Breaking News

Trending right now:
Description
 
Sep 06, 2016

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം ലഭിച്ചില്ല; താലൂക്ക്‌ ഓഫീസിന്‌ തീ ഇടാന്‍ശ്രമിച്ച യുവാവ്‌ അറസ്റ്റില്‍

image മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായം ലഭിച്ചില്ലെന്ന്‌ ആരോപിച്ച്‌ താലൂക്ക്‌ ഓഫീസ്‌ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ചു. യുവാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. നെയ്യാറ്റിന്‍കര താലൂക്ക്‌ ഓഫീസില്‍ ഇന്നു രാവിലെയാണ്‌ സംഭവം. സംഭവവുമായി ബന്ധപ്പെട്ട്‌ കാരോട്‌ സ്വദേശി സുരേഷിനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. തീ പടര്‍ന്നുപിടിക്കുന്നതിന്‌ മുന്‍പ്‌ അണച്ചതിനാല്‍ ദുരന്തം ഒഴിവായി. കുപ്പിയില്‍ കൊണ്ടുവന്ന പെട്രോള്‍ ഓഫീസിന്റെ ഇടനാഴിയിലൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നുവെന്ന്‌ പൊലീസ്‌ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ചികിത്സാ ധനസഹായത്തിനു സുരേഷ്‌ അപേക്ഷ നല്‍കിയതായി പൊലീസ്‌ പറയുന്നു. തുക അനുവദിച്ചെങ്കിലും താലൂക്ക്‌ ഓഫീസില്‍ നിന്നും ലഭിച്ചില്ലെന്നാണ്‌ സുരേഷിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക്‌ ഒന്നര വര്‍ഷം മുമ്പാണ്‌ അപേക്ഷ നല്‍കിയത്‌. ജീവിക്കാന്‍ തീരെ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ്‌ താലൂക്ക്‌ ഓഫീസിലെത്തിയതെന്നു ഇയാള്‍ പറയുന്നു. സുരേഷിന്റെ അപേക്ഷയുമായി ബന്ധപ്പെട്ട ഫയലോ തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവോ ലഭിച്ചിട്ടില്ലെന്നാണ്‌ നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ പറയുന്നത്‌. നേരത്തെ ഓട്ടോ ഡ്രൈവറായിരുന്നു സുരേഷ്‌ നേരത്തെ പേരൂര്‍ക്കടയില്‍ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സനേടിയിരുന്നതായി പൊലീസ്‌ വ്യക്തമാക്കി.