Breaking News

Trending right now:
Description
 
Aug 24, 2016

തെരുവുനായ്‌ക്കളെ കൊല്ലുന്നതിന്‌ നിയമതടസമില്ല: മന്ത്രി ജലീല്‍

image ആക്രമകാരികളായ തെരുവുനായ്‌ക്കളെ കൊല്ലാന്‍ നിയമം തടസമല്ലെന്നും ഇതുസംബന്ധിച്ച ഉത്തരവു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കുമെന്നും മന്ത്രി കെ.ടി. ജലീല്‍ വ്യക്തമാക്കി. ഇത്തരം നായ്‌ക്കളെ നിയമാനുസരണം മരുന്നു കുത്തിവച്ചുകൊല്ലാം. പ്രാകൃതരീതിയില്‍ ഇവറ്റകളെ കൊല്ലാന്‍ നിയമം അനുവദിക്കുന്നില്ല. രണ്ടുദിവസത്തിനകം ഇതുസംബന്ധിച്ച ഉത്തരവ്‌ ഇറക്കും. ജനങ്ങളുടെ ജീവനാണു പരമപ്രധാനം. തെരുവുനായ്‌ക്കളെ ഒന്നടങ്കം കൊന്നൊടുക്കാന്‍ കഴിയില്ല. ആക്രമണകാരികളായ തെരുവുനായ്‌ക്കളെ കൊല്ലുന്നതിനും വന്ധ്യകരണം നടത്തുന്നതിനും പദ്ധതിത്തുകയില്‍നിന്നു പണം ചെലവഴിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു അനുമതിനല്‍കും. പ്ലാന്‍ഫണ്ടില്‍ നിന്ന്‌ ആവശ്യമായ തുക ഇതിനായി വിനിയോഗിക്കാം. തെരുവുനായ്‌ക്കളെ കൊന്നാല്‍ ഉണ്ടാകുന്ന നിയമപ്രശ്‌നമാണ്‌ ഉദ്യോഗസ്ഥരെ ഇതില്‍ നിന്നു പിന്തിരിപ്പിക്കുന്നത്‌. ഇനി അത്തരം നിയമങ്ങള്‍ തടസമാകില്ലെന്നും എന്തു നിയമപ്രശ്‌നം വന്നാലും സര്‍ക്കാര്‍ അതിനെ നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.