Breaking News

Trending right now:
Description
 
Sep 18, 2016

നിരപരാധിയാണെന്ന്‌ അമീറുല്‍; ജാമ്യാപേക്ഷ നല്‍കി

image ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. പൊലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചതിനു തൊട്ടുപിന്നാലെ ശനിയാഴ്‌ചയാണു പ്രതി അഭിഭാഷകന്‍ മുഖേന കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്‌. അറസ്റ്റിലായി 90 ദിവസത്തിലേറെയായി ജയിലില്‍ കിടക്കുകയാണെന്നും തെളിവെടുപ്പടക്കം മുഴുവന്‍ നടപടികളും പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്‌. പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്‌ജി എന്‍. അനില്‍കുമാര്‍ അടുത്ത ദിവസം ജാമ്യാപേക്ഷ പരിഗണിക്കും. ഡിഎന്‍എ പരിശോധന, ആക്രമണത്തിന്‌ ഉപയോഗിച്ച ആയുധം കണ്ടെത്തല്‍, തിരിച്ചറിയല്‍ പരേഡ്‌ എന്നിവ അടക്കം പ്രതിയുടെ സാന്നിധ്യം വേണ്ട കേസുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. എന്നാല്‍, പൊലീസ്‌ ആരോപിക്കുന്ന തരത്തിലുള്ള കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും നിരപരാധിയാണെന്നും അമീറുള്‍ ഇസ്‌ലാം ജാമ്യാപേക്ഷയില്‍ പറയുന്നു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനിയും ജയിലില്‍ അടയ്‌ക്കരുതെന്നും ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ പോകില്ലെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.