Breaking News

Trending right now:
Description
 
Oct 19, 2016

കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ ആര്‍എസ്‌എസിന്റെ ഇടപെടല്‍: മുഖ്യമന്ത്രി

image കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ക്കു കാരണം ആര്‍എസ്‌എസിന്റെ ഇടപെടലാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. കണ്ണൂരിലെ സംഘര്‍ഷം സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്നു ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ എംഎല്‍എ കെ.സി.ജോസഫിന്റെ അടിയന്തര പ്രമേയത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ഭയാശങ്കയിലാണെന്ന പ്രതിപക്ഷത്തിന്റെ അഭിപ്രായത്തോട്‌ യോജിപ്പില്ല. ആര്‍എസ്‌എസിന്റെ ബോധപൂര്‍വമായ ഇടപെടലാണ്‌ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍. കൊലപാതകങ്ങളുടെ എണ്ണത്തില്‍ കണ്ണൂരിന്‌ ആറാംസ്ഥാനം മാത്രമാണ്‌. ഇക്കാര്യത്തില്‍ തിരുവനന്തപുരത്തിനാണ്‌ ഒന്നാംസ്ഥാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, കണ്ണൂരിലെ രാഷ്ട്രീയ സംഘങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനത്തിനായി തയാറാണെന്നു ബിജെപി, സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കി. മുഖ്യമന്ത്രിയോ പൊതുസമ്മതരോ മുന്‍കയ്യെടുത്താല്‍ ഏതറ്റംവരെയും സഹകരിക്കും-ബിജെപി ബന്ധപ്പെട്ടവരെ അറിയിച്ചു. ജില്ലയിലെ ബിജെപി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും നേര്‍ക്കു സിപിഎം നടത്തുന്ന ഏകപക്ഷീയമായ ആക്രമണങ്ങള്‍ അവസാനിപ്പിക്കുമെന്നു പൊലീസ്‌ ഉറപ്പുനല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്‌. പ്രകോപനമൊരുക്കി ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കുന്നത്‌ ആര്‍എസ്‌എസ്‌ ആണെന്നു സിപിഎം കുറ്റപ്പെടുത്തി. ഭീതിപരത്തി സ്വാധീനം ഉറപ്പിക്കാനുള്ള ആര്‍എസ്‌എസിന്റെ ശ്രമങ്ങള്‍ അംഗീകരിക്കില്ല. സമാധാനശ്രമങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തയാറാണെന്നും സിപിഎം ഭാരവാഹികള്‍ അറിയിച്ചു.