Breaking News

Trending right now:
Description
 
Aug 31, 2016

ഓച്ചിറയില്‍ ഡെയ്‌ഞ്ചര്‍ സിഗ്നല്‍ മറികടന്ന്‌ ട്രെയിന്‍; ലോക്കോപൈലറ്റിനെ കസ്റ്റഡിയിലെടുത്തു

image അപായ സിഗ്നല്‍ മറികടന്ന്‌ ഓടിയ തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ എക്‌സ്‌പ്രസ്‌ അടിയന്തര നിര്‍ദേശത്തെ തുടര്‍ന്ന്‌ ഓച്ചിറ റെയില്‍വേ സ്‌റ്റേഷനില്‍ മൂന്നര മണിക്കൂറോളം പിടിച്ചിട്ടു. ഇന്നലെ വൈകിട്ട്‌ 7.20നാണ്‌ ഓച്ചിറ സ്‌റ്റേഷനു സമീപത്തെ ഡെയ്‌ഞ്ചര്‍ സിഗ്നല്‍ വകവയ്‌ക്കാതെ കുറേദൂരം ഓടിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ലോക്കോ പൈലറ്റ്‌ സുധീറിനെ റെയില്‍വേ പൊലീസും ആര്‍പിഎഫും കസ്റ്റഡിയിലെടുത്തു വൈദ്യ പരിശോധനയ്‌ക്കു വിധേയമാക്കി. പകരം ലോക്കോ പൈലറ്റിനെ നിയോഗിച്ചാണ്‌ യാത്ര തുടര്‍ന്നത്‌. ട്രെയിന്‍ സിഗ്നല്‍ തെറ്റിച്ച്‌ പോകാനുണ്ടായ സാഹചര്യവും മറ്റും അന്വേഷിക്കുമെന്ന്‌ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രെയിനിന്റെ സാങ്കേതിക തകരാറാണോ സിഗ്നല്‍ ലഭിക്കാതിരുന്നിട്ടും നിര്‍ത്താതെ പോയതെന്നും അന്വേഷിക്കുന്നുണ്ട്‌. ചെന്നൈ സൂപ്പര്‍ എക്‌സ്‌പ്രസ്‌ എത്തുന്നതിനു തൊട്ടുമ്പ്‌ ഗുവാഹത്തി എക്‌സ്‌പ്രസ്‌ കടന്നുപോയിരുന്നു. ഇതിനു പിന്നാലെ റെയില്‍വേ സ്റ്റേഷനു വടക്കുഭാഗത്തുള്ള ലവല്‍ക്രോസ്‌ തുറക്കുകയും വാഹനങ്ങള്‍ കടന്നുപോവുകയും ചെയ്‌തു. ഇത്‌ അടച്ചതിനുശേഷമേ തെക്കുള്ള ഹോം സിഗ്നലില്‍ ട്രെയിന്‍ കടന്നുപോകുന്നതിനുള്ള പച്ച സിഗ്നല്‍ തെളിയൂ. എന്നാല്‍ ചുവപ്പ്‌ ലൈറ്റു തെളിഞ്ഞിരിക്കെയാണ്‌ ചെന്നൈ എക്‌സ്‌പ്രസ്‌ സിഗ്നല്‍ മറികടന്നത്‌. ട്രെയിന്‍ പിടിച്ചിട്ടില്ലായിരുന്നെങ്കില്‍ വന്‍ ദുരന്തം ഉണ്ടാകുമായിരുന്നു. സംഭവത്തെത്തുടര്‍ന്ന്‌ കായംകുളത്തും ഓച്ചിറയിലും പല ട്രെയിനുകളും നിര്‍ത്തിയിട്ടു. തുടര്‍ന്ന്‌ ഈ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ പ്രതിഷേധമുയര്‍ത്തി. രാത്രി വൈകിയാണു മിക്ക ട്രെയിനുകളും ഓടിത്തുടങ്ങിയത്‌.