Breaking News

Trending right now:
Description
 
Aug 27, 2016

സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളമിടണ്ട, ഓണക്കച്ചവടവും വേണ്ട: പിണറായി

image ഓണാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിസമയത്തു പൂക്കളം ഇടേണ്ടെന്നു മുഖ്യമന്ത്രി പിണറായിയുടെ ഉപദേശം. ഓണക്കാലത്ത്‌ പൂക്കളം ഒരുക്കുന്നത്‌ സന്തോഷമുള്ള കാര്യമാണ്‌. പക്ഷേ ഓഫിസിലെ ജോലിസമയത്ത്‌ അതുവേണ്ട. അതിനുവേളെ സമയവും സൗകര്യവും കണ്ടെത്തണം. അതോടൊപ്പം ഓണത്തിന്റെ പേരു പറഞ്ഞു സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓണക്കച്ചവടവും അനുവദിക്കില്ല. സെക്രട്ടറിയേറ്റ്‌ അടക്കമുള്ള സ്ഥാപനങ്ങള്‍ പലതരത്തിലുള്ള കച്ചവടക്കാരുടെ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്‌. ഇരിക്കുന്ന സീറ്റിലിരുന്നു സാധനങ്ങള്‍ വാങ്ങുന്ന രീതിക്ക്‌ ഇനി മാറ്റം വരുത്തണം. സാധനങ്ങള്‍ വാങ്ങേണ്ടവര്‍ ഒഴിവുസമയത്ത്‌ പുറത്തുപോയാണ്‌ വാങ്ങേണ്ടത്‌. ഓഫീസ്‌ സമയങ്ങളില്‍ ഉദ്യോഗസ്ഥര്‍ സാധനം വാങ്ങുന്നതിനായി ചന്തകളില്‍ പോകുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. അത്‌ ഇനി നടക്കില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു സാധനം വാങ്ങാന്‍ ധാരാളം സമയം അല്ലാതെ തന്നെ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു ഓണം-ബക്രീദ്‌ മെട്രോ ഫെയര്‍ ഉദ്‌ഘാടനം ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പും നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശനമായ നടപടിയെടുക്കുമെന്നും ഇതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു നിരീക്ഷണം ആരംഭിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 1464 ഓണച്ചന്തകളും 1350 പച്ചക്കറിച്ചന്തകളും ഓണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്‌.