Breaking News

Trending right now:
Description
 
Sep 22, 2016

ശ്രീനാരായണഗുരു ഇരുട്ടില്‍ കൊളുത്തിവച്ച വിളക്ക്‌: പിണറായി വിജയന്‍

image മാനവരാശിക്കാകെ അവകാശപ്പെട്ട ശ്രീനാരായണഗുരു ഇരുട്ടില്‍ കൊളുത്തിവച്ച വിളക്കാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണഗുരുവിന്റെ നമുക്കു ജാതിയില്ലാ വിളംബരശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരത്ത്‌ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പേരിനു പിന്നിലുള്ള ജാതിവാല്‌ മുറിച്ചുകളയണമെന്നു മുഖ്യമന്ത്രി പറഞ്ഞു. അതല്ലായെങ്കില്‍ നമ്മുടെ സംസ്‌കാരത്തിന്‌ അപത്തായിരിക്കും. സംസ്ഥാനത്ത്‌ ഒരേസമയം ഒരേദിവസം എല്ലാ വിദ്യാലയങ്ങളിലും ശ്രീനാരായണഗുരുവിന്റെ നമുക്കു ജാതിയില്ലാ വിളംബരം മുഴങ്ങാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസി എന്നു വിശേഷിപ്പിക്കുകവഴി ഗുരു എന്തൊക്കെ അല്ലായിരുന്നോ അതൊക്കെ ആയിരുന്നുവെന്ന്‌ വരുത്തിത്തീര്‍ക്കാനാണ്‌ സംഘപരിവാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിനു ഒരു സംഭാവനയും നല്‍കാത്ത സംഘപരിവാര്‍ ഗുരുവിനോട്‌ മഹാപരാധമാണു കാട്ടുന്നത്‌. ഓണത്തിനു പിന്നിലുള്ള സങ്കല്‌പത്തെപ്പോലും ആര്‍എസ്‌എസ്‌ വക്രീകരിച്ചു കാണിക്കുകയാണ്‌. വാമനനെ സവര്‍ണനായും മഹാബലിയെ അവര്‍ണനായും ചിത്രീകരിച്ചു സവര്‍ണാധിപത്യപുനഃസ്ഥാപനമാണ്‌ ആര്‍എസ്‌എസ്‌ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യ ചരിത്രത്തില്‍ സംഘപരിവാറിന്‌ എന്ത്‌ നേട്ടമാണുള്ളത്‌. സ്വാതന്ത്ര്യ സമരത്തിനോ കേരള നവോത്ഥാന പ്രസ്ഥാനത്തിനോ സംഘപരിവാര്‍ ഒന്നും ചെയ്‌തിട്ടില്ല. ജനമനസുകളില്‍ ഇടം നേടുന്നതിന്‌ ഇതൊരു കുറവാണെന്നു കരുതിയാകണം സ്വാതന്ത്ര്യ സമരം, നവോത്ഥാന പ്രതീകങ്ങളെ റാഞ്ചാന്‍ ശ്രമിക്കുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ അവര്‍ ശ്രീനാരായണ ഗുരുവിലേക്ക്‌ എത്തിയതെന്നു പിണറായി വ്യക്തമാക്കി. ശിവഗിരിയിലെ സ്വാമി ശാരദാനന്ദ ശ്രീനാരായണഗുരു സനാതന സന്യാസിയായിരുന്നുവെന്നു പറഞ്ഞതു ധിക്കാരമാണ്‌. ശ്രീനാരായണഗുരു പറഞ്ഞതിനു നേരേ വിപരീതമായാണു ശാരദാനന്ദ പറഞ്ഞതെന്നും ഇതു സമൂഹത്തില്‍ പരിഭ്രാന്തി ഉയര്‍ത്തുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.