Breaking News

Trending right now:
Description
 
Oct 03, 2016

ചരിത്രസംഭവമായി സംയുക്ത ഓണാഘോഷം; മഞ്ച്‌, നാമം, കെ.സി.എഫ്‌ ആത്മനിര്‍വൃതിയില്‍

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജേഴ്‌സി: മൂന്ന്‌ മലയാളി സംഘടനകള്‍ ചേര്‍ന്ന്‌ ന്യൂജേഴ്‌സിയില്‍ ഒരുക്കിയ സംയുക്ത ഓണാഘോഷം ചരിത്രമായി. മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി (മഞ്ച്‌), കേരള കള്‍ച്ചറല്‍ ഫോറം (കെസിഎഫ്‌), നാമം എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ സംയുക്തഓണാഘോഷം ജനപ്രാതിനിധ്യംകൊണ്ടും സംഘടനകളുടെ പങ്കാളിത്തംകൊണ്ടും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്‌. 

സെപ്‌റ്റംബര്‍ 18-ന്‌ ബര്‍ഗന്‍ ഫീല്‍ഡിലെ കോണ്‍ലോണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന വര്‍ണ്ണശബളമായ ചടങ്ങ്‌ നയനസുന്ദരമായ ഓഒണാഘോഷ കലാപരിപാടികള്‍കൊണ്ട്‌ മുഖരിതമായിരുന്നു. ചെണ്ടവാദ്യം, ശിങ്കാരിമേളം, തിരുവാതിര, കൈകൊട്ടിക്കളി, ചാക്യാര്‍കൂത്ത്‌ തുടങ്ങി അസോസിയേഷനുകളിലെ അംഗങ്ങളുടെ മക്കളുടെ നൃത്തനൃത്യങ്ങളും ഓണാഘോഷത്തിനു മാറ്റുകൂട്ടി. മഞ്ചിന്റെ അംഗങ്ങള്‍ അവതരിപ്പിച്ച ഫ്യൂഷന്‍ നൃത്തവും കലാഭവന്‍ ജോഷി, സാബു തിരുവല്ല, ഐഡിയ സ്‌റ്റാര്‍ സിംഗര്‍ ഫെയിം വില്യംസ്‌, പ്രമുഖ ഗായകന്‍ ജെംസണ്‍ കുര്യാക്കോസ്‌ എന്നിവരുടെ സംഗീത കോമഡി ഷോയും കാണികളെ ഇളക്കിമറിച്ചു. 

ചരിത്രത്തില്‍ ആദ്യമായി കക്ഷിരാഷ്ട്രീയദേദമില്ലാതെ നേതാക്കളും പ്രമുഖരും പങ്കെടുത്തു. ഫൊക്കാന, ഫോമ എന്നീ ദേശീയ സംഘടനകള്‍, ട്രൈസ്‌റ്റേറ്റ്‌ മേഖലയിലെ എല്ലാ കലാ, സാംസ്‌കാരിക സംഘടനകള്‍, മതസമുദായ നേതാക്കള്‍, ബിസിനസ്‌-സാമ്പത്തിക രംഗത്ത പ്രമുഖര്‍ എന്നിവര്‍ക്കു പുറമെ ബര്‍ഗന്‍ഫീല്‍ഡ്‌ കൗണ്ടിയിലെ രാഷ്ട്രീയ മേഖലയിലെ പ്രമുഖരും ഓണാഘോഷത്തിനായി ഒത്തുചേര്‍ന്നു. മലയാളികള്‍ക്കുപുറമെ അമേരിക്കക്കാരും ഓണാഘോഷത്തില്‍ ഭാഗഭാക്കായി. 

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ ജനറല്‍ റീവാ ഗാംഗുലിദാസ്‌ ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉദ്‌ഘാടനം ചെയ്‌തു. ട്രൈസ്‌റ്റേറ്റിലെ വിവിധ സംഘടനാ മേഖലകളിലെ നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ നടന്ന ഉദ്‌ഘാടനച്ചടങ്ങില്‍ അമേരിക്കന്‍ മലയാളികളുടെ ആത്മീയഗുരുവായ ഫാ. മാത്യു കുന്നത്ത്‌്‌, ഫാ. ബാബു എന്നിവര്‍ ചേര്‍ന്ന്‌ രണ്ടാമത്തെ തിരിയും മഞ്ച്‌ പ്രസിഡന്റ്‌ സജിമോന്‍ ആന്റണി, കെ.സി.എഫ്‌. പ്രസിഡന്റ്‌ ദാസ്‌ കണ്ണമ്പള്ളി, നാമം പ്രസിഡന്റ്‌ ഗീതേഷ്‌ തമ്പി എന്നിവര്‍ ചേര്‍ന്ന്‌ മൂന്നാമത്തെ തിരിയും മഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ ഷാജി വര്‍ഗീസ്‌, നാമം രക്ഷാധികാരി ടി.എസ്‌ ചാക്കോ എന്നിവര്‍ ചേര്‍ന്ന്‌ നാലാമത്തെ തിരിയും ഫൊക്കാന ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ഫൊക്കാന വുമന്‍സ്‌ ഫോറം ചെയര്‍പേഴ്‌സണ്‍ ലീല മാരറ്റ്‌, ഫൊക്കാന എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫീലിപ്പോസ്‌ ഫിലിപ്പ്‌, ഫോമ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌, ഫോമ നേതാവ്‌ ജോസ്‌ ഏബ്രാഹം എന്നിവര്‍ ചേര്‍ന്ന്‌ അഞ്ചാമത്തെ തിരിയും മഞ്ച്‌ സെക്രട്ടറി സുജ ജോസ്‌, വൈസ്‌ പ്രസിഡന്റ്‌ ഉമ്മന്‍ ചാക്കോ, നാമം സെക്രട്ടറി സജിത്‌ ഗോപിനാഥ്‌, കെ.സി.എഫ്‌ വൈസ്‌ പ്രസിഡന്റ്‌ എല്‍ദോ പോള്‍, സെക്രട്ടറി ദേവസി പാലാട്ടി തുടങ്ങിയവര്‍ ആറാമത്തെ തിരിയും പ്രമുഖ വ്യവസായികളായ വര്‍ക്കി ഏബ്രാഹാം, ബേബി ഊരാളില്‍, ദിലീപ്‌ വര്‍ഗീസ്‌, ബര്‍ഗന്‍ഫീല്‍ഡ്‌ മേയര്‍ നോര്‍മന്‍ ഷ്‌മെല്‍സ്‌ തുടങ്ങിയവര്‍ ചേര്‍ന്ന്‌ ഏഴാമത്തെ തിരിയും തെളിച്ചതോടെ ഓണാഘോഷങ്ങള്‍ക്ക്‌ ഔദ്യോഗികമായി തുടക്കം കുറിച്ചു. 

കെ.സി.എഫിന്റെ ഇരുപത്താറാമത്‌ വാര്‍ഷികം ചടങ്ങില്‍ കോണ്‍സുലാര്‍ ജനറല്‍ റീവ ഗാംഗുലി ദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. 

വെസ്‌റ്റ്‌ ചെസ്‌റ്റര്‍ മലയാളി അസോസിയേഷന്‍, ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍, കാഞ്ച്‌, കെസിഎന്‍ജെ, കേരള എന്‍ജിനീയറിംഗ്‌ അസോസിയേഷന്‍, മിത്രാസ്‌, ഇസിഎഫ്‌എന്‍ജെ, എഫ്‌എംആര്‍എല്‍എഫ്‌, കെസിഎഫ്‌, ലിംക, കെസിസിഎന്‍എ തുടങ്ങിയ നിരവധി സംഘടനകളുടെ ഭാരവാഹികളും പ്രതിനിധികളും സ്‌പോണ്‍സര്‍മാരായ തോമസ്‌ മലയില്‍, ബാബു ജോസഫ്‌, ഏബാഹാം തോമസ്‌, സ്‌റ്റെര്‍ളിന്‍ ഫുഡ്‌സ്‌ തുടങ്ങിയവരും വമ്പിച്ച ഓണാഘോഷപരിപാടിയില്‍ പങ്കെടുത്തു. 

മാധ്യമരംഗത്തെ പ്രമുഖരായ ജോര്‍ജ്‌ ജോസഫ്‌, ജോര്‍ജ്‌ തുമ്പയില്‍, സുനില്‍ ട്രൈസ്റ്റാര്‍, രാജു പള്ളത്ത്‌, മധുരാജന്‍, ബിജുജോണ്‍, ഫിലിപ്പ്‌ മാരറ്റ്‌, ഷിജോ പൗലോസ്‌ തുടങ്ങിയവരും പങ്കെടുത്തു. 

ഫോമ സെക്രട്ടറി ഇലക്ട്‌ ജിബി തോമസ്‌, വൈസ്‌ പ്രസിഡന്റ്‌ ഇലക്ട്‌ ലാലി കളപ്പുരയ്‌ക്കല്‍, കെസിസിഎന്‍എ പ്രസിഡന്റ്‌ അനിയന്‍ ജോര്‍ജ്‌, ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം ലൈസി അലക്‌സ്‌, ഫൊക്കാന നേതാവ്‌ അലക്‌സ്‌ തോമസ്‌, കാഞ്ച്‌ പ്രസിഡന്റ്‌ അലക്‌സ്‌ മാത്യു, സെക്രട്ടറി സ്വപ്‌ന രാജേഷ്‌ തുടങ്ങിയവരും ഓണാഘോഷത്തില്‍ പങ്കാളികളായി. 

ന്യൂജേഴ്‌സിയിലെ പ്രമുഖ ഡാന്‍സ്‌ സ്‌കൂളുകളായ കലാശ്രീ ഡാന്‍സ്‌ സ്‌കൂള്‍, മയൂര്‍ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌, നൂപുര ഡാന്‍സ്‌ സ്‌കൂള്‍, സൗപര്‍ണിക ഡാന്‍സ്‌ അക്കാദമി എന്നിവിടങ്ങളിലെ കലാപ്രതിഭകള്‍ അവതരിപ്പിച്ച ശാസ്‌ത്രീയ, ബോളിവുഡ്‌ നൃത്തങ്ങള്‍ ഓണാഘോഷത്തിന്‌ പൊലിമ കൂട്ടി.

എല്ലാ അസോസിയേഷനുകളുടെയും ഭാരവാഹികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ്‌ ഓണാഘോഷത്തിന്‌ തുടക്കം കുറിച്ച ഭദ്രദീപത്തിന്‌ തിരികൊളുത്തിയതെന്നത്‌ ഈ ഓണാഘോഷത്തിന്റെ പ്രത്യേകതയാണ്‌. ന്യൂജേഴ്‌സിയിലെ മലയാളികള്‍ ഒരൊറ്റ ഓണം എന്ന ആശയത്തിന്‌ മികച്ച പിന്തുണ നല്‍കിയതാണ്‌ ഈ ഓണാഘോഷത്തിന്റെ വിജയരഹസ്യം. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ സംഘടനകളെയും ഒരൊറ്റക്കുടക്കീഴില്‍ കൊണ്ടുവരുവാന്‍ ഈ ഓണാഘോഷത്തിന്‌ കഴിഞ്ഞു എന്നതും മറ്റൊരു പ്രത്യേകതയാണ്‌. 

താലപ്പൊലിയേന്തിയ മലയാളിപ്പെണ്‍കൊടികള്‍, ചെണ്ടവാദ്യം, ശിങ്കാരിമേളം തുടങ്ങിയ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ്‌ മുഖ്യാതിഥിയെ വേദിയിലേയ്‌ക്ക്‌ ആനയിച്ചത്‌. ഓണപ്പൂക്കളവും വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളുടെ സമ്പല്‍സമൃദ്ധിയുമായി ഓണസദ്യയും ഓണാഘോഷത്തിന്‌ പെരുമകൂട്ടി. 

സ്വാദ്‌ റസ്റ്ററന്റ്‌ ആണ്‌ രുചികരമായ ഓണസദ്യ ഒരുക്കിയത്‌. ഇവന്റ്‌ കാറ്റ്‌സ്‌ ഒരുക്കിയ സൗണ്ട്‌ & ലൈറ്റ്‌സ്‌ കലാപരിപാകള്‍ക്ക്‌ പൊലിമ കൂട്ടി. ട്വിലൈറ്റിന്‌ ആയിരുന്നു ഫോട്ടോഗ്രഫിയുടെ ചുമതല. 

വിവിധ കര്‍മ്മമേഖലകളില്‍ മികവ്‌ തെളിയിച്ചവരെ പൊന്നാടയും ഫലകങ്ങളും നല്‌കി ആദരിച്ചു. നിരവധി പ്രമുഖരെ വേദിയിലേയ്‌ക്ക്‌ ആനയിച്ച്‌ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്‌തു. മഞ്ച്‌ പ്രസിഡന്റ്‌ സജിമോന്‍ ആന്റണി ആയിരുന്നു പൊതുപരിപാടിയില്‍ പ്രമുഖരെ പരിചയപ്പെടുത്തിയത്‌. മഞ്ച്‌ കള്‍ച്ചറല്‍ സെക്രട്ടറി ഷൈനിയും സഹായിയായിരുന്നു. തുടര്‍ന്ന നടന്ന കലാപരിപാടികള്‍ക്ക്‌ കെസിഎഫ്‌ സെക്രട്ടറി ദേവസി പാലാട്ടി, മഞ്ച്‌ സെക്രട്ടറി സുജ ജോസ്‌, നാമം ട്രഷറര്‍ ആശ വിജയന്‍ എന്നിവര്‍ എംസിമാരായിരുന്നു. 

വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ സംഘടനകളെ അണിനിരത്തി ഓണാഘോഷം നടത്തുമെന്ന വിളംബരത്തോടെയാണ്‌ ഓണാഘോഷപരിപാടികള്‍ക്ക്‌ സമാപനം കുറിച്ചത്‌.