Breaking News

Trending right now:
Description
 
Sep 17, 2016

ട്രെയിനില്‍ ബോംബ്‌ ഭീഷണിമുഴക്കിയ ആള്‍ അറസ്‌റ്റില്‍

image അമൃത -രാജ്യറാണി ലിങ്ക്‌ എക്‌സ്‌പ്രസ്‌ ട്രെയിനുകളില്‍ ബോംബ്‌ വച്ചിട്ടുണ്ടെന്നു ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. തമിഴ്‌നാട്‌ ധര്‍മപുരി സ്വദേശി സമ്പത്ത്‌ നാഗരാജനാണ്‌ പിടിയിലായത്‌. വെള്ളിയാഴ്‌ച രാവിലെയായിരുന്നു സംഭവം. ബോംബ്‌ ഭീഷണിയെ തുടര്‍ന്ന്‌ രണ്ടു ട്രെയിനുകളും ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ പിടിച്ചിട്ട്‌ ബോംബ്‌, ഡോഗ്‌ സ്വാകാഡുകള്‍ പരിശോധന നടത്തിയിരുന്നു. ഇതേതുടര്‍ന്ന്‌ ഒന്നേമുക്കാല്‍ മണിക്കൂറോളം വൈകി രാവിലെ 7.45നാണ്‌ ട്രെയിനുകള്‍ ഷൊര്‍ണൂരില്‍നിന്നു യാത്ര തിരിച്ചത്‌. തിരുവനന്തപുരത്തുനിന്നു ഒരു ട്രെയിനായി വരുന്ന അമൃത എക്‌സ്‌പ്രസും രാജ്യറാണി എക്‌സ്‌പ്രസും ഷൊര്‍ണൂരില്‍ എത്തിയശേഷം രണ്ട്‌ ട്രെയിനുകളായി പാലക്കാട്ടേക്കും നിലമ്പൂരിലേക്കും പോകുന്നവയാണ്‌. നിലമ്പൂരിലേക്കുള്ള യാത്രക്കാരനായ യുവാവ്‌ നല്‍കിയ വിവരമനുസരിച്ചായിരുന്നു പരിശോധന. ബോംബ്‌ ഭീഷണിയുയര്‍ത്തിയ യാത്രക്കാരന്‍ മനോദൗര്‍ബല്യമുള്ള ആളാണെന്നു റെയില്‍വേ പൊലീസിനു സൂചനലഭിച്ചിരുന്നു. ബോംബ്‌ ഭീഷണി ഉയര്‍ത്തിയ ആള്‍ തൃശൂരില്‍ ഇറങ്ങിയെന്നാണ്‌ യാത്രക്കാരന്‍ പൊലീസിനെ അറിയിച്ചത്‌. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ സമ്പത്ത്‌ നാഗരാജന്‍ പിടിയിലായത്‌.