Breaking News

Trending right now:
Description
 
Sep 18, 2016

തൃശൂര്‍ നഗരത്തില്‍ ഇറങ്ങിയത്‌ 500 പുലികള്‍; ഓണാഘോഷത്തിനു വിരാമം

image ഓണാഘോഷത്തിനു വിരാമമിട്ട്‌ തൃശൂര്‍ നഗരത്തില്‍ എത്തിയത്‌ അഞ്ഞൂറോളം പുലികള്‍. ഇവരില്‍ നാലു പെണ്‍പുലികളുമുണ്ടായിരുന്നു. പെണ്‍പുലികളും ആണ്‍പുലികളും. ചെണ്ടയുടെ താളത്തിലും പിന്നീട്‌ അരമണിയുടെ ഇരമ്പത്തിലും പുലികള്‍ അലറിവിളിച്ചു. പത്തു ദേശങ്ങളില്‍നിന്നെത്തിയ പുലിപ്പട നഗരം വാണപ്പോള്‍ വടക്കുന്നാഥന്റെ പ്രദക്ഷിണവഴികളില്‍ തിങ്ങിനിറഞ്ഞ ജനസാഗരം ആര്‍പ്പുവിളികളും ആരവങ്ങളും മുഴക്കി. ആണ്‍പുലികള്‍ക്കൊപ്പം പെണ്‍പുലികളും അണിചേര്‍ന്നപ്പോള്‍ പുലിക്കളിയുടെ ആവേശം വാനോളം ഉയര്‍ന്നു. സ്വരാജ്‌ റൗണ്ടില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ കൈകള്‍ ഉയര്‍ത്തി താളമിട്ടു. പുലിവരും വഴികളിലും നഗരത്തിലെ ഉയരമുള്ള കെട്ടിടങ്ങള്‍ക്കു മുകളിലുമെല്ലാം ആളുകള്‍ കൂട്ടമായി കാത്തുനിന്നു. പുലികളുടെ എണ്ണം ഏറെക്കാലത്തിനുശേഷമാണ്‌ അഞ്ഞൂറുകടന്നത്‌. പരമാവധി 50 പുലികളെ മാത്രമേ ഇറക്കാവൂ എന്നായിരുന്നു നിബന്ധന. വൈകിട്ട്‌ ആറുമണിയോടെയാണ്‌ സ്വരാജ്‌ റൗണ്ടില്‍ പുലികള്‍ തിങ്ങിനിറഞ്ഞത്‌. പുലികള്‍ തൊഴുതു കര്‍പ്പൂരം കത്തിച്ചു നാളികേരമുടയ്‌ക്കുന്ന നടുവിലാലില്‍പ്പോലും ജനത്തിരക്കുമൂലം പുലികള്‍ക്ക്‌ നൃത്തം ചവിട്ടാനായില്ല. പുലിക്കളിയുടെ ചരിത്രത്തിലാദ്യമായി പെണ്‍പുലികളെ അവതരിപ്പിച്ച്‌ വിയ്യൂര്‍, അയ്യന്തോള്‍ ദേശങ്ങള്‍ ചരിത്രമെഴുതി. വിയ്യൂര്‍ ടീമിനൊപ്പം മൂന്നു പെണ്‍പുലികളും അയ്യന്തോള്‍ ദേശത്തിനുവേണ്ടി ഒരു പെണ്‍പുലിയുമാണ്‌ ചുവടുവച്ചത്‌. പുള്ളിപ്പുലികള്‍ക്കും വരയന്‍പുലികള്‍ക്കും പുറമേ കരിമ്പുലികളും പച്ചപ്പുലികളും വെള്ളപ്പുലികളും, രാത്രിയില്‍ മിന്നിത്തിളങ്ങുന്ന ഫ്‌ളൂറസന്റ്‌ പുലികളുമെല്ലാം കാണികളുടെ മനം കവര്‍ന്നു.