Breaking News

Trending right now:
Description
 
Sep 10, 2016

ഏലകൃഷിയിലും ജൈവവിജയവുമായി ചന്തു

image

ചന്തു മണ്ണിനെ ചതിച്ചിട്ടില്ല, സ്‌നേഹിച്ചിട്ടേയുള്ളു. അതിനാല്‍ ജൈവകാര്‍ഷിക രീതിയും ചന്തുവിനെ ചതിച്ചിട്ടില്ല, എന്തിന്‌ ഏലകൃഷിയില്‍ പോലും ഈ യുവാവ്‌ ജൈവകൃഷി പ്രാവര്‍ത്തികമാണെന്നു തെളിയിച്ചിരിക്കുകയാണ്‌. ഇടുക്കിയിലെ ഏല കര്‍ഷകര്‍ക്ക്‌ മാതൃകയാകുന്ന തൃശൂര്‍ സ്വദേശിയായ ചന്തുവിന്റെ വിജയം ഏലകര്‍ഷകര്‍ക്ക്‌ മാത്രമല്ല യുവ കര്‍ഷകര്‍ക്കും പ്രതീക്ഷയാകുന്നു.
സ്വകാര്യ ബാങ്കിലെ ജോലിക്കാരനായിരുന്നു ബിരുദാനന്തര ബിരുദധാരിയായ ചന്തു. എംബിഎക്കാരായ ടിബിന്‍, ജോര്‍ജ്‌ എന്നീ സുഹൃത്തുക്കള്‍ ജൈവകൃഷിയില്‍ വിജയഗാഥ രചിച്ചതോടെ ചന്തു ജോലി ഉപേക്ഷിച്ച്‌ കൃഷി ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടത്‌. നാട്ടില്‍ ജൈവമാതൃകയില്‍ പച്ചക്കറിയും നെല്ലും കൃഷി ചെയ്‌തു വിജയിച്ചതോടെ ചന്തുവിനെയും കൂട്ടരെയും തേടി പലരും എത്തി. ഇടുക്കി ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂള്‍ തങ്ങളുടെ സ്‌കൂള്‍വളപ്പില്‍ പച്ചക്കറി കൃഷി ചെയ്യാന്‍ വിളിച്ചതോടെയാണ്‌ മഞ്ഞിന്റെയും കുളിര്‍മയും സുഗന്ധദ്രവ്യങ്ങളുടെ മനം മയക്കുന്ന ഗന്ധവുമുള്ള ഇടുക്കിയില്‍ എത്തുന്നത്‌. വിജയകരമായി ഇടുക്കിയില്‍ പച്ചക്കറി കൃഷി നടത്തിയെങ്കിലും ദീര്‍ഘകാലത്തില്‍ കൃഷി ചെയ്യാന്‍ സ്ഥലം ലഭിക്കാതെ വന്നതോടെ കൂട്ടുകാര്‍ നാട്ടിലേയ്‌ക്ക്‌ മടങ്ങി. എന്നാല്‍ ചന്തു തോറ്റു മടങ്ങാന്‍ തയാറായില്ല. ഇടുക്കി ജില്ലയിലെ ഉപ്പുതറയ്‌ക്ക്‌ സമീപം പരപ്പ്‌ എന്ന സ്ഥലത്ത്‌ ഒരേക്കര്‍ 41 സെന്റ്‌ സ്ഥലം പാട്ടത്തിന്‌ എടുത്തു. ചെകുത്താന്‍ മലയില്‍ വേറെ നാലേക്കറും. ഇവിടെ ജൈവ രീതിയില്‍ ഏലംകൃഷി ചെയ്യാന്‍ പോകുന്നുവെന്നു പറഞ്ഞപ്പോള്‍ പ്രായമായ ഇടുക്കിയിലെ കര്‍ഷകര്‍ വരെ ചന്തുവിന്‌ നല്ല ബുദ്ധി പറഞ്ഞു കൊടുത്തു. 
"മോനെ, ഏലത്തില്‍ ജൈവകൃഷി വിജയിക്കില്ല." 

പക്ഷേ ചന്തു തോറ്റു പിന്‍മാറിയില്ല. സുഭാഷ്‌ പാലേക്കറിന്റെ ക്ലാസുകളില്‍ പങ്കെടുത്ത ബലത്തില്‍ കൃഷി ആരംഭിച്ചു. 
നല്ല ജൈവ വളം നിര്‍മ്മിച്ചു കൊണ്ടാണ്‌ കൃഷിയില്‍ വിജയം ആരംഭിച്ചത്‌. നല്ല നാടന്‍ പശുവിനെ ആദ്യം വാങ്ങി. ചാണകവും മൂത്രവും ചേര്‍ന്നുള്ള ജീവാമൃതമാണ്‌ പ്രധാന വളം. കയ്‌പ്പന്‍കാടും കടലപ്പിണ്ണാക്കും ഒരു ബാരലില്‍, മറ്റൊരു ബാരലിന്‍ പച്ചമത്തിയും ശര്‍ക്കരയും പറമ്പിലെ കളകള്‍ മറ്റൊരണ്ണത്തില്‍ ചീയിച്ച്‌ പുളിപ്പിച്ച്‌ പതിനഞ്ചു ദിവസം കഴിഞ്ഞ്‌ 200ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച്‌ സ്‌പ്രേ ചെയ്‌തു. മുട്ടയും നാരങ്ങയു പുളിപ്പിച്ച്‌ സ്‌പ്രേ ചെയ്‌തു ചെടികളെ പുഷ്‌പിക്കാന്‍ സഹായിച്ചു. വാട്ടരോഗത്തിന്‌ മുരിങ്ങയില ഒരുകിലോയും വാളന്‍പുളി 100ഗ്രാമും ചേര്‍ത്ത്‌ പുളിപ്പിച്ച്‌ സ്‌പ്രേ ചെയ്യും തണ്ടുതുരപ്പനെ ഓടിക്കാന്‍ മാലിമുളകും വെളുത്തുള്ളിയും സമം ചേര്‍ത്തരച്ച ലായനി സ്‌പ്രേ ചെയ്‌തു.. കുമ്മായവും രാസവളങ്ങളും പറമ്പില്‍ പ്രവേശിപ്പിച്ചില്ല. ഇന്ന്‌ ചന്തുവിന്റെ ഏലത്തോട്ടം കണ്ട്‌ പരമ്പരാഗത ഏലം കര്‍ഷകര്‍ അസൂയപ്പെടുകയാണ്‌. മറ്റുള്ളവര്‍ക്ക്‌ കിലോയ്‌ക്ക്‌ ആയിരം രൂപ ലഭിക്കുമ്പോള്‍ ചന്തുവിന്റെ ഏലക്കായ്‌ക്ക്‌ കിലോയ്‌ക്ക്‌ 3500 രൂപ വില ലഭിക്കുന്നു.
ഏലം കൃഷി നഷ്ടമാണെന്നും രാസവളങ്ങള്‍ ഉപയോഗിച്ചില്ലെങ്കില്‍ കൃഷി വിജയിക്കില്ലെന്നും പരാതി പറഞ്ഞ ഇടുക്കിയിലെ ഏലം കര്‍ഷകരെ ജൈവ ഏലം കൃഷി ചെയ്‌തു ഞെട്ടിച്ച ഈ യുവ കര്‍ഷകന്‌ 2015ലെ കേന്ദ്രകൃഷിവകുപ്പിന്റെ അവാര്‍ഡും ലഭിച്ചിരുന്നു.