Aug 22, 2016
ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലും: മന്ത്രി ജലീല്‍; ഇന്ന് അടിയന്തരയോഗം
തെരുവുനായ്ക്കളുടെ അക്രമം തടയാന്‍ സര്‍ക്കാര്‍ കര്‍ശന
നടപടിയ്ക്കൊരുങ്ങുന്നു. ആക്രമണം നടത്തുന്ന തെരുവുനായ്ക്കളെ
കൊല്ലുകതന്നെചെയ്യമെന്നു തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി.ജലീല്‍
വ്യക്തമാക്കി. അതേസമയം, തെരുവുനായ പ്രശ്നം ചര്‍ച്ച ചെയ്യാന്‍
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നു ഉന്നതതലയോഗം ചേരും. മൂന്നുമണിക്ക്
തിരുവനന്തപുരം സെക്രട്ടറിയേറ്റിലാണ് അടിയന്തരയോഗം. മനുഷ്യരുടെ ജീവനാണ്
പ്രധാനം. ആക്രമണവും ഭീഷണിയും ഉയര്‍ത്തുന്ന നായ്ക്കളെ കൊല്ലുന്നതില്‍
തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും യാതൊരു വിട്ടുവീഴ്ചയും
ചെയ്യേണ്ടതില്ല. നായ്ക്കളെ വന്ധ്യംകരിക്കുന്നതില്‍ തദ്ദേശ
സ്ഥാപനങ്ങള്‍ക്ക് പണം അനുവദിക്കുന്നുണ്ട്. എന്നാല്‍ വന്ധ്യംകരണം
ഫലപ്രദമല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മൃഗസ്നേഹികളെന്നും
പ്രകൃതിസ്നേഹികളെന്നും അവകാശപ്പെട്ട് ഇറങ്ങുന്നവര്‍ യഥാര്‍ഥ
മൃഗസ്നേഹികളല്ല. സമൂഹത്തില്‍ നന്മയുണ്ടാകണമെന്നു അവര്‍ക്ക്
താല്പര്യമില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം തിരുവനന്തപുരം
പുല്ലുവിളയില്‍ വീട്ടമ്മയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നതിന്റെ
പശ്ചാത്തലത്തിലാണ് മന്ത്രിതലത്തിലുള്ള പുതിയ നീക്കം. ഞായറാഴ്ച
രാത്രിയിലും പുല്ലുവിള ഭാഗത്ത് രണ്ടുപേര്‍ക്ക് തെരുവുനായ്ക്കളുടെ
കടിയേറ്റിരുന്നു. അതേസമയം, തെരുവുനായ്ക്കളെ കൊല്ലുന്നതുകൊണ്ട്
കേരളത്തില്‍ നായ്ക്കള്‍ കുറയുന്നില്ലെന്ന അഭിപ്രായമാണ് കേന്ദ്ര ശിശുവികസന
വകുപ്പുമന്ത്രി മേനക ഗാന്ധിക്കുള്ളത്. 60 വര്‍ഷമായി നായ്ക്കളെ
കൊന്നൊടുക്കിവന്ന സംസ്ഥാനമാണ് കേരളം. മറ്റൊരു സംസ്ഥാനവും ഇതുപോലെ
ദയയില്ലാക്കൊല നടത്തിയിട്ടില്ലെന്നും മേനക ചൂണ്ടിക്കാട്ടി.