Breaking News

Trending right now:
Description
 
Sep 05, 2016

കോട്ടയത്ത്‌ അത്തച്ചമയ ഘോഷയാത്ര

image ഓണാഘോഷങ്ങള്‍ക്ക്‌ തുടക്കമിട്ട്‌ കോട്ടയത്ത്‌ അത്തച്ചമയ ഘോഷയാത്ര കാഴ്‌ചയുടെ വര്‍ണ്ണവിസ്‌മയം സമ്മാനിച്ചു. ഘോഷയാത്രയെ വഴിയോരത്തു കാത്തുനിന്ന ആയരങ്ങള്‍ ആവേശത്തോടെ വരവേറ്റു. അക്ഷരനഗരത്തിന്റെ സാംസ്‌കാരിക പ്രൗഢി വിളിച്ചോതി കലാപരിപാടികളും നാടന്‍തനിമയാര്‍ന്ന വേഷങ്ങളും ചെണ്ടമേളവും യുവതലമുറയുടെ അവേശവാദ്യമായ നാസിക്‌ ഡോലും നാദവിസ്‌മയം തീര്‍ത്തു. തൃപ്പൂണിത്തുറയില്‍ നടന്ന അത്തച്ചമയ ഘോഷയാത്രയിലെ കലാകാരന്‍മാര്‍ അതേ വേഷവിധാനങ്ങളോടെ കോട്ടയത്തു നടന്ന ഘോഷയാത്രയിലും പങ്കുചേര്‍ന്നു. ഘോഷയാത്രയുടെ ഏറ്റവും മുമ്പില്‍ നഗരവാസികള്‍ക്ക്‌ ആശംസകളുമായി മാവേലി നടന്നു. പുലികളിയും കോല്‍ക്കളിയും ഉള്‍പ്പെടെയുള്ള കലാരൂപങ്ങളും നിശ്‌ചലദൃശ്യങ്ങളും ഘോഷയാത്രയിലുണ്ടായിരുന്നു. തെയ്യം കലാരൂപങ്ങള്‍, പഞ്ചവാദ്യം, ശിങ്കാരിമേളം, ബാന്‍ഡ്‌സെറ്റ്‌, പാളപ്പടയണി, യക്ഷിക്കോലങ്ങള്‍, മറുതക്കോലങ്ങള്‍, രാധാകൃഷ്‌ണനൃത്തം, അര്‍ജുനനൃത്തം, അര്‍ധനാരീശ്വര നൃത്തം, മയിലാട്ടം, ഗരുഡന്‍, മാവേലിവേഷങ്ങള്‍, റോളര്‍ സ്‌കേറ്റിംഗ്‌ എന്നിവ ഘോഷയാത്രയില്‍ അണിനിരന്നിരുന്നു. ഒപ്പന, തിരുവാതിര ദൃശ്യങ്ങളും വര്‍ണകാഴ്‌ചയായി. സാമൂഹിക പ്രധാന്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഫ്‌ളോട്ടുകള്‍ അവതരിപ്പിച്ചു. പൊലീസ്‌ പരേഡ്‌ ഗ്രൗണ്ടിലെ വേദിയില്‍ ഓണവിളംബര സമ്മേളനത്തോടെയാണ്‌ അത്തച്ചമയ ഘോഷയാത്രയ്‌ക്കു തുടക്കം കുറിച്ചത്‌. സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാധ്യക്ഷ ഡോ.പി.കെ.സോന ഓണവിളംബരം ചെയ്‌തു. മന്നം സാംസ്‌കാരിക സമിതിയുടെയും കോട്ടയം നഗരസഭയുടെയും കോട്ടയം പ്രസ്‌ ക്ലബ്ബിന്റെയും വിവിധ സാംസ്‌കാരിക സംഘടനകളുടെയും ആഭിമുഖ്യത്തിലാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.