Breaking News

Trending right now:
Description
 
Sep 24, 2016

പ്രധാനമന്ത്രി ഇന്ന്‌ കോഴിക്കോട്ട്‌ എത്തും

image ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്‌ കോഴിക്കോട്ടെത്തും. വൈകുന്നേരം നാലരയോടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്‌റ്ററില്‍ വെസ്റ്റ്‌ ഹില്‍ വിക്രം മൈതാനത്ത്‌ എത്തും. വെസ്റ്റ്‌ ഹില്‍ സര്‍ക്കാര്‍ അതിഥിമന്ദിരത്തിലാണ്‌ താമസം ഒരുക്കിയിരിക്കുന്നത്‌. ദേശീയ കൗണ്‍സിലിന്റെ ഭാഗമായി കടപ്പുറത്ത്‌ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ വൈകിട്ട്‌ അഞ്ചരയോടെ പ്രസംഗിക്കും. ഏഴരയ്‌ക്കു സാമൂതിരി സ്‌കൂളില്‍ നടക്കുന്ന സ്‌മൃതി സന്ധ്യയില്‍ പങ്കെടുക്കും. ഞായറാഴ്‌ച വൈകിട്ടാണ്‌ ഡല്‍ഹിക്കു മടങ്ങുക. അതുവരെ കോഴിക്കോട്‌ നഗരം കനത്ത സുരക്ഷാവലയത്തിനുള്ളിലായിരിക്കും. 25 വിഭാഗങ്ങളുള്ള വാഹനവ്യൂഹം അദ്ദേഹത്തെ അനുഗമിക്കുമെന്നാണ്‌ വിവരങ്ങള്‍. പ്രധാനമന്ത്രി എത്തുന്ന ഓരോ ഇടങ്ങളിലെയും സുരക്ഷയ്‌ക്കായി `ആന്റി സബോട്ടാഷ്‌' ടീമുകള്‍ തയാറായിരിക്കും. ഏത്‌ പ്രതിസന്ധിയും നേരിടുന്നതിന്‌ ഉയര്‍ന്ന റാങ്കിലുള്ള പൊലീസ്‌ ഓഫീസര്‍മാര്‍ക്കാണ്‌ ആന്റി സബോട്ടാഷ്‌ ടീമുകളുടെ ചുമതല. കരിപ്പൂര്‍ വിമാനത്താവളം സിഐഎസ്‌എഫിന്റെ നിയന്ത്രണത്തിലായിരിക്കും. പ്രധാനമന്ത്രി യാത്ര ചെയ്യുന്ന സ്ഥലങ്ങളെ ഏഴ്‌ മേഖലകളാക്കി തിരിച്ചിട്ടുണ്ട്‌. ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കാണ്‌ ഈ ഏഴ്‌ ഡിവിഷന്റെയും ചുമതല. ദേശീയ കൗണ്‍സിലിനു തുടക്കംകുറിച്ചുകൊണ്ടുള്ള ദേശീയ സംസ്ഥാന ഭാരവാഹികളുടെ സമ്മേളനം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്‌ഷാ വെള്ളിയാഴ്‌ച ഉദ്‌ഘാടനം ചെയ്‌തു. ദേശീയ വൈസ്‌ പ്രസിഡന്റ്‌ പ്രഭാത്‌ ത്സാ, ജനറല്‍ സെക്രട്ടറി റാം ലാല്‍, സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.