Breaking News

Trending right now:
Description
 
Aug 23, 2016

തെരുവുനായയുടെ കടിയേറ്റ ആള്‍ പേയിളകി മരിച്ചു

image സംസ്ഥാനത്ത്‌ തെരുവുനായയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം വീട്ടമ്മ മരിച്ചതിനു പിന്നാലെ മറ്റൊരാള്‍ പേയിളകി മരിച്ചു. കൊട്ടാരക്കര വേലംകോണം തയ്യില്‍ പുത്തന്‍വീട്ടില്‍ ഉണ്ണിക്കൃഷ്‌ണനാണ്‌ (44) തിങ്കളാഴ്‌ച മരിച്ചത്‌. കടിയേറ്റപ്പോള്‍ ഉണ്ണികൃഷ്‌ണന്‍ ചികിത്സനടത്തിയിരുന്നില്ല. രണ്ടുദിവസം മുമ്പ്‌ പേബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ പ്രവേശിപ്പിച്ചിരുന്ന ഉണ്ണിക്കൃഷ്‌ണന്‍ തിങ്കളാഴ്‌ച ഉച്ചയോടെ മരിച്ചു. തിരുവനന്തപുരം പുല്ലുവിളയിലാണ്‌ കഴിഞ്ഞദിവസം തെരുവുനായ്‌ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച വീട്ടമ്മ കൊല്ലപ്പെട്ടത്‌. വീട്ടമ്മയുടെ മകനെയും നായ്‌ക്കള്‍ ആക്രമിച്ചിരുന്നു. തെരുവുനായക്കളുടെ ആക്രമണത്തില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിരവധിപേരാണ്‌ ചികിത്സയില്‍ കഴിയുന്നത്‌. തിരുവനന്തപുരം പുല്ലുവിളയില്‍ ഇന്നലെ 16 വയസുള്ള വിദ്യാര്‍ഥിനിയെ ഉള്‍പ്പെടെ നാലുപേര്‍ക്കു കടിയേറ്റു. പാലക്കാട്‌ വിവിധ സ്ഥലങ്ങളില്‍ എട്ടുപേര്‍ കടിയേറ്റ്‌ ചികിത്സയിലാണ്‌. പെരിങ്ങോട്ടുകുറുശി തൂവക്കാടിയില്‌ സ്‌കൂള്‍ വിട്ട്‌ വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാര്‍ഥിനികളെ തെരുവുനായ്‌ക്കൂട്ടം ആക്രമിച്ചു. മാനന്തവാടിയില്‍ താലൂക്ക്‌ ഓഫീസിലെ ജീവനക്കാരനും തെരുവുനായയുടെ കടിയേറ്റു. നായ്‌ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റ 14 പേര്‍ ഇന്നലെ ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടിയതായും റിപ്പോര്‍ട്ടുണ്ട്‌.