Breaking News

Trending right now:
Description
 
Sep 12, 2016

ബാങ്ക്‌ അവധി; എടിഎമ്മുകളില്‍ ഒരുരൂപ പോലുമില്ല

image ബാങ്ക്‌ അവധിതുടങ്ങി രണ്ടുദിവസത്തിനകം സംസ്ഥാനത്തെ എടിഎമ്മുകളില്‍ പണം തീര്‍ന്നു. ഓണമെത്തും മുമ്പ്‌ എടിഎമ്മുകള്‍ കാലിയായതോടെ ജനങ്ങള്‍ ബുദ്ധിമുട്ടിലായി. ഇതോടെ എടിഎമ്മുകളില്‍ പണമെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനതല ബാങ്കേഴ്‌സ്‌ അവലോകന സമിതിക്കു ധനവകുപ്പു നിര്‍ദേശം നല്‍കി. എടിഎമ്മുകളില്‍ ഇന്നു പരമാവധി പണം നിറയ്‌ക്കണമെന്ന്‌ വിവിധ ബാങ്കുകള്‍ ശാഖകള്‍ക്കും എടിഎമ്മുകളുടെ ചുമതലയുള്ള ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ശാഖകള്‍ക്കു കീഴിലുള്ള എടിഎമ്മുകളില്‍ അതതു ശാഖയിലെ ജീവനക്കാര്‍തന്നെ പണം നിറയ്‌ക്കണമെന്നാണ്‌ എസ്‌ബിഐയുടെ നിര്‍ദേശം. ഞായറാഴ്‌ച ഉച്ചയോടെയാണ്‌ മിക്ക എടിഎമ്മുകളും ശൂന്യമായത്‌. ബക്രീദ്‌, ഓണം ദിനങ്ങളെത്തുടര്‍ന്നു തുടര്‍ച്ചയായി ബാങ്ക്‌ അവധിയായതിനാല്‍ നേരത്തേ പണമെടുത്തു സൂക്ഷിക്കണമെന്ന സന്ദേശം പരന്നതോടെയാണു ജനങ്ങള്‍ കൂട്ടത്തോടെ എടിഎമ്മുകളില്‍നിന്നു പണം പിന്‍വലിച്ചത്‌. ഇനി വ്യാഴാഴ്‌ച മാത്രമേ ബാങ്കുകള്‍ തുറക്കൂ. തുടര്‍ന്നു വെള്ളിയാഴ്‌ച വീണ്ടും അവധിയാണ്‌.