Breaking News

Trending right now:
Description
 
Aug 22, 2016

ലോകത്തെ വിസ്‌മയ ഗോപുരം

കാരൂര്‍ സോമന്‍ ചാരുംമൂട്‌
image യാത്രകളെന്നും ഗാഢമായ ആലിംഗനംപോലെ കുളിര്‍മ പകരുന്ന ഒരനുഭവമാണ്‌. മനുഷ്യനെന്നും പുതിയ പുതിയ കാഴ്‌ചകള്‍, മേച്ചില്‍പ്പുറങ്ങള്‍, പുണ്യദേവാലയങ്ങള്‍ കണ്ട്‌ ഒരു തീര്‍ത്ഥാടകനായി മാറുന്നു. അത്‌ സിനിമപോലുള്ള മായാജാലമല്ല അതിലുപരി അരികത്തു നില്‌ക്കുന്ന അതുല്യവും അവര്‍ണ്ണനീയവുമായ അറിവിന്റെ ലോകമാണ്‌. ലോകത്തെ ഏറ്റവും പ്രശസ്‌തമായ വിനോദസഞ്ചാരകേന്ദ്രമാണ്‌ പാരീസ്‌. ഏകദേശം മൂന്നു കോടിയോളം വിനോദസഞ്ചാരികള്‍ ഈ പട്ടണത്തില്‍ എല്ലാ വര്‍ഷവും വന്നു പോകുന്നു. അതിന്റെ പ്രധാന കാരണം പാരീസിന്റെ ഉന്മാദസൗന്ദര്യം മാത്രമല്ല മറിച്ച്‌ സെയിന്‍ നദിക്കരയില്‍ സ്‌നേഹവാത്സല്യത്തോടെ നമ്മെ മാടി വിളിക്കുന്ന യൂറോപ്പിന്റെ അഹംങ്കാരമായ അതിമനോഹര ഈഫല്‍ ഗോപുരവും മനുഷ്യന്റെ എല്ലാ ചിന്താശക്തികളെയും കവര്‍ന്നെടുക്കുന്ന ലുവര്‍ മ്യൂസിയത്തിലെ അതിസുന്ദരിയായ മോണോലിസയുമാണ്‌. സെയിന്‍ നദിയുടെ അക്കരെ ഇക്കരെയായി ഉയര്‍ന്നു നില്‍ക്കുന്ന ദേവാലയങ്ങളും മ്യൂസിയങ്ങളും ആര്‍ട്ട്‌ ഗാലറികളും കൊട്ടാരങ്ങളും എഴുത്തുകാരുടെ അക്കാദമികളുമൊക്കെ കാണേണ്ട കാഴ്‌ചകള്‍ തന്നെയാണ്‌. ഇവിടെയെല്ലാം മിഴികളുയര്‍ത്തി മന്ദഹാസം പൊഴിച്ചുകൊണ്ട്‌ ഹൃദയംഗമായ സ്‌നേഹവായ്‌പോടെ പവിഴച്ചുണ്ടുകളുമായി കാതു കൂര്‍പ്പിച്ചു നില്‍ക്കുന്ന സുന്ദരിമാരെയും കാണാം. അവരണിഞ്ഞ വസ്‌ത്രത്തില്‍ നിന്നു വരുന്ന പാരീസ്‌ സുഗന്ധ അനുരാഗമൊക്കെ പാരീസിനെയാകെ കെട്ടിപ്പുണര്‍ന്ന്‌ കിടക്കണമെന്ന്‌ തോന്നും. എങ്ങും മനുഷ്യമനസ്സിനെ കവര്‍ന്നെടുക്കുന്ന കാഴ്‌ചകള്‍!
ഫ്രാന്‍സിന്റെ ചരിത്രം യൂറോപ്പിന്റെ ചരിത്രം കൂടിയാണ്‌. പ്രകാശ നഗരം എന്ന്‌ പാരീസിനൊരു ചെല്ലപ്പേരുണ്ട്‌. പാരീസ്‌ വെളിച്ചത്തിന്റെ നഗരമാകുന്നത്‌ തെരുവുവിളക്കുകള്‍ ആദ്യം പ്രകാശിപ്പിച്ച നഗരമായതുകൊണ്ടല്ല അതിനെക്കാള്‍ ഒരു സാംസ്‌കാരിക വിപ്ലവ/നവോത്ഥാനത്തിന്‌ തിരികൊളുത്തിയ ആദ്യനഗരമായതുകൊണ്ടാണ്‌. അതിന്റെ പ്രധാന കാരണം ആള്‍ ദൈവങ്ങളില്‍നിന്ന്‌ വളരെ ദൂരെയാണ്‌ ദൈവത്തിന്റെ വാസമെന്നവര്‍ തിരിച്ചറിയുന്നു. അവിടെ സവര്‍ണ്ണരും അവര്‍ണ്ണനുമില്ല. ജാതിമതങ്ങള്‍ അവരെ ഭരിക്കുന്നില്ല. മതത്തിന്‌ വേണ്ടി നിലകൊണ്ടവരെ നാരായണഗുരു പാമരന്മാര്‍ എന്നാണ്‌ വിളിച്ചിരുന്നത്‌. അതിന്റെ അര്‍ത്ഥം അറിവില്ലാത്തവന്‍ എന്നാണ്‌. ഈ അറിവില്ലാത്ത, മതത്തിന്റെ പുകമറക്കുള്ളിലെ മതഭ്രാന്തന്മാര്‍ 2015 ല്‍ പാരീസില്‍ നടത്തിയ മനുഷ്യകുരുതി അതിനുദാഹരണമാണ്‌. മതത്തിന്റെ മേലങ്കിയണിഞ്ഞ്‌ മതവ്യാപാരം നടത്തി മനുഷ്യരെ തമ്മിലടിപ്പിക്കുന്നവരും കൊലപാതകികളും പെരുകികൊണ്ടിരിക്കുന്ന കാലമാണിത്‌. ദൈവം പ്രകാശമാണ്‌. ആ പ്രകാശത്തില്‍ ജീവിക്കുന്നവന്‌ ഒരിക്കലും മതവ്യാപാരം ചെയ്‌വാന്‍ സാധ്യമല്ല. നൂറ്റാണ്ടുകളായി പാരീസില്‍ നടന്നത്‌ മതവ്യാപാരത്തെക്കാള്‍ ആശയങ്ങളുടെ, സാഹിത്യത്തിന്റെ, കലയുടെ, ശാസ്‌ത്രത്തിന്റെ, വിപ്ലവത്തിന്റെ, പുത്തനറിവുകളായിരുന്നു. ആ അറിവിനായി 1200ല്‍ പാരീസില്‍ ആദ്യത്തെ യൂണിവേഴ്‌സിറ്റിയുണ്ടായി. സൊര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ തത്വചിന്തയും, ഗണിതശാസ്‌ത്രവും, ശാസ്‌ത്ര സാഹിത്യവും കലകളും മാത്രമല്ല ലോകത്തിന്റെ ഭൗതിക സംവാദങ്ങള്‍ക്ക്‌ അങ്കം കുറിച്ചുകൊണ്ടുള്ള പണ്‌ഡിതസദസ്സുകളുമുണ്ടായിരുന്നു. 1879ല്‍ നടന്ന രക്തരഹിത വിപ്ലവത്തിന്റെ ഊര്‍ജം ഹൃദയത്തോടു ചേര്‍ത്തു പിടിച്ച്‌ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം മാനവകുലത്തിന്‌ നല്‌കിയത്‌ ഈ വിദ്യാകേന്ദ്രമാണ്‌.
ബ്രിട്ടീഷ്‌ സാമ്രാജ്യത്തെ വെല്ലുവിളിച്ചുകൊണ്ട്‌ 1889ലാണ്‌ ഈ അഭിമാന ഗോപുരമായ ഈഫല്‍ പാരീസിലുയര്‍ന്നത്‌. രണ്ടര വര്‍ഷം കൊണ്ട്‌ നൂറ്റിയമ്പത്‌ തൊഴിലാളികള്‍ രാപകല്‍ കഷ്‌ടപ്പെട്ടാണ്‌ ഈ ഇരുമ്പ്‌ ചട്ടക്കൂട്‌ ആകാശത്തേക്കമര്‍ത്തിയത്‌. 1710 ചവിട്ടുപടികള്‍ കയറിവേണം ഈ ഈഫലിന്റെ മച്ചിലെത്താന്‍. ഇതിന്റെ ആകെ ഭാരം 10,000 ടണ്ണാണ്‌. ഭൂമിയില്‍നിന്ന്‌ 324 മീറ്റര്‍ ഉയരം. മൂന്ന്‌ നിലകള്‍, ഏഴായിരം ടണ്‍ ഇരുമ്പ്‌, വിവിധ തലങ്ങളഇലായി 3 ഫ്‌ളാറ്റ്‌ഫോറങ്ങള്‍. ലോകത്ത്‌ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ കയറിയിറങ്ങുന്ന ഗോപുരമാണിത്‌. എന്‍ജീനിയറിങ്ങില്‍ ഇതിനോട്‌ തുലനം ചെയ്യാന്‍ ലോകത്ത്‌ മറ്റൊരു ഗോപുരമില്ല. അതിനാല്‍ എന്‍ജിനീയറിങ്ങിലെ ഒരു മഹാത്ഭുതം തന്നെയാണിത്‌. 50ഓളം എന്‍ജിനീയര്‍മാര്‍ ഗസ്റ്റേവ്‌ ഈഫലിന്റെ മേല്‍നോട്ടത്തിലാണ്‌ ഇത്‌ നിര്‍മ്മിച്ചത്‌. രാത്രിയില്‍ വൈദ്യുത കാന്തിയില്‍ മിന്നിത്തിളങ്ങുന്ന ഈഫല്‍ ഒരു വിസ്‌മയം തന്നെയാണ്‌. എല്ലാം ദിവസവും അരമണിക്കൂര്‍ ഈഫല്‍ ദീപങ്ങളാല്‍ മുങ്ങികുളിച്ചു നില്‌ക്കും. നിലാവില്‍ കുളിച്ചു നില്‌ക്കുന്ന ഭൂമിയ്‌ക്ക്‌ ഈഫല്‍ ഒരു കുളിരും കുളിര്‍മ്മയുമാണ്‌. ചുറ്റുമുള്ള ജലധാരകളില്‍ വര്‍ണ്ണകുടകള്‍ വിരിഞ്ഞു നില്‌ക്കും. സെയിന്‍ നദിയിലെ ജലതരംഗങ്ങളിലും വിവിധ നിറങ്ങള്‍ വെണ്മ പരത്തി ഒഴുകികൊണ്ടിരിക്കും. സകലര്‍ക്കും ആനന്ദം പകര്‍ന്നുകൊണ്ട്‌ വെളിച്ചത്തിന്റെ നഗരം ദീപാലംകൃതയാകുന്ന നിമിഷങ്ങള്‍. ഇരുട്ടിന്റെ മറവില്‍ ഒളിപപ്പിച്ചുവെച്ച ഒരു വജ്രമാലയില്‍ പ്രകാശം വീണാലെന്നപോലെ ഈഫലില്‍നിന്നുള്ള തൂവെള്ള വെളിച്ചം മിന്നിത്തിളങ്ങുന്നത്‌ ഒരു അപൂര്‍വ്വ ലോക കാഴ്‌ചതന്നെയാണ്‌. നദിക്കരയില്‍ രണ്ട്‌ കാലും വിടര്‍ത്തി നില്‍ക്കുന്ന ഇരുമ്പിന്റെ മാംസള സൗന്ദര്യമുള്ള നീണ്ടു മെലിഞ്ഞ കഴുത്തു നീട്ടിയുള്ള ഒരു പെണ്‍ശരീരമായി ഈഫല്‍ ഗോപുരത്തേ കാണാന്‍ കഴിയും. അവളുടെ നിവര്‍ന്ന കാല്‍ച്ചുവട്ടില്‍ പാരീസ്‌ നഗരം ഒരു ലഹരിയാണ്‌. രാത്രിയായാല്‍ ഈഫല്‍പെണ്ണിന്റെ കാല്‍ച്ചുവട്ടിലേക്ക്‌ പാരീസ്‌ നഗരം ഒഴുകിയെത്തും. അവളുടെ പ്രലോഭന സൗന്ദര്യത്തില്‍ ഏത്‌ ഹൃദയവും നമിച്ചു നില്‍ക്കാറുണ്ട്‌. അധികാരവും കാമവും ഇണചേര്‍ന്നുരുവായ വാസ്‌തുവിദ്യയാണ്‌ ഈഫലിന്റേത്‌. ഒരു നഗരത്തേ മുഴുവന്‍ കാല്‍ച്ചുവട്ടിലാക്കിയുള്ള നില്‌പാണത്‌. ഫ്രാന്‍സിന്റെ ചരിത്രവും അതു തന്നെയാണ്‌. ലോകത്തേ ഏറ്റവും ഉയരംകൂടിയ ഗോപുരമല്ല ഇന്ന്‌ ഈഫല്‍ ടവര്‍. അതിനെക്കാള്‍ പൊക്കമുള്ളത്‌ ഉയര്‍ന്നിട്ടുണ്ടെങ്കിലും ലോകത്തെ ഏറ്റവും പ്രശസ്‌തവും പുരാതനവുമാണ്‌ ഈഫല്‍ ഗോപുരം. 1889 മുതല്‍ 1931 വരെ ലോകത്തേ ഏറ്റവും ഉയരംകൂടിയ മനുഷ്യനിര്‍മ്മിത വസ്‌തു എന്ന ബഹുമതി ഇതിനുണ്ടായിരുന്നു. 1889 ല്‍ ഫ്രഞ്ച്‌ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ നടത്തിയ പ്രദര്‍ശനത്തിലാണ്‌ ഈ ഗോപുരം ഉദ്‌ഘാടനം ചെയ്യപ്പെട്ടത്‌. ഈഫേലിന്റെ മുകളിലെത്തിയാല്‍ നല്ലൊരു ആകാശകാഴ്‌ചയാണ്‌ ദൃശ്യമാകുന്നത്‌. ഈഫേലിന്റെ ഒന്നും രണ്ടും നിലകളില്‍ റസ്റ്റോറന്റുകളും ഒന്നാമത്തെ നിലയില്‍ പോസ്റ്റ്‌ഓഫീസും രണ്ടാമത്തെ തട്ടില്‍ കടകളുമുണ്ട്‌. ഇതിനു മുകളില്‍ കയറാന്‍ ടിക്കറ്റെടുക്കണം. സന്ദര്‍ശകര്‍ക്ക്‌ ടവറിന്റെ മൂന്നു തട്ടുകള്‍ വരെ പ്രവേശിക്കാം. ഗോപുരത്തിന്റെ നാലു കാലുകളില്‍നിന്നും ലിഫ്‌റ്റുകളുണ്ട്‌. ലിഫ്‌റ്റില്‍ ഇരുപത്‌ പേര്‍ക്ക്‌ മാത്രമേ പ്രവേശനമുള്ളൂ. താഴെനിന്ന്‌ മുകളിലേക്ക്‌ നോക്കിയാല്‍ ഇതൊരുലോകാത്ഭുതം തന്നെയാണ്‌.
ഈഫല്‍ ഗോപുരത്തിനെതിരെ ശബ്‌ദമുയര്‍ത്തിയവരില്‍ പ്രമുഖ സാഹിത്യകാരന്‍ മോപ്പസാങ്ങുമുണ്ടായിരുന്നു. ആകാശത്തേക്കുയര്‍ന്ന്‌ നില്‌ക്കുന്ന ഒരസ്ഥിപജ്ഞരമായിട്ടാണ്‌ ഇതിനെ വിശേഷിപ്പിച്ചത്‌. ഇവിടുത്തെ റസ്റ്റോറന്റില്‍ നിന്നായിരുന്നു പലപ്പോഴും അദ്ദേഹം ഉച്ചയ്‌ക്ക്‌ ഭക്ഷണം കഴിച്ചിരുന്നത്‌. എതിര്‍പ്പിനെപ്പറ്റി ഒരാള്‍ ചോദിച്ചപ്പോള്‍ കൊടുത്ത മറുപടി. പാരീസിന്റെ ഏത്‌ കോണില്‍ ചെന്നാലും ഈ അസ്ഥിപജ്ഞരത്ത കാണാന്‍ പറ്റും. മനുഷ്യര്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം വിനിയോഗിക്കേണ്ടത്‌ ഭക്ഷണം കഴിക്കാന്‍ നിവൃത്തിയില്ല. അസ്ഥിപജ്ഞരങ്ങളായി നടക്കുന്നവര്‍ക്ക്‌ ഭക്ഷണം കൊടുക്കുമ്പോഴാണ്‌ സ്വന്തം പ്രതിച്ഛായയുണ്ടാക്കാന്‍ അധികാരവും അജ്ഞതയും കൂട്ടാളികളാകരുത്‌. കാലത്തിനും ചരിത്രത്തിനുമിടയിലുള്ള ഒറ്റവഴിയിലൂടെ സഞ്ചരിക്കുന്നവരാണ്‌ ജ്ഞാനികള്‍. അജ്ഞാനികളാകട്ടെ വഴി മാറി നടന്ന്‌ ആപല്‍ക്കരമായ വഴിയിലൂടെ സഞ്ചരിക്കുന്നു. അതാണ്‌ അന്ധവിശ്വാസങ്ങള്‍ മനുഷ്യനെ മാത്രമല്ല ഈശ്വരനെയും ഭയപ്പെടുത്തുന്നു. ഈഫല്‍ഗോപുരം പോലെ ആകാശത്തേയ്‌ക്ക്‌ ഉയര്‍ത്തേണ്ടത്‌ ജ്ഞാനത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്‌. പാരീസിന്റെ മണ്ണില്‍ നില്‍ക്കുമ്പോള്‍ മനസ്സിലേയ്‌ക്ക്‌ കടന്നു വരുന്നത്‌ ഫ്രാന്‍സിന്റെ ആത്മചിന്തനമാണ്‌. അല്ലാതെ വര്‍ഗ്ഗീയതയും അഴിമതിയും സ്വജനപക്ഷപാതവുമല്ല. പാശ്ചാത്യര്‍ പഠിച്ചു വായിച്ചു വളരുമ്പോള്‍ നമ്മുടെ കുട്ടികള്‍ വായിക്കുന്നുണ്ടോ? അവര്‍ എന്താണ്‌ കണ്ടു പഠിച്ചു വളരുന്നത്‌?