Breaking News

Trending right now:
Description
 
Oct 13, 2016

ബന്ധുനിയമനങ്ങള്‍ അന്വേഷിക്കാന്‍ ചീഫ്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തി; മുഖ്യമന്ത്രി

image വിവാദമായ ബന്ധുനിയമങ്ങളെ സംബന്ധിച്ചു ഉയര്‍ന്ന ആക്ഷേപങ്ങളെക്കുറിച്ച്‌ ചീഫ്‌ സെക്രട്ടറി അന്വേഷിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ്‌ ഇത്തരത്തില്‍ തീരുമാനമെടുത്തത്‌. പൊതുമേഖലയിലെ പുതിയ നിയമനങ്ങള്‍ക്ക്‌ ബോര്‍ഡ്‌ രൂപീകരിക്കാനും പൊതുമാനദണ്ഡം കൊണ്ടുവരാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ദേശീയതലത്തിലടക്കമുള്ള സാങ്കേതികവിദഗ്‌ധര്‍ ഉള്‍പ്പെടുന്ന സമിതിയെ നിയോഗിച്ചുകൊണ്ടായിരിക്കും ഇനിമുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്കു തിരഞ്ഞെടുപ്പ്‌ നടത്തുകയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മാനേജിങ്‌ ഡയറക്ടര്‍, ജനറല്‍ മാനേജര്‍ തസ്‌തികകളിലേക്ക്‌ വിജിലന്‍സ്‌ ക്ലിയറന്‍സ്‌ നിര്‍ബന്ധമാക്കാനും തീരുമാനിച്ചു. സ്വജനപക്ഷപാതം അവസാനിപ്പിക്കാന്‍ നിയമനിര്‍മാണം നടത്തും. മന്ത്രിമാരുടെ ബന്ധുക്കളെ ഒഴിവാക്കാന്‍ ചട്ടം കൊണ്ടുവരുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ബന്ധു നിയമനത്തില്‍ മന്ത്രി ഇ.പി.ജയരാജനെതിരെ നടപടി വേണോ എന്നു ഇന്നു തീരുമാനം ഉണ്ടാകും. അതേസമയം, സിപിഎം സഹയാത്രികനും കെഎസ്‌എഫ്‌ഡിസി ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന്റെ ഭാര്യയെ പാരിപ്പള്ളി മെഡിക്കല്‍കോളജില്‍ പ്രിന്‍സിപ്പലായി നിയമിച്ചതില്‍ ക്രമക്കേടു നടന്നുവെന്നു കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട്‌ രാജേശേഖരന്‍ ആരോപിച്ചു.