Breaking News

Trending right now:
Description
 
Jan 09, 2013

പ്രവാസി മലയാളികള്‍ക്ക്‌ വോട്ടുചെയ്യാന്‍ അവസരം വേണം: ആന്റോ ആന്റണി എംപി

image പ്രവാസി മലയാളികള്‍ക്ക്‌ വോട്ടുചെയ്യാനുള്ള അവസരമുണ്ടാകണമെന്ന്‌ ആന്റോ ആന്റണി എം.പി. പ്രവാസി ഭാരതീയ ദിവസ്‌ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ഇതുവരെ 1,0002 പ്രവാസി ഭാരതീയരാണ്‌ വോട്ടേഴ്‌സ്‌ ലിസ്റ്റില്‍ പേര്‌ ചേര്‍ത്തിരിക്കുന്നത്‌. നാട്ടില്‍ ചെലവിടുന്ന ചുരുങ്ങിയ അവധിക്കാലത്തിനുള്ളില്‍ വോട്ടേഴ്‌സ്‌ ലിസ്റ്റില്‍ പേരു രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. അതുപോലെ തന്നെ വോട്ടു ചെയ്യാന്‍ വേണ്ടി മാത്രം ഇന്ത്യയിലെത്തുക എന്നതും പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. വോട്ടേഴ്‌സ്‌ ലിസ്റ്റില്‍ പേരു ചേര്‍ക്കുന്നതിനും സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനും ഇന്ത്യന്‍ എംബസികളില്‍ സൗകര്യമൊരുക്കുകയാണ്‌ ഇതിനൊരു പരിഹാരമെന്നും എംപി പറഞ്ഞു.

ഇന്ത്യയുടെ സ്വന്തമായ ആയുര്‍വേദം, യോഗ, അയോധന കലകള്‍, ശാസ്‌ത്രീയ സംഗീതം, നൃത്തരൂപങ്ങള്‍ എന്നിവ ലോകത്തിന്‌ പരിചയപ്പെടുത്തുന്നതില്‍ പ്രവാസി ഭാരതീയര്‍ വഹിക്കുന്ന പങ്ക്‌ വലുതാണെന്നും ആന്റോ ആന്റണി അഭിപ്രായപ്പെട്ടു. ഈ ഘടകങ്ങളോടൊപ്പം നഴ്‌സുമാര്‍, ഐടി വിദഗ്‌ധര്‍, മറ്റ്‌ പ്രൊഫഷണലുകള്‍ എന്നിവരുടെ കാര്യപ്രാപ്‌തിയും സേവന മനോഭാവവും വിദേശരാജ്യങ്ങളില്‍ ഇന്ത്യയുടെ യശസ്‌ ഉയര്‍ത്തുന്നു. പ്രവാസികളുടെ ക്ഷേമത്തിനായി നിരവധി പരിപാടികളാണ്‌ സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്‌. വിദേശ പൗരന്മാരായ ഇന്ത്യന്‍ വംശജര്‍ക്കുളള ഒസിഐ കാര്‍ഡുകളിലൂടെ അവരുമായുള്ള ബന്ധം തുടര്‍ന്നും സാധ്യമാണെന്ന സന്ദേശമാണു സര്‍ക്കാര്‍ നല്‍കുന്നത്‌. പ്രവാസികള്‍ക്കുള്ള പെന്‍ഷന്‍, ഇന്‍ഷുറന്‍സ്‌ പദ്ധതികളും വിവിധ രാജ്യങ്ങളുമായി ഒപ്പുവച്ച സാമൂഹിക സുരക്ഷാ കരാറുകളും ഇതിനുദാഹരണമാണെന്നും ആന്റോ ആന്‍ണി പറഞ്ഞു.