Breaking News

Trending right now:
Description
 
Aug 27, 2016

ബാര്‍കോഴക്കേസ്‌ കോടതി അനുവദിച്ചാല്‍ അന്വേഷിക്കും: വിജിലന്‍സ്‌ ഡയറക്ടര്‍

image ബാര്‍ കോഴക്കേസില്‍ കോടതി അനുവദിച്ചാല്‍ ശക്തമായ അന്വേഷണം നടത്തുമെന്ന്‌ വിജിലന്‍സ്‌ ഡയറക്‌ടര്‍ ജേക്കബ്‌ തോമസ്‌. കേസ്‌ മുന്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചെന്ന്‌ ആരോപിച്ച്‌ എസ്‌പി ആര്‍. സുകേശന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സ്‌ ഇപ്പോള്‍ കൂട്ടിലടച്ച തത്തയല്ല. അഴിമതിക്കാര്‍ക്കെതിരെ അന്വേഷണം നടത്തുക എന്നതാണ്‌ തന്റേയും വിജിലന്‍സിന്റേയും പണി. അതു ശരിയായ രീതിയില്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടച്ച ബാറുകള്‍ തുറക്കാന്‍ കെ.എം. മാണിക്ക്‌ ഒരു കോടി രൂപ നല്‍കിയെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സ്‌ ത്വരിതപരിശോധന നടത്തുകയും കേസെടുക്കാന്‍ റിപ്പോര്‍ട്ട്‌ നല്‍കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന്‌ അന്നത്തെ വിജിലന്‍സ്‌ ഡയറക്‌ടര്‍ വിന്‍സണ്‍ എം. പോള്‍ എസ്‌പി ആര്‍. സുകേശനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചു. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ താന്‍ നല്‍കിയ രണ്ടാമത്തെ റിപ്പോര്‍ട്ട്‌ തള്ളിയെന്നും ശങ്കര്‍ റെഡ്ഡി ഇടപെട്ട്‌ കൃത്രിമം വരുത്തിയെന്നുമാണ്‌ സുകേശന്റെ പുതിയ ആരോപണം. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട്‌ തിരുവനന്തപുരം വിജിലന്‍സ്‌ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ആര്‍. സുകേശന്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്‌.