Breaking News

Trending right now:
Description
 
Oct 01, 2016

മാഡം തുസാദ്‌സ്‌ മ്യൂസിയത്തില്‍ മോദിക്കു പിന്നാലെ ബാഹുബലി പ്രഭാസിന്റെ മെഴുക്‌ പ്രതിമ വരുന്നു

image കൊച്ചി: ബാങ്കോക്കിലെ പ്രശസ്‌തമായ മാഡം തുസാദ്‌സ്‌്‌ മ്യൂസിയത്തില്‍ ബാഹുബലി പ്രഭാസിന്റെ പ്രതിമ സ്ഥാപിക്കുന്നു. ലോകപ്രശസ്‌തരുടെ പ്രതിമകള്‍ ഇടംകണ്ട മാഡം തുസാദ്‌സില്‍ ഇന്ത്യയില്‍നിന്ന്‌ ഇതിനുമുമ്പ്‌ കഴിഞ്ഞ ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമയാണ്‌ സ്ഥാപിച്ചത്‌. 2017 മാര്‍ച്ചിലായിരിക്കും ബാഹുബലി എന്ന സിനിമയിലൂടെ ലോകമെങ്ങും ആരാധകരെ നേടിയ പ്രഭാസിന്റെ പ്രതിമ ഇവിടെ സ്ഥാപിക്കുക. 

പ്രഭാസ്‌ ഏറെ ശ്രദ്ധേയനാണെന്ന്‌ തായ്‌ലണ്ടിലെ ബാങ്കോക്ക്‌ ക്ലസ്‌റ്റര്‍ ഫോര്‍ മെര്‍ലിന്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌സിന്റെ തലവനും മാഡം തുസാദ്‌സ്‌ ബാങ്കോക്കിന്റെ ജനറല്‍ മാനേജരുമായ നോപ്പഡോണ്‍ പ്രാപിംപന്റ്‌ പറഞ്ഞു. സവിശേഷമായ സ്റ്റൈലിന്‌ അപ്പുറം ഐതിഹാസികനായ ടോളിവുഡ്‌ നിര്‍മാതാവ്‌ ഉപ്പലാപതി സൂര്യ നാരായണ രാജുവിന്റെയും അമ്മാവന്‍ പ്രമുഖ ടോളിവുഡ്‌ നായകനും രാഷ്ട്രീയനേതാവുമായ കൃഷ്‌ണം രാജുവിന്റെ കുടുംബപ്രഭാവത്തിന്റെ പിന്തുടര്‍ച്ചക്കാരനാണ്‌ പ്രഭാസ്‌. 

ആഗോളതലത്തില്‍ ഏറ്റവുമധികം പണംവാരിയ മൂന്നാമത്‌ ഇന്ത്യന്‍ ചിത്രവും ഇന്ത്യയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവുമായ ബാഹുബലിയില്‍ (2015) അഭിനയിച്ചതോടെ പ്രഭാസ്‌ ഗൂഗിളില്‍ ഏറ്റവുമധികം സേര്‍ച്ച്‌ ചെയ്യപ്പെടുന്ന നടന്മാരില്‍ ഒരാളായി. പ്രഭാസിന്റെ ലോകമെങ്ങുമുള്ള ആരാധകര്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചിരുന്നു. മഹാത്മാഗാന്ധി, നരേന്ദ്രമോദി എന്നിങ്ങനെ ഇന്ത്യയില്‍നിന്നുള്ള ജനപ്രീതിയുള്ള നേതാക്കളുടെ നിരയിലേയ്‌ക്ക്‌ പ്രഭാസിനെ സ്വാഗതം ചെയ്യാന്‍ സന്തോഷമുണ്ടെന്ന്‌ പ്രാപിംപന്റ്‌ പറഞ്ഞു. 

മാഡം തുസാസ്‌ദ്‌സില്‍ നിന്നെത്തിയ കലാകാരന്മാര്‍ക്കൊപ്പം ഹൈദരാബാദില്‍ പ്രഭാസ്‌ പ്രതിമയ്‌ക്കായുള്ള ആദ്യ സിറ്റിംഗ്‌ പൂര്‍ത്തിയാക്കി. താരത്തിന്റെ തനിരൂപത്തില്‍ കിറുകൃത്യമായി പ്രതിമ നിര്‍മിക്കുന്നതിന്റെ ആദ്യപടിയായി 350 ചിത്രങ്ങളും അളവുകളും എടുത്തു. കവചങ്ങളും ആയുധങ്ങളും അണിഞ്ഞ്‌ അമരേന്ദ്ര ബാഹുബലിയുടെ വേഷത്തിലായിരിക്കും പ്രഭാസിന്റെ പ്രതിമ നിര്‍മിക്കുക. ഈ ചിത്രത്തിന്റെ റിലീസോടെ ദേശീയതലത്തില്‍ താരമായിത്തീര്‍ന്ന പ്രഭാസിന്‌ വമ്പന്‍ താരനിരയാണുള്ളത്‌. 


മാഡം തുസാദ്‌സിലേയ്‌്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ പ്രഭാസ്‌ പറഞ്ഞു. ആരാധകരാണ്‌ ഇതിന്‌ കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിരുകളില്ലാത്ത അവരുടെ സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദിയുണ്ട്‌. ബാഹുബലി എന്ന അസാധാരണമായ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‌കിയ ഗുരുവായ എസ്‌എസ്‌ രാജമൗലിയോട്‌ നന്ദിയുണ്ടെന്ന്‌ പ്രഭാസ്‌ പറഞ്ഞു. 


മാഡം തുസാദ്‌സിലെ മൂവി റൂമില്‍ സ്‌പൈഡര്‍മാന്‍, വോള്‍വെറിന്‍, ജയിംസ്‌ ബോണ്ട്‌, ക്യാപ്‌റ്റന്‍ അമേരിക്ക തുടങ്ങിയ അതിപ്രശസ്‌ത താരങ്ങള്‍ക്കൊപ്പം തോളോട്‌ തോള്‍ചേര്‍ന്ന്‌ ബാഹുബലിയുടെ വേഷത്തില്‍ പ്രഭാസിന്റെ ചിത്രമെടുക്കാന്‍ മാര്‍ച്ച്‌ മുതല്‍ ആരാധകര്‍ക്ക്‌ അവസരം ലഭിക്കും. ബാങ്കോക്കിലെ സിയാം ഡിസ്‌ക്കവറിയുടെ നാലാം നിലയിലാണ്‌ പ്രതിമ സ്ഥാപിക്കുന്നത്‌.