Breaking News

Trending right now:
Description
 
Aug 30, 2016

ട്രെയിന്‍ അപകടം: പാളത്തില്‍ ഇരുന്നൂറിലേറെ തകരാറുകള്‍

image അങ്കമാലി കറുകുറ്റിയില്‍ അപകടത്തിനു കാരണമായ റയില്‍ പാളത്തിലെ വിള്ളല്‍ സംബന്ധിച്ച്‌ മുന്നറിയിപ്പ്‌ റയില്‍വേ എന്‍ജിനിയര്‍വിഭാഗം അവഗണിച്ചതായി ആരോപണം. അപകടം ഉണ്ടായതോടെ അധികൃതര്‍ ഉണര്‍ന്നു. പാളത്തിലെ തകരാര്‍ ഉടന്‍ പരിഹരിക്കണമെന്നും തകരാറുള്ള ഭാഗങ്ങളില്‍ വേഗത കുറച്ച്‌ ഓടിക്കണമെന്നും സെക്ഷന്‍ എന്‍ജിനിയര്‍മാര്‍ അതാത്‌ സ്‌റ്റേഷന്‍മാസ്‌റ്റര്‍ക്ക്‌ നിര്‍ദേശം നല്‍കി. തിരുവനന്തപുരം ഷൊര്‍ണൂര്‍വരെയുള്ള റെയില്‍പാളത്തില്‍ 202 ഇടങ്ങളില്‍ തകരാറുണ്ടെന്നു നേരത്തെ ഏരിയാ മാനേജര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നുവെന്നും ഇവ ഉടന്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നുവെന്നും ദക്ഷിണ റെയില്‍വേ എന്‍ജിനിയേഴ്‌സ്‌ അസോസിയേഷന്‍ വ്യക്തമാക്കി. നാലുമീറ്ററിനുള്ളില്‍ പാളത്തില്‍ രണ്ടു തകരാറുകളുണ്ടെങ്കില്‍ അടിയന്തര അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്‌. ഇതുസംബന്ധിച്ച തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ റെയില്‍വേ കാര്യമായി എടുത്തില്ലെന്നാണ്‌ ഉദ്യോഗസ്ഥരുടെ വാദം. വിള്ളലുള്ള ഭാഗങ്ങളില്‍ 30 കിലോമീറ്റര്‍ വേഗമേ പാടുള്ളൂവെന്നതിനാല്‍ ഇന്നു മുതല്‍ ഈ സ്ഥലങ്ങളില്‍ വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകള്‍ മൂന്നുമണിക്കൂര്‍വരെ വൈകി ഓടാന്‍ ഇതു കാരണമാകും. കറുകുറ്റിയില്‍ ട്രെയിന്‍ അപകടത്തില്‍പെട്ടതുമായി ബന്ധപ്പെട്ട്‌ പെര്‍മനന്റ്‌ വേ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയെടുത്തു. തകരാറിലായ പാളങ്ങളും സ്ലീപ്പറുകളും മാറ്റി സ്ഥാപിച്ചു. അപകടത്തില്‍പെട്ട 12 കോച്ചുകളും ഇനി ഉപയോഗിക്കാനാവില്ല. അന്വേഷണത്തിന്റെ ഭാഗമായി ലോക്കോപൈലറ്റ്‌, അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ്‌, ഗാര്‍ഡ്‌ എന്നിവരെ മെഡിക്കല്‍ പരിശോധനയ്‌ക്ക്‌ വിധേയമാക്കി ഇവര്‍ മധ്യപിച്ചിരുന്നില്ലെന്ന്‌ ഉറപ്പുവരുത്തി.