Breaking News

Trending right now:
Description
 
Sep 04, 2016

കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം?

image ഇരിട്ടിക്കടത്ത്‌ തില്ലങ്കേരിയില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ വെട്ടേറ്റ്‌ കൊല്ലപ്പെട്ടു. പള്ളിപ്പൊയില്‍ മാവില ബിനീഷ്‌ (25) ആണ്‌ മരിച്ചത്‌. ശനിയാഴ്‌ച രാത്രി തില്ലങ്കേരി പഞ്ചായത്ത്‌ ഓഫീസിനു സമീപത്തെ ഇടവഴിയില്‍ കഴുത്തിനും കാലിനും വെട്ടേറ്റും തലയ്‌ക്കടിയേറ്റ നിലയിലും കണ്ടെത്തിയ ബിനീഷിനെ ഇരിട്ടിയില്‍നിന്നു പൊലീസ്‌ എത്തിയാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. അപ്പോഴേക്കും മരിച്ചിരുന്നു. കൊലപാതകത്തിനു മുമ്പ്‌ ബോംബേറില്‍ ഡിവൈഎഫ്‌ഐ യൂണിറ്റ്‌ പ്രവര്‍ത്തകന്‍ ജിജേഷിനു പരുക്കേറ്റിരുന്നു. ജിജേഷ്‌ കാറില്‍ വരുന്നതിനിടെ ഒരുസംഘം ആളുകള്‍ ബോംബെറിയുകയായിരുന്നു. കണ്ണൂര്‍ ഏകെജി ആശുപത്രിയില്‍ ചികിത്സയിലാണ്‌ ജിജേഷ്‌. ഏതാനും ദിവസംമുമ്പ്‌ മുഴക്കുന്ന്‌ കടുക്കാപ്പാലത്ത്‌ ആര്‍എസ്‌എസ്‌ കാര്യവാഹക്‌ പാലക്കല്‍ സജേഷിനെ ബോംബെറിഞ്ഞ ശേഷം വെട്ടിയ കേസിലെ പ്രതിയാണ്‌ ജിജേഷ്‌. ബിനീഷ്‌ കൊല്ലപ്പെട്ട സമയത്ത്‌ മൂന്നുതവണ ബോംബ്‌ സ്‌ഫോടനം നടന്ന ശബ്ദം കേട്ടതായി നാട്ടുകാര്‍ പൊലീസിനു മൊഴിനല്‍കിയിട്ടുണ്ട്‌. ടൈല്‍സ്‌ തൊഴിലാളിയാണു മരിച്ച ബിനീഷ്‌. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരിക്കാം ബിനീഷ്‌ ആക്രമിക്കപ്പെട്ടതെന്നു പൊലീസ്‌ സംശയിക്കുന്നു. ബിനീഷിന്റെ കൊലപാതകത്തിനു പിന്നില്‍ സിപിഎം ആണെന്നു ആര്‍എസ്‌എസ്‌ ആരോപിച്ചു.