിനയിച്ചിട്ടുള്ള റയീസ്‌, ഡിയര്‍ സിന്ദഗി എന്നീ ഹിന്ദി ചിത്രങ്ങളുടെ റിലീസിനും അഞ്ചുകോടി രൂപ വീതം സൈനിക ക്ഷേമനിധിയില്‍ അയ്‌ക്കണമെന്നാണ്‌ മറ്റൊരു വ്യവസ്ഥ.