Breaking News

Trending right now:
Description
 
Aug 22, 2016

പെട്രോളിനു ഹെല്‍മറ്റ്: പുനഃപരിശോധനാ ഹര്‍ജിക്കു നിലനില്പ്പില്ലെന്നു മനുഷ്യാവകാശ കമ്മീഷന്‍

image ആലപ്പുഴ/തിരുവനന്തപുരം: ഇരുചക്രവാഹന യാത്രികര്‍ പെട്രോള്‍ നിറയ്ക്കാന്‍ പമ്പില്‍ ചെല്ലുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചിരിക്കണമെന്ന കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശയടങ്ങിയ ഉത്തരവ് നിയമവിരുദ്ധവും മനുഷ്യാവകാശലംഘനവുമായതിനാല്‍ റദ്ദാക്കണമെന്ന ആവശ്യത്തിനു നിലനില്പ്പില്ലെന്നു ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ജെ.ബി.കോശി. കമ്മീഷന്റെ ഉത്തരവു നിയമവിരുദ്ധമാണെന്നു വാദമുണ്ടെങ്കില്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാവുന്നതാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.

തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടാണ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ നിലപാട് വ്യക്തമാക്കിയത്. ഉത്തരവ് നിയമവിരുദ്ധമല്ലെന്നും ജീവിക്കാനുള്ള അവകാശത്തിന്റെ മനുഷ്യാവകാശ സംരക്ഷണമാണ് വിവക്ഷിച്ചതെന്നുമാണ് കമ്മീഷന്റെ നിലപാട്.

ഇരുചക്രവാഹനയാത്രികര്‍ക്ക് ഹെല്‍മറ്റില്ലെങ്കില്‍ പെട്രോള്‍ നല്‌കേണ്ടതില്ലെന്ന ഇന്ധനപമ്പുകാര്‍ക്കുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് മനുഷ്യാവകാശ ലംഘനമാണെന്നു ചുണ്ടിക്കാട്ടിയും ആ ഉത്തരവിനെ ചോദ്യം ചെയ്തും സമര്‍പ്പിച്ചിരുന്ന ഒരു ഹര്‍ജി തള്ളിക്കൊണ്ടുള്ള കമ്മീഷന്റെ ഉത്തരവ്് പുനഃപരിശോധനാവിധേയമാക്കണമെന്നായിരുന്നു ടി.ആര്‍.എയുടെ ആവശ്യം. നിയമപരമായ ബാധ്യത ഉറപ്പാക്കാനുള്ള ശ്രമം എന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍, നിയമം അനുശാസിക്കാത്ത വിധത്തിലുള്ള ഇത്തരം ഉത്തരവുകള്‍ നാട്ടില്‍ അരാജകാവസ്ഥയുണ്ടാക്കാനാണ് സാധ്യതയെന്നു പുനഃപരിശോധനാ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്കു പെട്രോളില്ല എന്ന ഉത്തരവ് ചില പോലീസ് സ്‌റ്റേഷനുകളിലെ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ മേലധികാരികളുടെ അറിവുകൂടാതെ കുറച്ചുകാലം മുന്‍പ് സ്വമേധയാ നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ സംഘര്‍ഷാവസ്ഥയിലേക്കു നയിച്ചിരുന്നു. കമ്മീഷന്റെ ഉത്തരവു വന്നതിനു ശേഷവും ഹെല്‍മറ്റ് വേട്ടയുടെ മറവില്‍ സാധാരണക്കാരെ പോലീസ് ആക്രമിച്ചു ഗുരുതരമായ പരിക്കേല്‍പ്പിക്കുന്ന സ്ഥിതിവിശേഷങ്ങളുണ്ടായി. 

മന്ത്രിസഭയോ വകുപ്പു മന്ത്രിയോ അറിയാതെ ഇത്തരത്തിലുള്ള ഉത്തരവ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുറപ്പെടുവിച്ചത് വിവാദത്തിനു കാരണമായിരുന്നു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ മന്ത്രിസഭ അറിയാതെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിയമവിധേയമല്ലാത്ത ഉത്തരവു പുറപ്പെടുവിച്ചിട്ടുള്ളതെന്ന വാര്‍ത്തയാണ് വിവാദമായത്. ജനരോക്ഷം ഉയര്‍ന്നതിനെത്തുടര്‍ന്നു വിവാദ ഉത്തരവു പുറപ്പെടുവിച്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയെ സ്ഥാനത്തു നിന്നു നീക്കം ചെയ്തു.

റോഡില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ക്കെല്ലാം കാരണം ഇരുചക്രവാഹന ഡ്രൈവര്‍മാരാണെന്ന അടിസ്ഥാനരഹിതമായ മുന്‍വിധിയോടെയുള്ള സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടികള്‍ എല്ലാം തന്നെ മനുഷ്യാവകാശ ലംഘനങ്ങളാണെന്നു പുനഃപരിശോധനാ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആജ്ഞാരൂപത്തിലും നിര്‍ബന്ധിതവുമായി എപ്പോഴും പീഡനത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കേരളത്തിലെ ഏക നിയമമാണ് മോട്ടോര്‍ വാഹന നിയമത്തിലെ ഹെല്‍മറ്റ് വേട്ട വകുപ്പ്. അതിനു റോഡില്‍ ഏതു അതിക്രമവും നടത്താന്‍ പോലീസ് മുന്നിട്ടിറങ്ങുന്നതിനെക്കുറിച്ച് ആവര്‍ത്തിച്ചു വാര്‍ത്തകള്‍ വരാറുണ്ട്. 

പുനഃപരിശോധനാ ഹര്‍ജിയില്‍ എടുത്തുകാട്ടിയിരുന്ന പ്രധാന വസ്തുതകള്‍:

> മോട്ടോര്‍ വാഹന നിയമപ്രകാരം ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് (ഐഎസ്) മുദ്രയുള്ള ഹെല്‍മറ്റു മാത്രമേ ഇരുചക്രവാഹനയാത്രികര്‍ തലയില്‍ ധരിക്കാന്‍ പാടുളളു എന്നതിനാല്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സിന്റെ (ബിസ്) ഐഎസ് 4151 : 2015 ആണ് നിലവില്‍ 'പ്രൊട്ടക്ടീവ് ഹെല്‍മറ്റ്‌സ് ഫോര്‍ മോട്ടോര്‍സൈക്കിള്‍ റൈഡേഴ്‌സി'-ന്റെ സ്‌പെസിഫിക്കേഷന്‍. എന്നാല്‍ രാജ്യത്തെ നിയമം അനുസരിച്ച് പ്രാമാണികമായി മാനദണ്ഡങ്ങള്‍ പ്രകാരം നിലവാരം നിശ്ചയിക്കുകയും അതു ഉറപ്പാക്കുകയും ചെയ്യുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് (ബിസ്) പോലും ഹെല്‍മറ്റ് പരിക്കോ മരണമോ തടയാന്‍ ഉതകുകയില്ലെന്നു മുന്നറിയിപ്പു നല്കിയിട്ടുണ്ട്. 

> ഇരുചക്രവാഹനത്തിലെ രണ്ടു പേരില്‍ ഡ്രൈവറെ മാത്രം നിര്‍ബന്ധപൂര്‍വം ഹെല്‍മറ്റ് ധരിപ്പിക്കാന്‍ ശ്രമിക്കുകയും ധരിക്കാത്തവരെ വഴിയില്‍ തടഞ്ഞു പീഡിപ്പിച്ച് ഉടന്‍ ചോദ്യവും പറച്ചിലുമില്ലാതെ അനുചിതമായ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷവിധിച്ചു പിഴയീടാക്കുകയും ചെയ്യുന്ന പോലീസ്, മോട്ടോര്‍വാഹന വകുപ്പു നടപടി അപലപനീയവും മനുഷ്യാവകാശലംഘനവുമാണ്. ഇരുചക്രവാഹനത്തില്‍ ഇരിക്കുന്ന രണ്ടു പേരില്‍ ഓടിക്കുന്നയാള്‍ മാത്രം ഹെല്‍മറ്റ് ധരിച്ചാല്‍ മതിയെന്നും ചില മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ധരിക്കേണ്ടതില്ലെന്നുമുള്ള അടിസ്ഥാനരഹിതവും പ്രയോജനശൂന്യവും ഉചിതമല്ലാത്തതും പിഴ ഈടാക്കാന്‍ മാത്രവുമുള്ളതായ നിയമം കാട്ടി വഴിയേ പോകുന്നവരെ തികഞ്ഞ ക്രിമിനല്‍ കുറ്റവാളികള്‍ എന്ന പോലെ ഓടിച്ചിട്ടു പിടിച്ചും തലയ്ക്കടിച്ചും എറിഞ്ഞു വീഴ്ത്തിയും കൊല്ലാക്കൊല ചെയ്തും കൊന്നും സ്വമേധയാ പിഴയീടാക്കാന്‍ ശ്രമിക്കുന്നതു ജീവിക്കാനുള്ള അവകാശത്തിന് എതിരും തികഞ്ഞ മനുഷ്യാവകാശ ലംഘനവുമാണ്.

> മറ്റാര്‍ക്കും ശാരീരികമായോ മാനസികമായോ ക്ഷതം (ഹര്‍ട്ട്) ഉണ്ടാക്കാത്ത, ഒരു തരത്തിലും അപകടകാരണങ്ങളല്ലാത്ത, മര്യാദക്കാരുടെ 'കുറ്റകൃത്യ'ങ്ങള്‍ റോഡില്‍ നിന്നു പിടികൂടി ചോദ്യവും പറച്ചിലും സാക്ഷിയുമില്ലാതെ ഉടനടി ശിക്ഷ വിധിച്ചു പിഴ പിരിക്കാന്‍ മാത്രമാണ് പോലീസിന്റെ അതീവ ശ്രദ്ധ. സംസ്ഥാന പോലീസ് മേധാവിയുടെ എല്ലാവിധ ഉത്തരവുകളും സദാ ലംഘിച്ച് ഇടുങ്ങിയ റോഡിലും വളവിലും റോഡിന്റെ എതിര്‍വശത്തു നിന്നും മുന്‍കൂട്ടി അറിയിപ്പു നല്കാതെ 'പെറ്റി ക്രിമിനലുകളെ' മാത്രം ചാടിപ്പിടികൂടിക്കൊണ്ടിരിക്കുന്നതു തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്. 

> ഇന്ധനമായ പെട്രോള്‍ ഉള്‍പ്പെടുന്ന 'പെട്രോളിയവും പെട്രോളിയം ഉത്പന്നങ്ങളും' എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട്, 1955-ന്റെ പരിധിയില്‍പ്പെടുന്നതാണ്. ജനങ്ങളുടെ സാധാരണ ജീവിതം തടസ്സപ്പെടുത്താതിരിക്കാനും പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാനുമാണ് അത്യാവശ്യവസ്തു നിയമം. അത്യാവശ്യ വസ്തുക്കള്‍ യഥേഷ്ടം ലഭ്യമാക്കാനും ക്രയവസ്തുക്കള്‍ വിതരണം ചെയ്യിക്കാനുമുള്ള ചുമതല സര്‍ക്കാരിനുണ്ട്. അതുതടയുന്ന എന്തു നടപടികളും അനാവശ്യ നിബന്ധനകളും നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. വിവിധ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ചു ആവശ്യവസ്തുക്കളുടെ കച്ചവടം നടത്തിക്കാതിരിക്കാനാകില്ല.

> ഡ്രൈവര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ നൂറു രൂപയാണ് നിയമ പ്രകാരം പിഴയെന്നിരിക്കെ വഴിയില്‍ നിന്നു മുന്നൂറിലേറെയും സ്റ്റേഷനില്‍ ചെന്ന് അടച്ചാല്‍ അഞ്ഞുറിലേറെ രൂപയും കോടതിയിലേക്കു വിട്ടാല്‍ ചെയ്യാത്ത കുറ്റങ്ങളും കൂട്ടിച്ചേര്‍ത്തു ആയിരത്തിലേറെ രൂപയുമാക്കുന്ന അതിക്രമത്തെക്കുറിച്ചു പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. അപ്പോള്‍ സുരക്ഷയല്ല സര്‍ക്കാരിന്റെ ഖജനാവിലേക്കുള്ള പിരിവു മാത്രമാണ് ലക്ഷ്യമെന്നും വ്യക്തമാകും. ഹെല്‍മറ്റ് കേസില്‍ പോലീസ് മാത്രം പരാതിക്കാരനും സാക്ഷിയുമാകുന്നതാണ് പകല്‍ക്കൊള്ളയ്ക്കും നീതിനിഷേധത്തിനും കാരണം. ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല എന്ന നയം നടപ്പിലാക്കിയാല്‍ പിഴപ്പിരിവും കൈക്കൂലിയും ക്രമാതീതമായി വര്‍ധിക്കും.

> ഒന്നര കിലോഗ്രാമില്‍ കൂടുതല്‍ തൂക്കമുള്ളതും നിലവാരമില്ലാത്തതുമായ ഹെല്‍മറ്റ് തലയില്‍ വച്ചാല്‍ എല്ലാം സുരക്ഷിതമാകുമെന്നും മരണത്തില്‍ നിന്നു രക്ഷപ്പെടുമെന്നുമുള്ള രീതിയിലുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രചാരണം അസംബന്ധ നിയമത്തിന്റെ പേരിലാണ്. ഹെല്‍മറ്റ് വച്ചിട്ടും അപകടത്തില്‍ മരിക്കുന്നവരെക്കുറിച്ചുള്ള യഥാര്‍ഥ കണക്കുകള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ല. ഹെല്‍മറ്റ് ധരിച്ചു മരിക്കുന്നവരുടെ ഹെല്‍മറ്റ് അപകടസ്ഥലത്തു നിന്നു മാറ്റി തെറ്റിദ്ധരിപ്പിക്കുന്ന പോലീസിന്റെ കുത്സിത ഏര്‍പ്പാടുകളും റിപ്പോര്‍ട്ടു ചെയ്യപ്പെടാറുണ്ട്. തലപൊട്ടിയില്ലെങ്കിലും തലയിലെ ഭാരം കാരണം വീഴ്ചയില്‍ സുക്ഷുമ്‌നാനാഡി തകരുന്നതായും മറ്റുമുള്ള അനുഭവങ്ങള്‍ ഏറെയുണ്ട്. ഹെല്‍മറ്റ് ഊരിയെടുക്കാനുള്ള കാലതാമസം അപകടത്തില്‍പ്പെട്ടവരെ പലപ്പോഴും മരണത്തിലേക്കു നയിക്കാറുമുണ്ട്.

> നിയമപ്രകാരം ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റേ ഉപയോഗിക്കാനാകൂ. അല്ലാത്ത ഒന്നും വില്ക്കാന്‍ അനുവദിക്കേണ്ട കാര്യമില്ല. മരണമോ പരിക്കോ ഹെല്‍മറ്റ് തടയില്ലെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിയമം നിയമത്തിന്റെ വഴിക്കു പോയിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാല്‍ തന്നെയും നിര്‍മാണ കമ്പനികള്‍ക്കു നിര്‍ദേശിക്കപ്പെട്ട മാനദണ്ഡങ്ങള്‍ പാലിച്ചാണോ ഹെല്‍മറ്റുകള്‍ നിര്‍മ്മിച്ചു വിപണിയില്‍ വില്ക്കുന്നതെന്നു പരിശോധിക്കാന്‍ സര്‍ക്കാരിനോ ഉപയോക്താക്കള്‍ക്കോ യാതൊരു സംവിധാനവുമില്ല. ചൈനയില്‍ പോലും ഹെല്‍മറ്റ് നിര്‍മിക്കാന്‍ ലൈസന്‍സ് നല്കിയിട്ടുണ്ട്. നിലത്തു വീഴുന്ന ഹെല്‍മറ്റുകള്‍ പൊട്ടിച്ചിതറുന്നതും വൈസര്‍ പൊട്ടി അതു കുത്തി കണ്ണിനുള്‍പ്പടെ മുറിവുകളുണ്ടാകുന്നതും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെയുണ്ടാകുന്ന മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും ആര്‍ക്കും കണക്കോ രേഖയോ ഇല്ലതാനും. എല്ലാ ഉത്പന്നങ്ങള്‍ക്കും കാലാവധിയാകല്‍ (എക്‌സ്‌പൈറി) ഉള്ളതുപോലെ ഹെല്‍മറ്റിനും ഉണ്ടെന്നുള്ള കാര്യം ഉപയോഗിക്കുന്നവരും നിയമപാലകരും കണക്കിലെടുക്കുന്നില്ല.

> ഗുണനിലവാര സ്റ്റിക്കര്‍ ആര്‍ക്കും ഒട്ടിച്ചുവിടാമെന്ന നിലയാണിപ്പോള്‍. വിപണിയിലുള്ള ഹെല്‍മറ്റുകളില്‍ ഭൂരിഭാഗവും മാനദണ്ഡങ്ങള്‍ പാലിക്കാത്തതും വ്യാജവുമാണെന്നു സര്‍ക്കാരിനു ഒഴികെ ആര്‍ക്കും സംശയമില്ല. നിലവാരം പാലിക്കാത്ത വ്യാജഹെല്‍മറ്റുകള്‍ എല്ലാം പിടിച്ചെടുത്തു പൊതുജനമധ്യേയിട്ടു നശിപ്പിക്കണം എന്ന ആവശ്യം മൂന്നു പതിറ്റാണ്ടായി അധികൃതര്‍ മുമ്പാകെ രേഖാമൂലം ആവര്‍ത്തിച്ചു ഉന്നയിച്ചിട്ടും ഇക്കാലത്തിനിടയിയില്‍ ഒരു നടപടിയുമുണ്ടായിട്ടില്ല. കോടതികളും ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല.