Breaking News

Trending right now:
Description
 
Aug 19, 2016

സോളാര്‍ കേസ്‌: ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്‌തരിക്കും

image മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ 21 പേരെ വീണ്ടും വിസ്‌തരിക്കാന്‍ സോളാര്‍ കേസ്‌ അന്വേഷിക്കുന്ന ജുഡീഷല്‍ കമ്മീഷന്‍ ജസ്റ്റീസ്‌ ജി. ശിവരാജന്‍ ഉത്തരവിട്ടു. വിസ്‌തരിക്കുന്ന തീയതി കമ്മീഷന്‍ പിന്നീട്‌ പ്രഖ്യാപിക്കും. ജനുവരി 25ന്‌ ഉമ്മന്‍ചാണ്ടിയെ കമ്മീഷന്‍ വിസ്‌തരിച്ചശേഷം സരിത എസ്‌. നായര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിസ്‌തരിക്കുന്നത്‌. മൊത്തം 49 പേരെയാണ്‌ ഈ ഘട്ടത്തില്‍ വിസ്‌തരിക്കുക. ഉമ്മന്‍ ചാണ്ടിക്കു പുറമെ സരിത എസ്‌.നായര്‍, ജിക്കുമോന്‍ ജേക്കബ്‌, സലിംരാജ്‌, പി.സി. ജോര്‍ജ്‌, ടീം സോളാര്‍ മുന്‍ ജീവനക്കാരി ജിഷ, അനര്‍ട്ട്‌ ഉദ്യോഗസ്ഥന്‍ അനീഷ്‌ എസ്‌.പ്രസാദ്‌, ഏബ്രഹാം കലമണ്ണില്‍, മല്ലേലില്‍ ശ്രീധരന്‍നായര്‍, തോമസ്‌ കുരുവിള, എഡിജിപി എ. ഹേമചന്ദ്രന്‍, ഡിവൈഎസ്‌പി ബിജോ അലക്‌സാണ്ടര്‍, വനിതാ സിപിഒ ഷീജദാസ്‌, ഡിവൈഎസ്‌പി പ്രസന്നന്‍ നായര്‍ തുടങ്ങിയവരെയാണ്‌ വീണ്ടും വിസ്‌തരിക്കുക. കമ്മിഷന്‍ അഭിഭാഷകന്റെയും കക്ഷി ചേര്‍ന്നവരുടെയും അഭിപ്രായങ്ങള്‍ മാനിച്ചും ചില കാര്യങ്ങളില്‍ ഉമ്മന്‍ചാണ്ടിയില്‍നിന്നു കൂടുതല്‍ വ്യക്തത ആവശ്യമുള്ളതിനാലുമാണ്‌ വീണ്ടും വിസ്‌തരിക്കുന്നതെന്നു കമ്മീഷന്‍ വ്യക്തമാക്കി.

യുഡിഎഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചന്‍, മുന്‍ മന്ത്രി കെ ബാബു, ഉമ്മന്‍ചാണ്ടിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി വാസുദേവശര്‍മ, മുന്‍ അഡീഷനല്‍ പ്രൈവറ്റ്‌ സെക്രട്ടറി ആര്‍.കെ ബാലകൃഷ്‌ണന്‍, ഗണ്‍മാന്‍മാരായിരുന്ന പ്രദീപ്‌, രവി, മുന്‍ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സുരേന്ദ്രന്‍, മുന്‍ എംഎല്‍എ ബാബു പ്രസാദ്‌, കോട്ടയം ഡിസിസി അംഗം തോമസ്‌ കൊണ്ടോട്ടി, ഡിവൈഎസ്‌പിമാരായ മുഹമ്മദ്‌ ഷാഫി, റെജി ജേക്കബ്‌, ജോസഫ്‌, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ സ്‌പെഷല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന പി.ആര്‍. രാമചന്ദ്രന്‍ നായര്‍, ഡല്‍ഹിയില്‍ തോമസ്‌ കുരുവിളയ്‌ക്കുപണം കൈമാറിയതായി ആരോപിക്കപ്പെട്ട ധീരജ്‌, കോട്ടയം, ആലപ്പുഴ ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവരെ പുതുതായി വിസ്‌തരിക്കും. സേളാര്‍ കമ്മിഷന്‍ ആവശ്യപ്പെട്ട ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ഉടന്‍ ലഭ്യമാക്കുന്നതിനു സാങ്കേതിക തടസമുണ്ടെന്നു മൊബൈല്‍ സേവനദാതാവായ വോഡഫോണ്‍ കമ്മീഷനെ അറിയിച്ചിട്ടുണ്ട്‌.