Breaking News

Trending right now:
Description
 
Sep 24, 2016

ബിജെപി ബന്ധത്തില്‍ ഉലച്ചില്‍; വെള്ളാപ്പള്ളി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

image ബിഡിജെഎസ്‌-ബിജെപി ബന്ധത്തിലെ ഉലച്ചിലിനിടെ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അരമണിക്കൂര്‍ കൂടിക്കാഴ്‌ച നടത്തി. മുന്‍കൂട്ടി അനുമതിവാങ്ങിയാണ്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ അവസരമൊരുക്കിയത്‌. കേരളം കണ്ടതില്‍ വച്ച്‌ ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ്‌ പിണറായിയെന്ന്‌ കൂടിക്കാഴ്‌ചയ്‌ക്കുശേഷം വെള്ളാപ്പള്ളി വ്യക്തമാക്കി. ഇടതുമുന്നണിയോട്‌ പണ്ടേ അകല്‍ച്ചയില്ല. പിണറായി വിജയനെ എന്നും ബഹുമാനിച്ചിട്ടേയുള്ളൂ. പിണറായി ശക്തനായ മുഖ്യമന്ത്രിയാണ്‌. കേരളത്തില്‍ ഇപ്പോഴാണ്‌ ഒറ്റ മുഖ്യമന്ത്രിയുണ്ടായത്‌. മുമ്പ്‌ മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയാകുന്ന സാഹചര്യമാണ്‌ ഉണ്ടായിരുന്നത്‌. ബിജെപിയില്‍ നിന്നു നീതി കിട്ടിയില്ലെന്നു പരാതിയുണ്ട്‌. ബിഡിജെഎസ്‌ നേതാക്കള്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട സ്ഥാനങ്ങള്‍ ബിജെപി നേതൃത്വത്തിന്‌ കൈമാറിയിട്ട്‌ നാളേറെയായി. പക്ഷേ, പദവികള്‍ ഇതേവരെ നല്‍കിയിട്ടില്ല. നീതി കിട്ടിയില്ലെന്ന അഭിപ്രായം തന്റേതുമാത്രമാണ്‌. ബിഡിജെഎസിന്റേതല്ല-വെള്ളാപ്പള്ളിപറഞ്ഞു. എസ്‌എന്‍ ട്രസ്റ്റിനു കീഴിലെ കോളജുകളില്‍ അധ്യാപക അനധ്യാപക തസ്‌തികളിലേക്കുള്ള നിയമനം നീളുന്നതുസംബന്ധിച്ച്‌ നിവേദനം നല്‍കാനാണ്‌ മുഖ്യമന്ത്രിയെ കണ്ടതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ബിജെപിയുമായി അകല്‍ച്ചയുള്ള തരത്തില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ എസ്‌എന്‍ഡിപി പ്രവര്‍ത്തകരുടെ വികാരമായിരിക്കുമെന്നും ആ അഭിപ്രായം ബിഡിജെഎസിന്റേതല്ലെന്നും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടേതാണെന്നും ബിഡിജെഎസ്‌ ദേശീയ പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ്‌ എന്‍ഡിഎയില്‍ തുടരുമെന്നും ബിജെപിയുമായി യാതൊരു ഭിന്നതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.