Breaking News

Trending right now:
Description
 
Aug 22, 2016

സര്‍വീസ്‌ പിസ്റ്റളില്‍നിന്ന്‌ അബദ്ധത്തില്‍ വെടിപൊട്ടി; പൊലീസ്‌ ഉദ്യോഗസ്ഥന്‍ മരിച്ചു

image കൊച്ചിയില്‍ പെട്രോളിങ്‌ ഡ്യൂട്ടിക്കു ജീപ്പില്‍ സഞ്ചരിക്കവേ കൈവശമുണ്ടായിരുന്ന സര്‍വീസ്‌ പിസ്റ്റളില്‍നിന്ന്‌ വെടിയേറ്റു തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിലെ അസിസ്റ്റന്റ്‌ കമന്‍ഡാന്റ്‌ കോട്ടയം ചിങ്ങവനം നെല്ലിക്കല്‍ കുലച്ചാങ്കല്‍ സാബു മാത്യു(55) മരിച്ചു. ഞായറാഴ്‌ച പുലര്‍ച്ചെ ഒന്നേമുക്കാലോടെ കാക്കനാടിനു സമീപം വാഴക്കാലയിലാണു സംഭവം. നഗരത്തിലും പരിസര പ്രദേശങ്ങളിലും രാത്രി ജോലിക്കു നിയോഗിച്ചിരിക്കുന്ന പോലീസ്‌ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം നിരീക്ഷിക്കുന്നതിനു ചുമതലപ്പെട്ടയാളായിരുന്നു സാബു. തൃക്കാക്കര ഭാഗത്തെ പട്രോളിംഗ്‌ കഴിഞ്ഞു മടങ്ങുമ്പോഴാണു സംഭവം. പൊലീസ്‌ ജീപ്പിന്റെ നടുവിലെ സീറ്റിലായിരുന്നു സാബു. ഇദ്ദേഹത്തെ കൂടാതെ ഡ്രൈവറും മറ്റൊരു പൊലീസ്‌ ഉദ്യോഗസ്ഥനും മാത്രമേ ജീപ്പിലുണ്ടയിരുന്നുള്ളൂ. ഇവര്‍ മുന്‍സീറ്റിലായിരുന്നു. ഒന്നരയോടെ വാഴക്കാലയിലെ പാര്‍ക്കിംഗ്‌ ഏരിയയിലേക്കു ജീപ്പ്‌ കയറ്റുമ്പോഴാണു വെടിയേറ്റത്‌. സാബുവിന്റെ വയറിനും നെഞ്ചിനും ഇടയിലായാണു പിസ്റ്റളില്‍നിന്നു വെടിയേറ്റത്‌. ഉടന്‍തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. അബദ്ധത്തില്‍ സംഭവിച്ചതാണോ, ആത്മഹത്യയാണോ എന്നു വിദഗ്‌ധ പരിശോധനയ്‌ക്കു ശേഷമേ പറയാനാകുവെന്നു പൊലീസ്‌ വ്യക്തമാക്കി. അസ്വഭാവിക മരണത്തിന്‌ പൊലീസ്‌ കേസെടുത്തു. അന്വേഷണത്തിന്‌ തൃക്കാക്കര അസിസ്റ്റന്റ്‌ കമ്മിഷണര്‍ എം.ബി. നോയിയെ ചുമതലപ്പെടുത്തി. കഴിഞ്ഞ എട്ടു വര്‍ഷമായി തൃപ്പൂണിത്തുറ എആര്‍ ക്യാമ്പില്‍ ജോലി ചെയ്‌തുവരികയായിരുന്നു സാബു. ഭാര്യയും നാലുമക്കളുമുണ്ട്‌.