Breaking News

Trending right now:
Description
 
Aug 20, 2016

സര്‍ക്കാരിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന്‌ എക്‌സൈസ്‌ മന്ത്രി

image എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ നയത്തില്‍നിന്ന്‌ വ്യത്യാസമുള്ളതായിരിക്കും ഇതെന്നു എക്‌സൈസ്‌ മന്ത്രി ടി.പി.രാമകൃഷ്‌ണന്‍ വ്യക്തമാക്കി. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ ഉള്ളവരുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തുകയാണ്‌. ടൂറിസം മേഖലയിലെ പ്രതിസന്ധി സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്‌. അതുകൊണ്ടുതന്നെ നിലവിലെ മദ്യനയത്തില്‍ മാറ്റമുണ്ടാകും. ഒക്ടോബര്‍ രണ്ടിന്‌ വിദേശമദ്യ ചില്ലറവില്‍പ്പനശാലകള്‍ പൂട്ടില്ലെന്ന സൂചനയും മന്ത്രി നല്‍കി. ബാറുകള്‍ പൂട്ടിയശേഷം ടൂറിസം മേഖലയിലുണ്ടായ തളര്‍ച്ച ചൂണ്ടിക്കാട്ടിയാണ്‌ മദ്യനയം തിരുത്തണമെന്ന ആവശ്യം ടൂറിസം വകുപ്പ്‌ മുന്നോട്ടുവച്ചിട്ടുണ്ട്‌. ഇതുസംബന്ധിച്ച്‌ ടൂറിസം വകുപ്പ്‌ സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെ പഠനം നടത്തിയിരുന്നു. തുടര്‍ന്നാണ്‌ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ബാറുകളുടെയും ബിയര്‍ പാര്‍ലറുകളുടെയും പ്രവര്‍ത്തനം അര്‍ധരാത്രിവരെ നീട്ടണമെന്നാണ്‌ ടൂറിസം വകുപ്പിന്റെ ആവശ്യം. നിലവില്‍ രാത്രി പത്തുമണിവരെയാണ്‌ ഇവയുടെ പ്രവര്‍ത്തനം. സംസ്ഥാനതലത്തില്‍ നടത്തിയ പഠനത്തിന്റെ പശ്ചാത്തലത്തില്‍ ബാറുകള്‍ തുറക്കണമെന്ന ശുപാര്‍ശ പ്രിന്‍സിപ്പല്‍ സെക്രട്ടറി എക്‌സൈസ്‌ മന്ത്രിക്ക്‌ നല്‍കിയിട്ടുണ്ട്‌.