Aug 20, 2016
കുഞ്ഞിന്റെ തൊണ്ടയില്‍ കുരുങ്ങിയ സേഫ്റ്റിപിന്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ കുരുങ്ങിയ സേഫ്റ്റിപിന്‍
ഒമ്പതുദിവസത്തിനുശേഷം കോട്ടയം മെഡിക്കല്‍കോളജ് കുട്ടികളുടെ ആശുപത്രിയില്‍
ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കഴിഞ്ഞ 10നാണ് വൈക്കം കുലശേഖരമംഗലം
സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് സേഫ്റ്റിപിന്‍ വിഴുങ്ങിയത്. അമ്മയുടെ
കഴുത്തില്‍ കിടന്നിരുന്ന മാലയില്‍ കോര്‍ത്തിരുന്ന സേഫ്റ്റി പിന്
മുലയൂട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ കുഞ്ഞിന്റെ തൊണ്ടയില്‍
കുടുങ്ങുകയായിരുന്നു. പിന് തൊണ്ടയിലൂടെ അന്നനാളത്തിലേക്ക് ഇറങ്ങിയതിനെ
തുടര്‍ന്ന് കുഞ്ഞ് അസ്വസ്ഥതകാട്ടി. ഇതോടെ ആശുപത്രിയില്‍
എത്തിക്കുകയായിരുന്നു. തുറന്നനിലയിലുള്ള പിന് പ്രത്യേക ഉപകരണം ഉപയോഗിച്ച്
തൊണ്ടയിലൂടെ പുറത്തെടുക്കാന്‍ ശ്രമിച്ചാല്‍ അന്നനാളം കീറി അപകടമുണ്ടാകാന്‍
സാധ്യതയുണ്ടെന്ന് ബോധ്യമായതിനാല്‍ ആശ്രമം ഡോക്ടര്‍മാര്‍ ഉപേക്ഷിച്ചു.
ദിവസങ്ങളുടെ കാത്തിരിപ്പിനുശേഷം പിന് ആമാശയത്തിലെത്തി. അന്നനാളത്തിലും
ആമാശയത്തിലും എത്തിച്ചത് പുഷിംഗിലൂടെയായിരുന്നു. പിന് ആമാശയത്തില്‍
എത്തിയതിനെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. ഒരുമണിക്കൂര്‍ നീണ്ടുനിന്ന
ശസ്ത്രക്രിയയിലൂടെയാണ് പിന് പുറത്തെടുത്തത്. ഏതാനും ദിവസത്തിനുള്ളില്‍
കുഞ്ഞിന് ആശുപത്രി വിടാനാകുമെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി.