Breaking News

Trending right now:
Description
 
Oct 03, 2016

സമരം നടത്തുന്ന എംഎല്‍എമാര്‍ക്ക്‌ അനുകൂലമായ പ്രസ്‌താവന നടത്തിയ വിഎസ്‌ പിന്നീട്‌ തീരുത്തി

image സ്വാശ്രയ കോളജ്‌ പ്രവേശനവിഷയത്തില്‍ നിയമസഭയ്‌ക്കു മുമ്പില്‍ നിരാഹാരം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാര്‍ക്ക്‌ അനുകൂലമായി പ്രസ്‌താവന നടത്തിയ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്‌.അച്യുതാനന്ദന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരുത്തി. പകല്‍ മുഴുവന്‍ അതേക്കുറിച്ചു നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ്‌ വൈകിട്ട്‌ നാടകിയമായി വിഎസ്‌ പ്രസ്‌താവന തിരുത്തിയത്‌. സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനം വളരെ തെറ്റാണെന്നു തുറന്നടിക്കുകയായിരുന്നു വിഎസ്‌. വിഎസിന്റെ ഈ പ്രസ്‌താവനെ സര്‍ക്കാരിനെ ശരിക്കും വെട്ടിലാക്കുകയും ചെയ്‌തു. യുഡിഎഫ്‌ എംഎല്‍എമാരുടെ സമരം അഞ്ചുദിനം പിന്നിട്ടപ്പോള്‍ അവര്‍ക്ക്‌ പ്രഖ്യാപിച്ച പിന്തുണയായിരുന്നു വിഎസിന്റെ പ്രസ്‌താവന. സിപിഎം സംസ്ഥാന കമ്മിറ്റിയോഗം നടന്നപ്പോള്‍ പാര്‍ട്ടിയി്‌ല്‍നിന്നു കടുത്ത സമ്മര്‍ദ്ദം ഉണ്ടായതോടെയാണ്‌ പ്രസ്‌താവന തിരുത്താന്‍ വിഎസ്‌ തയാറായത്‌.

സ്വാശ്രയ സമരവുമായി ബന്ധപ്പെട്ടു സര്‍ക്കാരിനെതിരെ ഞാന്‍ പറഞ്ഞതായി ചാനലുകളില്‍വരുന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്‌. എസ്‌ബിടി-എസ്‌ബിഐ ലയനവുമായി ബന്ധപ്പെട്ട സമരം ഒത്തുതീര്‍പ്പാക്കണമെന്നാണു മാധ്യമപ്രവര്‍ത്തകരോട്‌ പ്രതികരിച്ചത്‌. ആ സമരം ന്യായമാണെന്നും അടിയന്തരമായി പരിഹരിക്കണമെന്നുമാണ്‌ ഇതിനു മറുപടിപറഞ്ഞത്‌. നിജസ്ഥിതി മനസിലാക്കാതെ കാള പെറ്റെന്നു കേട്ടതോടെ ചിലര്‍ കയറെടുക്കുകയായിരുന്നുവെന്ന്‌ അച്യുതാനന്ദന്‍ പറഞ്ഞു. അതേസമയം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം ഇതായിരുന്നു- എംഎല്‍എമാര്‍ നടത്തുന്ന സമരം നീണ്ടുപോകുകയല്ലേ... നിരാഹാരസമരം മൂന്നാം ദിവസത്തേക്കു കടന്നു. സമരത്തോടുള്ള സര്‍ക്കാര്‍നയം ശരിയാണോ? എന്നായിരുന്നു. ഉത്തരമായി വിഎസ്‌ പറഞ്ഞത്‌- ശരിയല്ല, വളരെ തെറ്റാണ്‌. ഒത്തുതീര്‍പ്പിന്റെ ആവശ്യകതയെക്കുറിച്ച്‌ ആരാഞ്ഞപ്പോള്‍... ഒത്തുതീര്‍പ്പാക്കുകതന്നെ വേണം എന്നതാണ്‌ എന്റെ അഭിപ്രായമെന്നായിരുന്നു വിഎസിന്റെ മറുപടി.