Breaking News

Trending right now:
Description
 
Aug 22, 2016

കുടിവെള്ളത്തിലെ ക്രോമിയം കണ്ടെത്താനുള്ള ചെലവു കുറഞ്ഞ കിറ്റ് ലഭ്യമാക്കണം: ടി.ആര്‍.എ

image ആലപ്പുഴ: കുടിവെള്ളത്തില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ക്രോമിയം ലോഹം കലര്‍ന്നിട്ടുണ്ടെങ്കില്‍ അത് ലളിതമായ മാര്‍ഗത്തിലൂടെ കണ്ടെത്തുന്നതിനുള്ള ചെലവു കുറഞ്ഞ കിറ്റ് ആലപ്പുഴ പട്ടണത്തില്‍ ലഭ്യമാക്കണമെന്നു മുനിസിപ്പാലിറ്റിയോട് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) അഭ്യര്‍ഥിച്ചു.

ഭാഭ അണുശക്തി ഗവേഷണ കേന്ദ്രം (ബി.എ.ആര്‍.സി) വികസിപ്പിച്ചെടുത്തതാണ് കിറ്റ്. പൈപ്പ് വെള്ളം, നദികള്‍, തടാകങ്ങള്‍ എന്നിവയിലെ ജലം, ഭൂഗര്‍ഭജലം എന്നിവയിലെ ക്രോമിയത്തിന്റെ അളവ് നിറവ്യത്യാസത്തിലൂടെ അഞ്ചു മിനിട്ട് കൊണ്ട് കണ്ടെത്താന്‍ സഹായിക്കുന്നതാണ് ഈ ഉപകരണം. 

നിലവില്‍ ജലത്തിലെ ക്രോമിയം പരിശോധനയ്ക്ക് സാമ്പിള്‍ ഒന്നിന് 100 രൂപ ചെലവു വരുമ്പോള്‍ ബി.ആര്‍.സിയുടെ കിറ്റ് ഉപയോഗിച്ചാല്‍ ഇത് കേവലം 16 രൂപ മാത്രമേ വരികയുള്ളു. കിറ്റിലുള്ള റീ ഏജന്റ് വെള്ളത്തില്‍ ചേര്‍ത്താല്‍ അഞ്ചു മിനിട്ടിനകം ഉണ്ടാകുന്ന നിറവ്യത്യാസത്തിലൂടെ ക്രോമിയത്തിന്റെ അളവ് കണ്ടെത്താം. നിറങ്ങളുടെ താരതമ്യത്തിനുള്ള ചാര്‍ട്ടും കിറ്റില്‍ അടങ്ങിയിട്ടുണ്ട്.

തുകല്‍, ഉരുക്ക്, ക്രോം പ്ലേറ്റിംഗ്, പെയിന്റ് നിര്‍മ്മാണം, തടിയുടെ സംരക്ഷണം എന്നിവയിലാണ് ക്രോമിയം വ്യാപകമായി ഉപയോഗിക്കുന്നത്. ഈ വ്യവസായങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ വെള്ളത്തില്‍ കലരുന്നത് രാജ്യത്ത് വിവിധ ഭാഗങ്ങളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. Cr(VI) അഥവാ ഹെക്‌സാവലന്റ് ക്രോമിയത്തെ കാന്‍സര്‍ ഉണ്ടാക്കുന്ന പദാര്‍ത്ഥങ്ങളുടെ പട്ടികയിലാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ വയറ്റിലെ അള്‍സറിനും വൃക്കകള്‍, കരള്‍ എന്നിവയുടെ തകരാറിനും ഇത് വഴിവയ്ക്കും.

ഇന്ത്യന്‍ നിലവാരം അനുസരിച്ച് കുടിവെള്ളത്തില്‍ ലിറ്റര്‍ ഒന്നിന് 50 മൈക്രോഗ്രാമാണ് പരമാവധി അനുവദനീയമായ ക്രോമിയത്തിന്റെ അളവ്.