Breaking News

Trending right now:
Description
 
Sep 02, 2016

വിഴിഞ്ഞം പദ്ധതിക്ക്‌ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി

image കേരളത്തിലെ സ്വപ്‌നപദ്ധതികളിലൊന്നായ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക്‌ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉപാധികളോടെ അനുമതി നല്‍കി. തുറമുഖ നിര്‍മാണം തടയണമെന്ന ഹര്‍ജി ട്രൈബ്യൂണല്‍ തള്ളി. എന്നാല്‍ നിര്‍മാണം വഴി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്ന്‌ കോടതി മുന്നറിയിപ്പ്‌ നല്‍കി. പദ്ധതിക്ക്‌ മേല്‍നോട്ടം വഹിക്കാന്‍ വിദഗ്‌ധ സമിതി രൂപവത്‌കരിക്കണമെന്നതാണ്‌ പ്രധാന ഉപാധി. ഇക്കാര്യം പരിശോധിക്കാന്‍ ഏഴംഗ വിദഗ്‌ധ സമിതിയെ കോടതി നിയോഗിച്ചു. ജസ്റ്റീസ്‌ സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ്‌ ഉത്തരവ്‌. പരിസ്ഥിതിശാസ്‌ത്രജ്ഞന്‍, സമുദ്രഗവേഷണ വിദഗ്‌ധന്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എന്നിവര്‍ സമിതിയില്‍ അംഗങ്ങള്‍ ആയിരിക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആറ്‌ മാസത്തിലൊരിക്കല്‍ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. മത്സ്യതൊഴിലാളികള്‍ക്ക്‌ തുറമുഖ നിര്‍മാണം വഴി ഉപജീവനത്തിന്‌ കോട്ടം സംഭവിക്കാന്‍ പാടില്ലെന്ന്‌ നിരീക്ഷിച്ച കോടതി ഇക്കാര്യവും വിദഗ്‌ധ സമിതി പരിശോധിക്കട്ടെയെന്നു ഉത്തരവിട്ടു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന മാലിന്യങ്ങള്‍ ഒരു കാരണവശാലും കടലില്‍ ഒഴുക്കാന്‍ പാടില്ല. പദ്ധതി പ്രദേശത്ത്‌ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുകയും വേണം. പവിഴപ്പുറ്റ്‌ ഉള്‍പ്പെടെയുള്ളവ സംരക്ഷിക്കുകയും വേണം. നിര്‍ദേശം ലംഘിച്ചാല്‍ തുറമുഖ നിര്‍മാതാക്കളില്‍നിന്ന്‌ നഷ്ടം ഈടാക്കുമെന്നും വ്യവസ്ഥയുണ്ട്‌. പരിസ്ഥിതി ലോല പ്രദേശത്താണ്‌ പദ്ധതി സ്ഥിതിചെയ്യുന്നത്‌ എന്നതിനാല്‍ അനുമതി നല്‍കരുതെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഹരിത ട്രൈബ്യൂണല്‍ വിധി അനുകൂലമായതോടെ സംസ്ഥാന സര്‍ക്കാരിനും നിര്‍മാണം ഏറ്റെടുത്ത അദാനി ഗ്രൂപ്പിനും വലിയ ആശ്വാസമായി. ഡിസംബറില്‍ തുടങ്ങിയ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്‌. 1,000 ദിവസംകൊണ്ട്‌ ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്നാണ്‌ അദാനി ഗ്രൂപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വാഗ്‌ദാനം.